- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജനങ്ങളുടെ ചോദ്യങ്ങൾക്ക് നേരെ മുഖം തിരിക്കുന്ന സർക്കാരിനെതിരെ ശബ്ദമുയർത്തും'; സിവിൽ സർവീസ് ഉപേക്ഷിച്ച് കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക്; പാര്‍ട്ടി അംഗത്വം സ്വീകരിച്ചത് മോദി സർക്കാരിന്റെ കടുത്ത വിമർശകൻ
ന്യൂഡൽഹി: സിവിൽ സർവീസ് ഉപേക്ഷിച്ച കണ്ണൻ ഗോപിനാഥൻ കോൺഗ്രസ് പാർട്ടിയിൽ അംഗത്വം സ്വീകരിച്ചു. എഐസിസി ആസ്ഥാനത്തെത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു. ഇനിയുള്ള പ്രവർത്തനങ്ങളിലൂടെ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ശ്രമിക്കുമെന്നും, ജനങ്ങളുടെ ചോദ്യങ്ങൾക്ക് നേരെ മുഖം തിരിക്കുന്ന സർക്കാരിനെതിരെ ശബ്ദമുയർത്തുമെന്നും കണ്ണൻ ഗോപിനാഥൻ മാധ്യമങ്ങളോട് പറഞ്ഞു. ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധമായ നടപടികള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ചാണ് അദ്ദേഹം സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ചത്.
2019-ൽ സിവിൽ സർവീസിൽ നിന്ന് രാജിവെച്ച കണ്ണൻ ഗോപിനാഥൻ, കേന്ദ്ര സർക്കാരിന്റെ നയങ്ങളെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചതിന്റെ അനുഭവത്തിൽ നിന്നാണ് തന്റെ രാഷ്ട്രീയ പ്രവേശനത്തിന് കോൺഗ്രസ് തന്നെ അനുയോജ്യമായ വേദിയെന്ന് കണ്ടെത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. 'സർക്കാർ മുന്നോട്ട് പോകുന്ന വഴികൾ വ്യക്തമാണ്. ചോദ്യം ചോദിക്കുന്നവരെ ദേശദ്രോഹികളായി ചിത്രീകരിക്കുന്ന സമീപനമാണ് നിലവിലുള്ളത്. ഇത്തരം സാഹചര്യങ്ങളിൽ സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശത്തെ സംരക്ഷിക്കാനും, ജനങ്ങളുടെ ശബ്ദമാകാനും കോൺഗ്രസിലൂടെ സാധിക്കുമെന്ന് വിശ്വസിക്കുന്നു,' കണ്ണൻ ഗോപിനാഥൻ കൂട്ടിച്ചേർത്തു.
കോൺഗ്രസിൽ സ്ഥാനമാനങ്ങൾ നോക്കിയല്ല, മറിച്ച് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്ന് കണ്ണൻ ഗോപിനാഥൻ സൂചിപ്പിച്ചു. പാർട്ടിക്ക് അകത്തും പുറത്തും നിലനിൽക്കുന്ന വിവിധ വിഷയങ്ങളിൽ തന്റെ അഭിപ്രായം വ്യക്തമാക്കാനും, വിമർശനങ്ങൾ ഉന്നയിക്കാനും അദ്ദേഹം മടി കാണിക്കില്ല. 'ചോദ്യങ്ങൾ ചോദിക്കുന്നത് തുടരും. ലക്ഷ്യം കോൺഗ്രസിനെ ശക്തിപ്പെടുത്തുക എന്നതാണ്,' അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
വി ഡി സതീശൻ, കെ.സി. വേണുഗോപാൽ തുടങ്ങിയ നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. കണ്ണൻ ഗോപിനാഥന്റെ രാഷ്ട്രീയ പ്രവേശനം കോൺഗ്രസിന് ഗുണകരമാകുമെന്നും, യുവജനങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ ഇത് സഹായിക്കുമെന്നും നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു. സിവിൽ സർവീസ് പരിചയം, ജനങ്ങളോടുള്ള പ്രതിബദ്ധത എന്നിവ കണ്ണൻ ഗോപിനാഥനെ ഒരു മികച്ച രാഷ്ട്രീയ പ്രവർത്തകനാക്കി മാറ്റുമെന്നും അവർ വിലയിരുത്തി. കഴിഞ്ഞ കുറച്ചുകാലമായി രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള സൂചനകൾ കണ്ണൻ ഗോപിനാഥൻ നൽകുന്നുണ്ടായിരുന്നു.