ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ കുടുംബവാഴ്ച്ചക്കെതിരെ ലേഖനമെഴുതി വിവാദത്തിലായ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ശശി തരൂര്‍ വീണ്ടും വിവാദ എക്‌സ് പോസ്റ്റുമായി രംഗത്ത്. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി എന്നീ മുന്‍ പ്രധാനമന്ത്രിമാരെ എല്‍കെ അദ്വാനിയുമായി താരതമ്യം ചെയ്തു കൊണ്ടുള്ള ട്വീറ്റാണ് തരൂര്‍ നടത്തിയത്.

നെഹ്രു, ഇന്ദിരാഗാന്ധി എന്നിവരെ പോലെ അദ്വാനിയുടെ പതിറ്റാണ്ടുകളുടെ പൊതുസേവനത്തെ ഒരൊറ്റ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുതെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. എക്സില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ അദ്വാനിയെ മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റുവിനോടും ഇന്ദിരാഗാന്ധിയോടും താരതമ്യം ചെയ്ത് ഒരു നേതാവിന്റെയും പാരമ്പര്യം ഒരൊറ്റ സംഭവത്തിലേക്ക് ചുരുക്കരുതെന്ന് ശശി തരൂര്‍ വാദിച്ചു.

'അദ്ദേഹത്തിന്റെ നീണ്ട സേവനകാലത്തെ ഒരു ഘട്ടത്തിലേക്ക് ചുരുക്കുന്നത്, അത് എത്ര പ്രധാനമാണെങ്കിലും, അന്യായമാണ്. ചൈനയിലെ തിരിച്ചടി കൊണ്ട് നെഹ്റുവിന്റെയും അടിയന്തരാവസ്ഥ കൊണ്ട് മാത്രം ഇന്ദിരാഗാന്ധിയുടെയും പാരമ്പര്യം നിര്‍വചിക്കാന്‍ കഴിയാത്തതുപോലെ, അദ്വാനിജിയോടും അതേ നീതി കാണിക്കണം.' തരൂര്‍ എക്സില്‍ എഴുതി. അദ്വാനിയെ 'ഒരു യഥാര്‍ത്ഥ രാഷ്ട്രതന്ത്രജ്ഞന്‍' എന്നാണ് തരൂര്‍ വിശേഷിപ്പിച്ചത്. അദ്വാനിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന പോസ്റ്റില്‍ അദ്വാനിയുടെ പൊതുസേവനത്തോടുള്ള പ്രതിബദ്ധതയെ തരൂര്‍ പ്രശംസിച്ചു.

എന്നാല്‍ ശശി തരൂരിന്റെ പോസ്റ്റിനെ വിമര്‍ശിച്ച് സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെ രംഗത്ത് വന്നു. രാമജന്മഭൂമി ക്ഷേത്ര നിര്‍മാണത്തിനായി ആഹ്വാനം ചെയ്ത രഥയാത്രയില്‍ അദ്വാനിയുടെ പങ്ക് പൊതുസേവനമായി കണക്കാക്കാനാവില്ലെന്ന് സഞ്ജയ് പറഞ്ഞു. 'ഈ രാജ്യത്ത് 'വെറുപ്പിന്റെ വ്യാളി വിത്തുകള്‍' അഴിച്ചുവിടുന്നത് പൊതുസേവനമല്ല' തരൂരിന് മറുപടിയായി സഞ്ജയ് ഹെഗ്ഡെ എഴുതി.

ബിജെപി സ്ഥാപക നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമാണ് ലാല്‍കൃഷ്ണ അദ്വാനി. അദ്ദേഹത്തിന്റെ 98ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് തരൂരിന്റെ പ്രതികരണം. അദ്വാനി നടത്തിയ രഥയാത്ര, 2002ലെ ഗുജറാത്ത് കലാപം, 2014ലെ ബിജെപിക്ക് കേന്ദ്ര ഭരണം ലഭിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം സൂചിപ്പിച്ചായിരുന്നു ഹെഗ്ഡെ തരൂരിന് മറുപടി നല്‍കിയത്. 1980കളുടെ അവസാനത്തിലാണ് സോമനാഥ ക്ഷേത്രത്തില്‍ നിന്ന് അദ്വാനി രഥയാത്ര തുടങ്ങിയത്. ഇതാണ് 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നതിലേക്കും വ്യാപക സംഘര്‍ഷങ്ങളിലേക്കും നയിച്ചത്.

ശശി തരൂര്‍ അടുത്ത കാലത്ത് നടത്തുന്ന പ്രസ്താവനകള്‍ കോണ്‍ഗ്രസിനകത്ത് വലിയ വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ട്. കോണ്‍ഗ്രസ് എംപിയായിരിക്കെ, ഗാന്ധി കുടുംബത്തെ വിമര്‍ശിക്കുന്നതും ബിജെപി നേതാക്കളെ പുകഴ്ത്തുന്നതുമാണ് വിമര്‍ശനത്തിന് കാരണം. കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകാനുള്ള നീക്കമാണ് ശശി തരൂര്‍ നടത്തുന്നത് എന്ന അഭിപ്രായവും ചിലര്‍ പങ്കുവയ്ക്കുന്നു.

നേരത്തെ കുടുംബ വാഴ്ചയില്‍ നെഹ്‌റു കുടുംബത്തിനെതിരായ ഡോ ശശി തരൂരിന്റെ പരാമര്‍ശം തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. രാജ്യത്തിനുവേണ്ടി എല്ലാം ത്യജിച്ചവരാണ് നെഹ്‌റു കുടുംബം. കോണ്‍ഗ്രസ് നയങ്ങളെ വിമര്‍ശിക്കുന്നവര്‍ക്കും കോണ്‍ഗ്രസില്‍ ഇടമുണ്ട്. പാര്‍ട്ടിക്ക് പുറത്ത് പാര്‍ട്ടിയുടെ നയത്തെ വിമര്‍ശിക്കുന്നത് ചെയ്യാന്‍ പാടില്ലാത്തതെന്നും പി ജെ കുര്യന്‍ പറഞ്ഞു.

ശശി തരൂര്‍ അദേഹത്തിന്റെ കാഴചപ്പാട് പറഞ്ഞതായിരിക്കാം. എന്നാല്‍ ആ കാഴ്ചപ്പാടിനോട് താന്‍ യോജിക്കുന്നില്ല. ശശി തരൂരിന്റെ പരാമര്‍ശം നെഹ്‌റു കുടുംബത്തെ ഉദേശിച്ചതാണെന്ന് അദേഹം പോലും പറഞ്ഞിട്ടില്ല. ലേഖനം വായിച്ചില്ല. പൊതുവായ കാര്യം അദേഹം പറഞ്ഞുവെന്ന് പിജെ കുര്യന്‍ പറഞ്ഞു. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടി, വ്യത്യസ്ത അഭിപ്രായം പറയുന്നവരുടെ വായ മൂടിക്കുന്നതല്ല കോണ്‍ഗ്രസിന്റെ രീതി. നെഹ്‌റു കുടുംബം കുടുംബാധിപത്യം വഴി വന്നവരല്ല. നെഹ്‌റു കുടുംബത്തെ ജനങ്ങള്‍ തെരഞ്ഞെടുത്തതാണെന്ന് അദേഹം പറഞ്ഞു.

ശശി തരൂരിന്റെ കാഴ്ചപ്പാടിനെ ഗൗരവത്തോടെ എടുക്കേണ്ട. പാര്‍ട്ടിക്ക് അകത്ത് വിമര്‍ശിക്കാന്‍ കോണ്‍ഗ്രസില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. വിമര്‍ശിക്കുന്നവരെ ഉള്‍ക്കൊള്ളുന്നത് കോണ്‍ഗ്രസിന്റെ സൗന്ദര്യം. ശശി തരൂരിന്റെ വിമര്‍ശനങ്ങള്‍ എതിരാളികള്‍ ഉപയോഗിക്കും. പാര്‍ട്ടിക്ക് പുറത്ത് പാര്‍ട്ടിയുടെ നയത്തെ വിമര്‍ശിക്കുന്നത് ചെയ്യാന്‍ പാടില്ലാത്തത്. ശശി തരൂരിന് പാര്‍ട്ടിയില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടുണ്ട്. അദ്ദേഹം അര്‍ഹിക്കുന്നത് കിട്ടാത്തത് എന്നതുകൊണ്ട് എന്താണെന്ന് ഉദ്ദേശിക്കുന്നത് എന്നറിയില്ലെന്ന് പിജെ കുര്യന്‍ പറഞ്ഞു.