- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎസ്-ഇസ്രയേല്‍ യുദ്ധം വിതരണ ശൃംഖലയിലുണ്ടാക്കിയ തടസങ്ങളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞില്ല; സിലിണ്ടറുകളുടെ വില സര്‍ക്കാര്‍ വര്‍ധിപ്പിച്ചത് ജനങ്ങള്‍ക്ക് ഇരട്ടിഭാരമായി; പാചക വാതക ക്ഷാമത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി
പാചക വാതക ക്ഷാമത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

തിരുവനന്തപുരം: പാചക വാതക ക്ഷാമം രാജ്യത്തെ ജനങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പാചകവാതക വിതരണം ഉറപ്പുവരുത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് എം എ ബേബി പറഞ്ഞു. ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ യുദ്ധം വിതരണ ശൃംഖലയിലുണ്ടാക്കിയ തടസങ്ങളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും കഴിയുന്നത്ര വാതക ശേഖരം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും എം എ ബേബി കത്തില്‍ ചൂണ്ടിക്കാട്ടി.
ഇറാനില്‍ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന ആക്രമണം ആഗോള ഊര്‍ജ്ജ വിതരണ ശൃംഖലയെ സാരമായി ബാധിച്ചുവെന്നും ഇത് മൂലം രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണെന്നും എം എ ബേബി വ്യക്തമാക്കി.''സബ്സിഡിയുള്ളതും സബ്സിഡിയില്ലാത്തതുമായ പാചക വാതക സിലിണ്ടറുകളുടെ വില സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇതിനകം തന്നെ പണപ്പെരുപ്പത്തില്‍ ബുദ്ധിമുട്ടുന്ന ജനങ്ങളുടെ മേല്‍ വലിയ ഭാരം ചുമത്തുന്നതാണ് ഈ നടപടി. ഇതിനുപുറമെയാണ്, പാചകവാതകത്തിന്റെ കടുത്ത ക്ഷാമം നേരിടുന്നത്. റീഫില്ലുകള്‍ക്കായി രജിസ്റ്റര്‍ ചെയ്യാനും എല്‍പിജിക്കായി
നീണ്ട ക്യൂവില്‍ കാത്തിരിക്കാനും ജനങ്ങള്‍ നിര്‍ബന്ധിതരാവുകയാണ്. ഇവിടെ കരിഞ്ചന്തക്കാര്‍ നിലവിലെ സാഹചര്യം മുതലെടുക്കുന്നു. ഗാര്‍ഹിക ഉപയോഗത്തിനുള്ള ഗ്യാസ് സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ 1,500 രൂപ മുതല്‍ 4,000 രൂപ വരെ നിരക്കിലാണ് വില്‍ക്കുന്നത്. കരിഞ്ചന്ത തടയുന്നതിനും ആവശ്യക്കാരായ എല്ലാ വ്യക്തികള്‍ക്കും ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണം.
പാചകവാതക ക്ഷാമം കാരണം, പല ഹോസ്റ്റലുകളും ഭക്ഷണ മെനു കുറച്ചിട്ടുണ്ട്. ചില സ്ഥലങ്ങളില്‍, ഹോസ്റ്റലുകള്‍ അടച്ചുപൂട്ടുകയും വിദ്യാര്‍ഥികളോട് വീടുകളിലേക്ക് മടങ്ങി പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് വിദ്യാര്‍ഥികളുടെ ആരോഗ്യത്തെയും വിദ്യാഭ്യാസത്തെയും പ്രതികൂലമായി ബാധിക്കും. അതുണ്ടാകാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകളിലേക്ക് ഗ്യാസ് സിലിണ്ടറുകള്‍ തടസമില്ലാത്ത വിതരണം ചെയ്യാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണം'', എം എ ബേബി കത്തില്‍ വ്യക്തമാക്കി.
എല്‍പിജി ക്ഷാമം റസ്റ്റോറന്റുകള്‍, ഓഫീസ് കാന്റീനുകള്‍ തുടങ്ങിയവയെയും ബാധിച്ചിട്ടുണ്ടെന്നും ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്ന ഗിഗ് തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
''ഇന്‍ഡക്ഷന്‍ സ്റ്റൗ, ഇലക്ട്രിക് കുക്കര്‍ തുടങ്ങിയ മറ്റ് പാചക സ്രോതസ്സുകളുടെ വില കുത്തനെ ഉയര്‍ന്നു. വിറകിന്റെ വില പോലും നാലോ അഞ്ചോ ഇരട്ടിയിലധികമായി വര്‍ധിച്ചിരിക്കുകയാണ്. ഭക്ഷ്യ എണ്ണയുടെ വില വര്‍ധിച്ചുവരുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ അത് സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടും. വിലക്കയറ്റത്തിന്റെ അധിക ഭാരം അനുഭവിക്കുന്നത് സാധാരണക്കാരാണ്. മൊത്തത്തില്‍, യുഎസും ഇസ്രയേലും ആരംഭിച്ച യുദ്ധം നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഗ്യാസ് അധിഷ്ഠിതമായി പ്രവര്‍ത്തിച്ചിരുന്ന ശ്മശാനങ്ങള്‍ അടച്ചുപൂട്ടേണ്ടിവന്നതോടെ ശവസംസ്‌കാരം പോലും ബുദ്ധിമുട്ടായി മാറിയിരിക്കുന്നു'', എം എ ബേബി പറഞ്ഞു.
ഈ അവസരത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമായ കാര്യങ്ങളെക്കുറിച്ചും എം എ ബേബി ഓര്‍മിപ്പിച്ചു. ഗ്യാസ് സിലിണ്ടറുകള്‍ പൂഴ്ത്തിവെച്ച് വില കൂട്ടി വില്‍ക്കുന്ന കരിഞ്ചന്തക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക, വിദ്യാര്‍ഥി ഹോസ്റ്റലുകളിലേക്ക് ഗ്യാസ് സിലിണ്ടറുകള്‍ തടസമില്ലാതെ വിതരണം ചെയ്യുക, ഭക്ഷ്യ എണ്ണകളുടെ വില നിയന്ത്രിക്കുക, ഗിഗ് തൊഴിലാളികള്‍ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുക, ചെറുകിട റസ്റ്റോറന്റ് ഉടമകളുടെ ആവശ്യങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് എം എ ബേബി മുന്നോട്ട് വെച്ചിരിക്കുന്നത്.


