- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്! ബിഹാറില്‍ ഇന്ത്യ സഖ്യത്തില്‍ വിള്ളല്‍; തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ജെ എം എം തീരുമാനം; ആറു സീറ്റുകളില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസും ആര്‍ജെഡിയും വഞ്ചിച്ചതോടെയെന്ന് ജെ എം എം നേതാക്കള്‍; തിരഞ്ഞെടുപ്പിന് ശേഷം ഇരുപാര്‍ട്ടികളുമായുള്ള സഖ്യം പുന: പരിശോധിക്കുമെന്നും പ്രഖ്യാപനം
ബിഹാറില്‍ ഇടഞ്ഞ് ജെ എം എം
പാറ്റ്‌ന: ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രതിപക്ഷ മഹാസഖ്യത്തില്‍ അതൃപ്തി പുകയുന്നു. സീറ്റ് വിഭജന ചര്‍ച്ചകളിലെ അനിശ്ചിതത്വം മുതലെടുത്ത്, ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം.) തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസും രാഷ്ട്രീയ ജനതാ ദളുമായുളള സഖ്യം പുന: പരിശോധിക്കുമെന്നും ജെഎംഎം ജനറല്‍ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ അറിയിച്ചു.
ജെ.എം.എം. 12 സീറ്റുകളാണ് ആവശ്യപ്പെട്ടത്. എന്നാല്‍, കോണ്‍ഗ്രസും ആര്‍ജെഡിയും വഴങ്ങാതെ വന്നതോടെയാണ് ഈ കടുത്ത തീരുമാനമെടുത്തെത്. ചകായ്, ധംദഹ, കറ്റോറിയ (എസ്ടി), പിര്‍പൈന്തി, മണിഹരി (എസ്ടി), ജാമുയി തുടങ്ങിയ ആറ് സീറ്റുകളില്‍ ജെ.എം.എം. മത്സരിക്കും, എന്നാല്‍, ഇതുവരെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. തങ്ങള്‍ മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിക്കില്ലെന്ന് ജെ.എം.എം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ സ്ഥിരീകരിച്ചു. ഈ മണ്ഡലങ്ങളില്‍ നവംബര്‍ 11 ന് രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ്.
ഒക്ടോബര്‍ 14 നകം ന്യായമായ സീറ്റുകള്‍ തങ്ങള്‍ക്ക് അനുവദിച്ചില്ലെങ്കില്‍ സ്വതന്ത്രമായി മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് ഒക്ടോബര്‍ 11 ന് തന്നെ കോണ്‍ഗ്രസും, ആര്‍ജെഡിയും ഇടതുപാര്‍ട്ടികളും അടക്കമുള്ള ഇന്ത്യ സഖ്യ നേതാക്കളെ അറിയിച്ചിരുന്നുവെന്ന് സുപ്രിയോ ഭട്ടാചാര്യ വ്യക്തമാക്കി.
'2019 ലെ ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പില്‍, ഞങ്ങള്‍ കോണ്‍ഗ്രസിനും ആര്‍ജെഡിക്കും പിന്തുണ നല്‍കിയിരുന്നു. ആര്‍ജെഡിക്ക് ഏഴുസീറ്റുകള്‍ നല്‍കിയെന്ന് മാത്രമല്ല, അവരുടെ ഛാത്രയില്‍ നിന്നുളള എംഎല്‍എയെ മന്ത്രിയാക്കുകയും ചെയ്തു. 2024 ലെ ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പിലും ആര്‍ജെഡിക്ക് ആറ് സീറ്റുനല്‍കുകയും ഒരു എംഎല്‍എയെ മന്ത്രിയാക്കുകയും ചെയ്തു.'- ഭട്ടാചാര്യ പറഞ്ഞു.
എന്‍ഡിഎയിലും ഇന്ത്യസഖ്യത്തിലും ഉള്‍പ്പോരുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ജെഎംഎമ്മിനെ കൂടാതെ ബിഹാറില്‍ ഒരുസര്‍ക്കാരും രൂപീകരിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ പോരാടുകയും വിജയിക്കുകയും ചെയ്യും. ബിഹാര്‍ തിരഞ്ഞെടുപ്പിന് സേഷം ജാര്‍ഖണ്ഡിലെ സഖ്യത്തിന്റെ കാര്യത്തില്‍ പുനരാലോചന നടത്തും' -സുപ്രിയോ ഭട്ടാചാര്യ വ്യക്തമാക്കി.
എന്‍.ഡി.എ. മുന്നണിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കുന്ന സാഹചര്യത്തിലാണ് ജെ.എം.എം. സ്വതന്ത്ര നിലപാട് സ്വീകരിച്ചിരിക്കുന്നത്. ജെ.എം.എം.യുടെ ഈ നീക്കം ബിഹാറിലെ തിരഞ്ഞെടുപ്പ് ചിത്രം കൂടുതല്‍ സങ്കീര്‍ണ്ണമാക്കാന്‍ സാധ്യതയുണ്ട്.
ആദ്യഘട്ട വോട്ടെടുപ്പിനായുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി വെള്ളിയാഴ്ച അവസാനിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ 121 സീറ്റുകളിലേക്ക് നവംബര്‍ 6-നാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തിലെ പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസം 1250 പേരാണ് പത്രിക സമര്‍പ്പിച്ചത്. ജെ.എം.എം. ന്റെ ഈ നീക്കം ബിഹാറിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ ആറിനും 11 നുമായി രണ്ടുഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. നവംബര്‍ 14 നാണ് വോട്ടെണ്ണല്‍.