മൊഹാലി: വീണ്ടും തുടര്‍ ഭരണത്തിലേക്കാണ് കേരളം പോകുന്നതെന്ന് സിപിഎം അഖിലേന്ത്യാ സെക്രട്ടറി എം എ ബേബി. ഛണ്ഡീഗഡില്‍ നടക്കുന്ന സിപിഐയുടെ 25-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫിന് കേരളത്തില്‍ മേധാവിത്വമുണ്ട്. കൂടുതല്‍ ശക്തിപ്പെടണം. കേരളത്തില്‍ മാത്രമാണ് ഇടത് ഭരണമുള്ളത്. തുടര്‍ച്ചയായി ഭരണം കിട്ടിയത് രാഷ്ട്രീയ അത്ഭുതമാണ്. തുടര്‍ ഭരണം ആവര്‍ത്തിക്കുമെന്നും എംഎ ബേബി പറഞ്ഞു. വേദിയില്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിനെ എം എ ബേബി അഭിനന്ദിച്ചു. ഓണക്കാലത്ത് ഭക്ഷ്യ ദൗര്‍ബല്യം ഉണ്ടായില്ല.

കേരളത്തിലെ ഇടത് ബദല്‍ രാജ്യമാകെ ഉയര്‍ത്തിക്കാട്ടണമെന്നും വേദിയില്‍ കേരളത്തെ പുകഴ്ത്തിക്കൊണ്ട് സിപിഐഎം ജനറല്‍ സെക്രട്ടറി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്തനായെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തിലും എം എ ബേബി പ്രതികരിച്ചു. പിണറായി വിജയന്‍ എങ്ങനെയുള്ള കമ്മ്യൂണിസ്റ്റ് ആണെന്ന് തനിക്ക് നേരിട്ടറിയാം. വെള്ളാപ്പള്ളി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായവും നിരീക്ഷണവുമാണെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി. സവര്‍ക്കര്‍ ഗുരു എന്ന് അഭിമാനത്തോടെ പറയുന്ന വ്യക്തിയാണ് ഇന്ത്യ ഭരിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ട്രംപിന്റെ നികുതി ഭീകരതയ്ക്ക് മറുപടി പറയാന്‍ ആളില്ല. ഇന്ത്യ-പാക് യുദ്ധം അടക്കം വിവിധ യുദ്ധങ്ങള്‍ നിര്‍ത്തിയതിന് നോബല്‍ സമ്മാനം ചോദിക്കുകയാണ് ട്രംപെന്നും എംഎ ബേബി പരിഹസിച്ചു.

ഇടത് പാര്‍ട്ടികളുടെ ഐക്യം പ്രധാനമാണ്. ശക്തിയും ദൗര്‍ബല്യവും അറിയണമെന്നും എംഎ ബേബി കൂട്ടിച്ചേര്‍ത്തു. മാവോയിസ്റ്റുകള്‍ക്കെതിരായ സുരക്ഷാ സേനയുടെ ആക്രമണം ഉന്നയിച്ച ബേബി കേന്ദ്ര സര്‍ക്കാര്‍ മാവോയിസ്റ്റുകളുമായി ചര്‍ച്ചയ്ക്ക് തയാറാകുന്നില്ലെന്നും ആരോപിച്ചു. ആദിവാസികളിലെ ചെറുത്തുനില്‍പ്പ് പൂര്‍ണമായി ഇല്ലാതാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.