ബെംഗളൂരു: ബെംഗളൂരുവിലെ കോഗിലു ഗ്രാമത്തില്‍ നടന്ന കൈയേറ്റം കുടിയൊഴിപ്പിക്കല്‍ നടപടികളില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടതോടെ കര്‍ണാടക രാഷ്ട്രീയം പുകയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരമായ വിഷയങ്ങളില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഇടപെട്ടതിനെതിരെ ബിജെപി ശക്തമായി രംഗത്തെത്തി. കര്‍ണാടക ഭരിക്കുന്നത് ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയാണോ അതോ ഡല്‍ഹിയിലെ റിമോട്ട് കണ്‍ട്രോള്‍ ഭരണമാണോ എന്നാണ് ബിജെപിയുടെ ചോദ്യം.

നാളെ അടിയന്തര യോഗം

അതിനിടെ, യെലഹങ്കയില്‍ വീടുകള്‍ തകര്‍ത്ത് കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. മുന്നൂറോളം വീടുകള്‍ തകര്‍ത്ത നടപടി വന്‍ വിവാദമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ വിഷയത്തില്‍ ഇടപെട്ടത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ നാളെ വൈകുന്നേരം നിര്‍ണായക യോഗം ചേരും.

ഇടക്കാല പുനരധിവാസം ഉടന്‍ സജ്ജമാക്കാനാണ് ധാരണ. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും യോഗത്തില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ (എഐസിസി) നിര്‍ദേശപ്രകാരമാണ് സര്‍ക്കാരിന്റെ ഈ അടിയന്തര ഇടപെടല്‍.

കെ.സി. സൂപ്പര്‍ സിഎമ്മോ എന്ന് ബിജെപി

ബെംഗളൂരുവിലെ പൊളിച്ചുനീക്കലില്‍ ഹൈക്കമാന്‍ഡിനുള്ള 'ആശങ്ക' മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും അറിയിച്ചതായി കെ.സി. വേണുഗോപാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഇത്തരം നടപടികളില്‍ കൂടുതല്‍ ജാഗ്രതയും മാനുഷിക പരിഗണനയും വേണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള കാര്യങ്ങളില്‍ ഇടപെടാന്‍ കെ.സി. വേണുഗോപാല്‍ ആരാണെന്ന് കര്‍ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആര്‍. അശോക ചോദിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ ഡല്‍ഹിയിലെ പാര്‍ട്ടി മാനേജര്‍മാരുടെ വരുതിക്ക് നിര്‍ത്തുന്നത് ഫെഡറലിസത്തെ അപമാനിക്കലാണെന്ന് ബിജെപി ആരോപിച്ചു. കര്‍ണാടക രാഹുല്‍ ഗാന്ധിയുടെയോ അദ്ദേഹത്തിന്റെ സംഘത്തിന്റെയോ കോളനിയല്ല. ഭരണഘടനാപരമായ സ്വയംഭരണാധികാരമുള്ള സംസ്ഥാനമാണെന്നും ബിജെപി നേതാവ് ഓര്‍മ്മിപ്പിച്ചു.

പിണറായിയുടെ വിമര്‍ശനവും കോണ്‍ഗ്രസിന്റെ മലക്കംമറിച്ചിലും

ബെംഗളൂരുവിലെ ഒഴിപ്പിക്കല്‍ നടപടിയെ 'ബുള്‍ഡോസര്‍ രാജെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം വിഷയത്തില്‍ ഇടപെടുകയും സിദ്ധരാമയ്യയോട് അതൃപ്തി അറിയിക്കുകയും ചെയ്തത്. കുടിയൊഴിപ്പിക്കലിന് ഇരയായ കുടുംബങ്ങള്‍ക്ക് പുനരധിവാസം ഉറപ്പാക്കുമെന്ന് സിദ്ധരാമയ്യയും ശിവകുമാറും ഹൈക്കമാന്‍ഡിന് ഉറപ്പു നല്‍കിയിട്ടുണ്ട്.