ദിസ്പൂര്‍: തന്റെ ഭാര്യ റിനികി ഭൂയാന് മൂന്ന് പാസ്‌പോര്‍ട്ടുകളുണ്ടെന്ന് ആരോപണമുന്നയിച്ച കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരക്ക് ജീവപര്യന്തം തടവ് നല്‍കുമെന്ന മുന്നറിപ്പുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഹിമന്തയുടെ ഭാര്യക്ക് യു.എ.ഇ, ആന്റിഗ്വ-ബാര്‍ബുഡ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് ഉണ്ടെന്ന് പവന്‍ ഖേര കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഖേരയുടെ ആരോപണത്തില്‍ തന്റെ ഭാര്യ കേസ് ഫയല്‍ ചെയ്തതായി അസം മുഖ്യമന്ത്രി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനാണ് കോണ്‍ഗ്രസ് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. 'കെട്ടിച്ചമച്ച രേഖകള്‍ ഉപയോഗിച്ച് നിങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് കനത്ത പിഴ വ്യവസ്ഥകള്‍ക്ക് വിധേയമാകും, അതിനുള്ള ശിക്ഷ ജീവപര്യന്തം തടവാണ്,' ശര്‍മ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശര്‍മ്മയുടെ ഭാര്യ റിനികിക്ക് വിദേശത്ത് വെളിപ്പെടുത്താത്ത ബിസിനസ് സംരഭങ്ങളുണ്ടെന്നും ഖേര ആരോപിച്ചിരുന്നു. ദുബായിലും അമേരിക്കയിലും മുഖ്യമന്ത്രിയുടെ കുടുംബത്തിന് സ്വത്തുക്കളും കമ്പനികളും ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന് യു.എ.ഇ, ആന്റിഗ്വ-ബര്‍ബുഡ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മൂന്ന് പാസ്പോര്‍ട്ടുകള്‍ ഉണ്ടെന്നും, ഇവ യഥാക്രമം 2027 മാര്‍ച്ച്, 2031 ഓഗസ്റ്റ്, 2029 ഫെബ്രുവരി എന്നിവയില്‍ കാലാവധി അവസാനിക്കുമെന്നുമായിരുന്നു പവന്‍ ഖേര ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. അസം കോണ്‍ഗ്രസ് പ്രസിഡന്റ് ഗൗരവ് ഗൊഗോയും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. ശര്‍മ്മയുടെ ഭാര്യക്ക് ദുബായില്‍ രണ്ട് സ്വത്തുക്കള്‍ ഉണ്ട്, അത് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും ഗൗരവ് ഗൊഗോയ് ആരോപിച്ചിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞ മുഴുവന്‍ വിവരങ്ങളും പാക് സോഷ്യല്‍ മീഡിയ ഗ്രൂപ്പാണ് നല്‍കിയതാണെന്ന് ഹിമന്ത ആരോപിച്ചു. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍, അസമിലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് പാക് ചാനല്‍ കുറഞ്ഞത് 11 ടോക്ക് ഷോകളെങ്കിലും നടത്തിയിട്ടുണ്ട്, മുമ്പൊരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് ശര്‍മ്മ പറഞ്ഞു. 'എല്ലാ ടോക്ക് ഷോകളും, കോണ്‍ഗ്രസ് വിജയിക്കണം എന്ന് പറഞ്ഞാണ് ഉപസംഹരിക്കുന്നത്. ഇന്നലത്തെ പത്രസമ്മേളനവുമായുള്ള പാകിസ്താന്റെ ബന്ധം ഇപ്പോള്‍ വളരെ വളരെ വ്യക്തമായിരിക്കുന്നു. നിയമ നിര്‍വ്വഹണ ഏജന്‍സി ഇത് പരിഗണിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,' അദ്ദേഹം പറഞ്ഞു.

'സാധാരണയായി, വ്യാജ രേഖകള്‍ ഉപയോഗിച്ച് ഒരു വിഷയം പൊതുജനങ്ങള്‍ക്ക് മുന്നില്‍ ഉന്നയിക്കുമ്പോള്‍, അത് ഐ.പി.സി.യുടെ 420 ഉം 468 ഉം ചുമത്തുന്നു. തീര്‍ച്ചയായും, സമാനമായ ഒരു വ്യവസ്ഥ പുതിയ ബി.എന്‍.എസിലുമുണ്ട്. വ്യാജ രേഖകള്‍ ഉപയോഗിച്ച് ഒരു തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുമ്പോള്‍, അത് ഉയര്‍ന്ന പിഴ വ്യവസ്ഥകള്‍ക്ക് വിധേയമാകുന്നു, അതിനുള്ള ശിക്ഷ ജീവപര്യന്തം തടവാണ്. ഇന്നലെ എന്റെ ഭാര്യ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു, പൊലീസ് ഉചിതമായ നിയമവകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.