- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡി കെ ശിവകുമാർ കാലിലെ നഖം മുതൽ തലമുടിയിഴ വരെ പക്ക കോൺഗ്രസുകാരൻ; അധികാര വിഭജനത്തിൽ ഡി.കെ പൂർണ തൃപ്തൻ; കടുംപിടിത്തക്കാരനായി ചിത്രീകരിക്കുന്നത് അദ്ദേഹത്തെ അറിയാത്തവർ; തെരഞ്ഞെടുപ്പു തന്ത്രമൊരുക്കിയും മഹാനേതാക്കൾക്കിടയിലെ മഞ്ഞുരുക്കിയും താരമായ കെ സി വേണുഗോപാൽ പറയുന്നു ഡി കെ വളരെ കൂളെന്ന്
ന്യൂഡൽഹി: കർണാടക തെരഞ്ഞെടുപ്പു ഫലം വന്നതിന് ശേഷം ഏറ്റവും മാധ്യമ ശ്രദ്ധ നേടിയത് ഡി കെ ശിവകുമാർ എന്ന അതികായനായ നേതാവായിരുന്നു. ഡൽഹിയിൽ ഹൈക്കമാൻഡിനെ പോലും വെല്ലുവിളിക്കുന്ന വിധത്തിൽ ഡി കെ പ്രവർത്തിച്ചെന്ന വാർത്തകൾ പുറത്തുവരുമ്പോൾ എഐസിസി ജനറൽ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാൽ പറയുന്നത് ഡി കെ വളരെ കൂളാണെന്നാണ്. സിദ്ധാരാമയ്യക്കും ഡി കെയ്ക്കും ഇടയിലെ ചർച്ചയിൽ മഞ്ഞുരുകലിൽ നിർണായക റോൾ തന്നെ കെ സി വേണുഗോപാലിനുണ്ടായിരുന്നു.
കർണാടകയിലെ അധികാര വിഭജനത്തിൽ ഡി.കെ ശിവകുമാർ പൂർണ തൃപ്തനാണെന്നും അദ്ദേഹത്തെ അറിയാത്തവരാണ് കടുംപിടിത്തക്കാരനായി ചിത്രീകരിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു. ഡൽഹിയിൽ മലയാള മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവകുമാർ തന്നെയാണ് ഞങ്ങളുടെ ഏറ്റവും ശക്തനായ നേതാവ്. കാലിലെ നഖം മുതൽ തലമുടിയിഴ വരെ പക്ക കോൺഗ്രസുകാരനായ ഒരാളാണ് അദ്ദേഹം. കെ.എസ്.യു, എൻ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തനം ഞങ്ങളെ പോലെ തുടങ്ങി ഈ നിലയിൽ എത്തിയ ആളാണ്. കർണാടകയിൽ അദ്ദേഹം കഠിനമായി പ്രവർത്തിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിന് ആഗ്രഹമുണ്ടാകും, അതിനായി പരിശ്രമിച്ചിട്ടുണ്ടാകും. അതിലെന്താണ് തെറ്റ്. എന്നാൽ, അന്തിമമായി പാർട്ടി ഒരു തീരുമാനമെടുത്തപ്പോൾ അതിനൊപ്പം നിന്നു.
ലോക്സഭ തെരഞ്ഞെടുപ്പ് വരെ പി.സി.സി പ്രസിഡഡന്റ് പദവി ശിവകുമാർ വഹിക്കും. അധികാര വിഭജനം ഇല്ലെന്നും അധികാരം ജനങ്ങളുമായാണ് പങ്കുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പും അതിന് ശേഷവും നിർണായക റോളായിരുന്നു കെ സി വേണുഗോപാലിന് ഉണ്ടായിരുന്നത്. എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവരുമായി ചർച്ച നടത്തിയാണ് കെ.സി വേണുഗോപാൽ കർണാടകത്തിലെ മഞ്ഞുരുക്കലിന് വഴിയൊരുക്കിയ ഫോർമുല കണ്ടെത്തിയത്.
ഗാന്ധി കുടുംബത്തിന്റെ നിർദ്ദേശം സിദ്ധരാമയ്യയെയും ഡി.കെ ശിവകുമാറിനേയും കെ.സി വേണുഗോപാൽ അറിയിച്ചു. ഇതോടെ ഇടഞ്ഞു നിന്ന നേതാക്കൾ അനുരഞ്ജന ചർച്ചകൾക്ക് വഴങ്ങുകയായിരുന്നു. കെ.സി വേണുഗോപാലിന്റെ ഡൽഹിയിലെ 51 നമ്പർ ലോധി എസ്റ്റേറ്റിലെ വസതിയിലായിരുന്നു ചർച്ചകൾ. ദേശീയമാധ്യമങ്ങളുടെ ശ്രദ്ധകേന്ദ്രമായിരുന്നു ഈ വസതിയും കെ.സി വേണുഗോപാലും. രാത്രിയേറെ നീണ്ട ചർച്ചകളിലൂടെയും ചടുല നീക്കങ്ങളിലൂടെയുമാണ് കർണാടകത്തിൽ നീണ്ടുപോയ മന്ത്രിസഭാ രൂപീകരണ പ്രതിസന്ധി പരിഹരിക്കാനായത്. ഗാന്ധി കുടുംബത്തിന് വിശ്വാസമുള്ള ട്രബിൾഷൂട്ടറുടെ റോളാണ് കെ.സി വേണുഗോപാൽ നിർവഹിച്ചത്.
സിദ്ധരാമയ്യയും ഡി.കെയും മുഖ്യമന്ത്രിപദത്തിനായുള്ള ആവശ്യത്തിൽ ഉറച്ചുനിന്നു. തുടർന്നാണ് സോണിയാ ഗാന്ധി ചർച്ചകളിൽ സജീവമായി ഇടപെട്ടത്. പ്രശ്നപരിഹാരം നീണ്ടുപോയതോടെ മധ്യസ്ഥ ദൗത്യം കേന്ദ്ര നേതൃത്വം കെ.സി വേണുഗോപാലിനെ ഏൽപ്പിച്ചു. ഇതോടെ സമയവായ ചർച്ചകൾക്ക് വേഗം കൂടി. സിദ്ധരാമയ്യയെയും ഡി.കെയെയും ഒറ്റയ്ക്കും ഒരുമിച്ച് ഇരുത്തിയും കെ.സി. വേണുഗോപാൽ ചർച്ചകൾ നടത്തി.
ഇരുവർക്കും തുല്യപരിഗണന നൽകി പ്രശ്നപരിഹാരം കാണുകയായിരുന്നു ഖർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ എന്നിവർ ചേർന്ന് തയ്യാറാക്കിയ ഫോർമുല. സിദ്ധരാമയ്യ, ഡി.കെ കൂട്ടുകെട്ട് കർണാടകയിൽ ഫലപ്രദമാണെന്നും പാർട്ടിയുടെ മുന്നോട്ടുള്ള കുതിപ്പിന് ഇത് ആവശ്യമാണെന്നും അദ്ദേഹം ഇരുവരെയും അറിയിച്ചു. ലോക്സഭ തിരഞ്ഞെടുപ്പ്വരെ ഈ കൂട്ടുകെട്ട് ഫലം കാണുമെന്ന പ്രതീക്ഷ അദ്ദേഹം നേതാക്കളുമായി പങ്കുവച്ചു.ദേശീയ നേതൃത്വത്തിന്റെ തീരുമാനം ഇരുനേതാക്കളെയും കെ.സി വേണുഗോപാൽ അറിയിച്ചു. തുടർന്നുള്ള ചർച്ചകളിലൂടെയാണ് പ്രശ്നപരിഹാരത്തിന് വഴിതെളിഞ്ഞത്.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഡൽഹിയിലെത്തിയ സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും ഒരുമിച്ചുള്ള യോഗത്തിൽ ഇതുവരെ പങ്കെടുത്തിരുന്നില്ല. ഇരുവരും ഇന്ന് കെ.സി.വേണുഗോപാലിന്റെ വീട്ടിലാണ് ആദ്യമായി കണ്ടുമുട്ടിയത്. ഇരുവരും ഇവിടെ വച്ചാണ് പ്രഭാത ഭക്ഷണം കഴിച്ചത്. കർണ്ണാടകയുടെ മനസ്സ് കീഴടക്കിയ ഇരട്ട നേതാക്കൾ! എന്നു പറഞ്ഞു കൊണ്ട്് സിദ്ധരാമയ്യയേും ഡികെയേയും ഒരുമിച്ചെത്തിച്ച് പ്രഭാത ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും കെ സി വേണുഗോപാൽ പുറത്തുവിട്ടു.
തന്റെ വസതിയിലെത്തിയ നേതാക്കളെ സ്വീകരിച്ച ഖാർഗെ, സിദ്ധരാമയ്യയുടേയും ഡി.കെ.ശിവകുമാറിന്റെയും കൈപിടിച്ച് ഉയർത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തു. ശനിയാഴ്ചയാണ് സത്യപ്രതിജ്ഞാ ചടങ്ങ്. കർണാടകയിലെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ ഐക്യത്തിന്റെ വേദികൂടി ആക്കിമാറ്റാനുള്ള നീക്കങ്ങളും കോൺഗ്രസ് നടത്തുന്നുണ്ട്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അടക്കമുള്ള പ്രതിപക്ഷ നിരയിലെ നേതാക്കളെ ചടങ്ങിലേക്ക് ഖാർഗെ ക്ഷണിക്കും.
മറുനാടന് ഡെസ്ക്