- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിന്‍ഡേയെ തകര്‍ക്കുമോ 'മകനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള' മോഹം! കണ്‍വീനര്‍ സ്ഥാനവും ശ്രീകാന്ത് ഷിന്‍ഡെയ്ക്ക് ഉപമുഖ്യമന്ത്രിപദവുമെന്ന ഏകനാഥിന്റെ ആവശ്യം അംഗീകരിക്കും; ഫഡ്നാവീസ് മുഖ്യമന്ത്രിയാകും; ശിവസേനയ്ക്ക് വഴങ്ങുന്നത് കേന്ദ്രത്തിലെ ഭൂരിപക്ഷക്കുറവ് കാരണം; ഉദ്ദവ് എത്തിയാല്‍ ചിത്രം മാറും; മഹാരാഷ്ട്രയില്‍ ഫഡ്നാവീസ് മുഖ്യമന്ത്രിയാകും
മുംബൈ: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവീസ് മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനത്തിന് പകരമായി മഹായുതി കണ്‍വീനര്‍ സ്ഥാനം ഏകനാഥ് ഷിന്‍ഡെ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം കല്യാണില്‍ നിന്നുള്ള എംപിയായ മകന്‍ ശ്രീകാന്ത് ഷിന്‍ഡെയെക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും ഷിന്‍ഡെ ചോദിച്ചുവെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ബിജെപി നേതൃത്വവും എന്‍സിപിയും ആര്‍എസ്എസും ഈ നിര്‍ദേശത്തെ പിന്തുണക്കും. ഏഴു ലോക്‌സഭാ എംപിമാര്‍ ശിവസേനയ്ക്കുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനം. ഏകനാഥ് ഷിന്‍ഡ് കേന്ദ്രമന്ത്രിയാകാനും സാധ്യതയുണ്ട്. വാംഖഡെ സ്റ്റേഡിയത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ ഫ്ഡനാവീസിന്റെ സത്യപ്രതിജ്ഞയുണ്ടായേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിനെത്തും.
ഷിന്‍ഡേയ്ക്ക് കേന്ദ്രമന്ത്രി പദം അല്ലെങ്കില്‍ ഉപമുഖ്യമന്ത്രി സ്ഥാനം രണ്ടിലൊന്നാണ് ബിജെപി വാഗ്ദാനം ചെയ്തത്. എന്നാല്‍ ഇതിന് ഷിന്‍ഡെ വഴങ്ങിയില്ല. മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന്റെ വന്‍ വിജയത്തിനു പിന്നില്‍ താന്‍ നടത്തിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളാണെന്ന് ഷിന്‍ഡെ അവകാശപ്പെട്ടിരുന്നു. എന്‍.സി.പി എംഎല്‍എമാരുടെ യോഗം അജിത് പവാറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. പ്രതിപക്ഷത്തെ ഒരു കക്ഷിക്കും മൊത്തം സീറ്റുകളുടെ പത്തില്‍ ഒന്നുപോലും ലഭിക്കാത്തതിനാല്‍ പ്രതിപക്ഷ നേതാവില്ലാത്ത നിയമസഭയായിരിക്കും മഹാരാഷ്ട്രയിലേത്. നേതൃസ്ഥാനം അവകാശപ്പെടാന്‍ 29 സീറ്റ് വേണമെന്നിരിക്കെ പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ശിവസേന ഉദ്ധവ് വിഭാഗത്തിന് 20 സീറ്റ് മാത്രമാണുള്ളത്.
288 അംഗ നിയമസഭയില്‍ മഹായുതി സഖ്യം 236 സീറ്റുകള്‍ നേടി. ബിജെപി 132 ഉം ശിവസേന ഷിന്‍ഡേ വിഭാഗം 57 ഉം സീറ്റുകളാണ് സ്വന്തമാക്കിയത്. എന്‍സിപി അജിത് വിഭാഗം 41 സീറ്റും നേടി. പ്രതിപക്ഷത്തുള്ള ശിവസേന ഉദ്ധവ് വിഭാഗം ഉള്‍പ്പെട്ട മഹാ വികാസ് അഖാഡി 48 സീറ്റുകളിലൊതുങ്ങി. അതിനിടെ ഉദ്ദവ് താക്കറെയെ അടുപ്പിക്കണമെന്ന ആഗ്രഹം ആര്‍ എസ് എസിനുണ്ട്. ഇതിനുളള ചരടു വലികളും സജീവമാണ്. അങ്ങനെ വന്നാല്‍ ഷിന്‍ഡേയ്ക്കുള്ള സമ്മര്‍ദ്ദക്കരുത്ത് കൂടും. 9 എംപിമാര്‍ താക്കറെയ്ക്ക് ലോക്‌സഭയിലുണ്ട്. അതുകൊണ്ട് തന്നെ ഷിന്‍ഡെ പാലം വലിച്ചാലും ബിജെപിയുടെ കേന്ദ്ര സര്‍ക്കാരിന് പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള കരുത്തും കൂടും. ഏതായാലും ഈ സാഹചര്യത്തില്‍ ഷിന്‍ഡെയെ പിണക്കില്ല.
288 അംഗ സഭയില്‍ 145പേരുണ്ടെങ്കില്‍ ഭൂരിപക്ഷമാകും. അജിത് വിഭാഗത്തിന്റെ പിന്തുണയുള്ളതുകൊണ്ട് തന്നെ ഷിന്‍ഡേ പിണങ്ങിയാലും ബിജെപിക്ക് മഹാരാഷ്ട്ര ഭരിക്കാം. എന്നാല്‍ കേന്ദ്രത്തില്‍ ബിജെപിക്ക് ഭൂരിപക്ഷമില്ലാത്തതാണ് പ്രതിസന്ധി. അതുകൊണ്ട് മാത്രമാണ് ഷിന്‍ഡെയുടെ സമ്മര്‍ദ്ദത്തിന് ബിജെപി വഴങ്ങുന്നത്. ഫലത്തില്‍ മകനെ ഉപമുഖ്യമന്ത്രിയാക്കുന്ന ഷിന്‍ഡെ തന്റെ പാര്‍ട്ടിയിലും കുടുംബാധിപത്യം കൊണ്ടു വരികയാണ്. ഇത് ഷിന്‍ഡേ പാര്‍ട്ടിയിലും ഭാവിയില്‍ പ്രശ്‌നമാകാന്‍ സാധ്യത ഏറെയാണ്. ഇതെല്ലാം മുതലെടുക്കാനും ബിജെപി ശ്രമിച്ചേക്കും. ഉദ്ദവ് താക്കറെയെ നേരിട്ട് ആര്‍ എസ് എസ് തന്നെ ബന്ധപ്പെടുമെന്നും സൂചനയുണ്ട്. ബിജെപിക്കൊപ്പവും പരിവാറിനൊപ്പവും താക്കറെ വേണമെന്നാണ് ആര്‍ എസ് എസ് നിലപാട്.
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലും 'ആര്‍ എസ് എസ്' ഇഫക്ടുണ്ടാകന്നുണ്ട്. മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തിന്റെ സമ്പൂര്‍ണ്ണ വിജയത്തിന് പിന്നില്‍ നാഗ്പൂര്‍ ഇടപെടല്‍ വ്യക്തമാണ്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ ചടുലമായ നീക്കമാണ് പ്രചരണത്തില്‍ ആര്‍ എസ് എസിനെ സജീവമാക്കിയത്. അടുത്ത കാലത്ത് നിരവധി തവണയാണ് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവതിനെ ഫഡ്നാവീസ് നേരിട്ട് കണ്ടത്. ഈ കൂടിക്കാഴ്ചകളാണ് വിജയത്തില്‍ നിര്‍ണ്ണായകമായത്. മോദി പ്രഭാവത്തിനപ്പുറം ഹൈന്ദവ വോട്ട് ഏകീകരണത്തില്‍ ശ്രദ്ധിക്കണമെന്ന ഉപദേശം ഫഡ്നാവീസിന് നാഗ്പൂര്‍ നല്‍കി. ഇത് വിജയമന്ത്രമായി. നിലവിലെ സാഹചര്യത്തില്‍ ഫഡ്നാവീസ് മുഖ്യമന്ത്രിയാകട്ടേ എന്നതാണ് ആര്‍ എസ് എസ് നിലപാട് എന്നാണ് സൂചന.
ഫഡ്നാവീസും ആര്‍ എസ് എസും തമ്മില്‍ അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ആര്‍ എസ് എസിന് ഏറെ താല്‍പ്പര്യമുള്ള ഉദ്ദവ് താക്കറയുടെ ശിവസേനയെ ബിജെപി മുന്നണിയില്‍ നിന്ന് അകറ്റിയത് ഫ്ഡനാവീസ് ആണെന്നായിരുന്നു ആര്‍ എസ് എസ് തുടക്കത്തില്‍ വിലയിരുത്തിയത്. ഫഡ്നാവീസിന്റെ ഏകപക്ഷീയ നിലപാടുകളിലും എതിര്‍പ്പുണ്ടായി. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയെ ഫഡ്നാവീസ് അവഗണിക്കുന്നതും അംഗീകരിച്ചിരുന്നില്ല. ഇതെല്ലാം ആര്‍ എസ് എസിനെ ചൊടിപ്പിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അത് തിരിച്ചടിയായി മാറി. ഇതോടെ ഫഡ്നാവീസ് തിരുത്തലുകള്‍ക്ക് ഇറങ്ങി. നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്തേക്ക് നിരന്തരം എത്തി. മഹായുതി സഖ്യ ചര്‍ച്ചകളില്‍ കരുതല്‍ കാട്ടി. വിവാദങ്ങളില്‍ നിന്നും പരമാവധി അകന്നു. ഒരു ഘട്ടത്തില്‍ ഉപമുഖ്യമന്ത്രി പദം ഒഴിയാമെന്നും അറിയിച്ചിരുന്നു. പിന്നാലെ ആര്‍ എസ് എസും അയഞ്ഞു.
ശിവസേന ഉദ്ദവ് താക്കറെ പക്ഷത്തെ ബിജെപിയില്‍ എത്തിക്കണമെന്നാണ് ആര്‍ എസ് എസ് നിലപാട്. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയവുമായി ഏറെ അടുത്തു പോകുന്ന പാര്‍ട്ടിയാണ് ശിവസേന. ബാല്‍താക്കറെ ബിജെപിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സഖ്യ നേതാവായിരുന്നു. താക്കറെയുടെ മകന്‍ ബിജെപിക്കൊപ്പം വേണമെന്നതാണ് ആര്‍ എസ് എസ് ആഗ്രഹം. അതിനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ഫഡ്നാവിസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാറിയ സാഹചര്യത്തില്‍ ബിജെപിക്ക് വിശ്വസിക്കാവുന്ന സഖ്യ കക്ഷിയായി ബാല്‍ താക്കറെയുടെ പാര്‍ട്ടി മാറുമെന്നും വിലയിരുത്തലുണ്ട്. ലോക്‌സഭയിലെ മഹായുതി സഖ്യത്തിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ഫഡ്‌നാവിസിനെ ഡല്‍ഹിയിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ മുഖമായി ഉയര്‍ത്തിക്കാട്ടുന്നതിനു പകരം കൂട്ടായ നേതൃത്വത്തെ അവതരിപ്പിക്കാനുള്ള നീക്കവും നടന്നു. ഇതെല്ലാം ആര്‍ എസ് എസിന്റെ തന്ത്രത്തിന്റെ ഭാഗമായിരുന്നു.
എന്നാല്‍ ആര്‍ എസ് എസ് മനസ്സ് തിരിച്ചറിഞ്ഞ് ഫഡ്നാവീസ് എല്ലാ പ്രശ്നവും പറഞ്ഞു പരിഹരിച്ചു. അതുകൊണ്ട് തന്നെ ഉദ്ദവിന്റെ ശിവസേനയെ ബിജെപി മുന്നണിയില്‍ എത്തിക്കുന്ന ദൗത്യവും ഫഡ്നാവീസ് ഏറ്റെടുക്കുമെന്ന് സൂചനകളുണ്ട്. ലോക്സഭയില്‍ ശിവസേന ഉദ്ദവ് താക്കറെ പക്ഷത്തിന് ഒന്‍പത് എംപിമാരുണ്ട്. ഇവരുടെ പിന്തുണയും മോദി സര്‍ക്കാരിന്റെ കരുത്ത് കൂട്ടും. വഖഫ് ബില്‍ അടക്കമുള്ള വിഷയങ്ങളില്‍ ഉദ്ദവിന്റെ നിലപാട് ബിജെപിക്കൊപ്പമാകണമെന്ന ആഗ്രഹവും ആര്‍ എസ് എസിനുണ്ട്. ഉദ്ദവ് താക്കറെയുടെ ശിവസേനയ്ക്കും മഹാരാഷ്ട്രയില്‍ 20 എംഎല്‍എമാരുണ്ട്. ഇവരുടെ പിന്തുണ കിട്ടിയാല്‍ മഹാരാഷ്ട്രയില്‍ ബിജെപിക്ക് സുഖ ഭരണവും ഉറപ്പാകും.