ഇംഫാല്‍: മണിപ്പൂരിലെ എന്‍ ബിരേന്‍ സിങ് സര്‍ക്കാരിന്റെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡ്. ജെ ഡി യുവിന്റെ ഏക എം എല്‍ എ മുഹമ്മദ് അബ്ദുല്‍ നാസര്‍ ഇനി പ്രതിപക്ഷ ബഞ്ചിലിരിക്കും.

സര്‍ക്കാരിന്റെ സ്ഥിരതയ്ക്ക് ജെ ഡി യുവിന്റെ പിന്മാറ്റം ഭീഷണിയല്ലെങ്കിലും കേന്ദ്രത്തിലെയും ബിഹാറിലെയും തങ്ങളുടെ മുഖ്യ സഖ്യകക്ഷിക്കുള്ള ജെ ഡി യുവിന്റെ ശക്തമായ സന്ദേശമാണിത്. മേഘാലയയില്‍ അധികാരത്തിലിരിക്കുന്ന കോണ്‍റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ബിരേന്‍ സിങ് സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ സംഭവവികാസം. മണിപ്പുര്‍ വിഷയത്തില്‍ ബിജെപി ശക്തമായ നിലപാട് എടുക്കാനുള്ള സന്ദേശമാണ് നിതീഷ് കുമാര്‍ നല്‍കിയിരിക്കുന്നത്.

2022 ലെ മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍, ജെ ഡി യു ആറ്‌സീറ്റുകള്‍ കരസ്ഥമാക്കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം അഞ്ച് എം എല്‍ എമാര്‍ ബിജെപിയിലേക്ക് ചേക്കേറിയതോടെ ഭരണകക്ഷിക്ക് ബലം കൂടി. 60 അംഗ സഭയില്‍ നിലവില്‍ ബിജെപിക്ക് 37 എംഎല്‍എമാരുണ്ട്. നാഗ പീപ്പിള്‍സ് ഫ്രണ്ടിന്റെ അഞ്ച് എം എല്‍ എമാരും മൂന്നുസ്വതന്ത്രരും പിന്തുണ നല്‍കുന്നത് കൊണ്ട് തന്നെ സര്‍ക്കാരിന് ഭീഷണിയില്ല.

മണിപ്പൂരിലെ ജെ ഡി യു അദ്ധ്യക്ഷന്‍ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച വിവരം ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയെ ഔദ്യോഗികമായി അറിയിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെ ഡി യു 12 സീറ്റ് നേടിയിരുന്നു. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാതിരുന്നതോടെ, പിന്തുണയുമായി എത്തിയ മുഖ്യ സഖ്യകക്ഷികളില്‍ ഒന്നാണ് ജെ ഡി യു. ബിഹാറിലും ജെ ഡി യുവും ബിജെപിയും സഖ്യകക്ഷികളാണ്. ബിഹാറില്‍ ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മണിപ്പൂരിലെ പിന്മാറ്റം രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയാണ്. ഇന്ത്യ മുന്നണിയിലെ മുഖ്യകക്ഷിയായിരുന്ന ജെ ഡി യു കഴിഞ്ഞ വര്‍ഷമാണ് എന്‍ ഡി എയിലേക്ക് മടങ്ങിയത്. മറുകണ്ടം ചാടലിന് കുപ്രസിദ്ധനായ നിതീഷ് കുമാറിന്റെ നീക്കങ്ങള്‍ ബിജെപി ആശങ്കയോടെയാണ് കാണുന്നത്.