മുബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലും 'ആര്‍ എസ് എസ്' ഇഫക്ടുണ്ടാകും. മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തിന്റെ സമ്പൂര്‍ണ്ണ വിജയത്തിന് പിന്നില്‍ നാഗ്പൂര്‍ ഇടപെടല്‍ വ്യക്തമാണ്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ചടുലമായ നീക്കമാണ് പ്രചരണത്തില്‍ ആര്‍ എസ് എസിനെ സജീവമാക്കിയത്. അടുത്ത കാലത്ത് നിരവധി തവണയാണ് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവതിനെ ഫഡ്‌നാവീസ് നേരിട്ട് കണ്ടത്. ഈ കൂടിക്കാഴ്ചകളാണ് വിജയത്തില്‍ നിര്‍ണ്ണായകമായത്. മോദി പ്രഭാവത്തിനപ്പുറം ഹൈന്ദവ വോട്ട് ഏകീകരണത്തില്‍ ശ്രദ്ധിക്കണമെന്ന ഉപദേശം ഫഡ്‌നാവീസിന് നാഗ്പൂര്‍ നല്‍കി. ഇത് വിജയമന്ത്രമായി. നിലവിലെ സാഹചര്യത്തില്‍ ഫഡ്‌നാവീസ് മുഖ്യമന്ത്രിയാകട്ടേ എന്നതാണ് ആര്‍ എസ് എസ് നിലപാട് എന്നാണ് സൂചന.

ഫഡ്‌നാവീസും ആര്‍ എസ് എസും തമ്മില്‍ അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ആര്‍ എസ് എസിന് ഏറെ താല്‍പ്പര്യമുള്ള ഉദ്ദവ് താക്കറയുടെ ശിവസേനയെ ബിജെപി മുന്നണിയില്‍ നിന്ന് അകറ്റിയത് ഫ്ഡനാവീസ് ആണെന്നായിരുന്നു ആര്‍ എസ് എസ് തുടക്കത്തില്‍ വിലയിരുത്തിയത്. ഫഡ്‌നാവീസിന്റെ ഏകപക്ഷീയ നിലപാടുകളിലും എതിര്‍പ്പുണ്ടായി. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയെ ഫഡ്‌നാവീസ് അവഗണിക്കുന്നതും അംഗീകരിച്ചിരുന്നില്ല. ഇതെല്ലാം ആര്‍ എസ് എസിനെ ചൊടിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അത് തിരിച്ചടിയായി മാറി. ഇതോടെ ഫഡ്‌നാവീസ് തിരുത്തലുകള്‍ക്ക് ഇറങ്ങി. നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്തേക്ക് നിരന്തരം എത്തി. മഹായുതി സഖ്യ ചര്‍ച്ചകളില്‍ കരുതല്‍ കാട്ടി. വിവാദങ്ങളില്‍ നിന്നും പരമാവധി അകന്നു. ഒരു ഘട്ടത്തില്‍ ഉപമുഖ്യമന്ത്രി പദം ഒഴിയാമെന്നും അറിയിച്ചു. ഇതോടെ ആര്‍ എസ് എസ് നയം മാറ്റി. ഫഡ്‌നാവീസിനെ കൂടുതല്‍ അടുപ്പിച്ചു. ഫഡ്‌നാവീസിനെ മുന്നില്‍ നിര്‍ത്തി കളം പിടിച്ചു. അതുകൊണ്ട് തന്നെ മഹാരാഷ്ട്രയുടെ ഭാവി മുഖ്യമന്ത്രിയായി ഫഡ്‌നാവീസ് എത്തുമെന്നാണ് വിലയിരുത്തല്‍. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലെങ്കിലും വമ്പന്‍ വിജയമാണ് ബിജെപി നേടിയത്. 148 സീറ്റില്‍ മത്സരിച്ച ബിജെപി 132 സീറ്റിലാണ് ജയിച്ചത്. 288 അംഗ നിയമസഭയില്‍ ഒറ്റയ്ക്ക് ഭരിക്കാന്‍ വേണ്ടത് 145 സീറ്റും.

അതായത് ഒറ്റയ്ക്ക് അധികാരം പിടിക്കണമെന്ന ആഗ്രഹം സീറ്റ് വിഭജനത്തില്‍ ബിജെപി പ്രകടിപ്പിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ മുന്നണിയ്ക്കുള്ളില്‍ എല്ലാ പാര്‍ട്ടികള്‍ക്കും പ്രതീക്ഷ കൂടി. മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് ശക്തികേന്ദ്രങ്ങളില്‍ മുഖ്യമന്ത്രിയായിരുന്ന ഷിന്‍ഡേയുടെ ശിവസേനയും അജിത് പവാറിന്റെ എന്‍സിപിയും പോരാട്ടം നയിച്ചു. അത് സഖ്യത്തിന്റെ വമ്പന്‍ വിജയത്തിലേക്കും കാര്യങ്ങളെ എത്തിച്ചു. പക്ഷേ 132 സീറ്റുള്ള ബിജെപിയെ മുഖ്യമന്ത്രി കസേരയില്‍ നിന്നും ഇവര്‍ അകറ്റാന്‍ ശ്രമിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. അങ്ങനെ വന്നാല്‍ അതിനുള്ള മറുമരുന്നും ബിജെപിക്ക് മുന്നിലുണ്ട്. മഹായുതി സഖ്യം ശക്തമായപ്പോള്‍ മഹാ വികാസ് അഖാഡി തകര്‍ന്നടിഞ്ഞു. ഈ സാഹചര്യത്തില്‍ മഹായുതി സഖ്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെ മുഖ്യമന്ത്രി സ്ഥാനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് ആര്‍എസ്എസ് നേതൃത്വം ബിജെപിയോട് നിര്‍ദേശിച്ചതായി വിവരമുണ്ട്. മഹായുതിയെ അധികാരത്തിലെത്തിക്കുകയും ബിജെപിയെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ത്തുകയും ചെയ്ത ദേവേന്ദ്ര ഫഡ്നാവിസിന്റെ അശ്രാന്ത പരിശ്രമം അംഗീകരിക്കപ്പെടണമെന്നാണ് ആര്‍എസ്എസ് നിലപാട്.

ഫഡ്നാവിസ് സംസ്ഥാനത്തുടനീളം വിപുലമായ പ്രചാരണം നടത്തിയിരുന്നു. 64 റാലികളിലാണ് അദ്ദേഹം പങ്കെടുത്തത്. ഇതോടെ മുഖ്യമന്ത്രിസ്ഥാനം ബിജെപി ഏറ്റെടുക്കുമെന്ന അഭ്യൂഹം ശക്തമായി. ഏക്‌നാഥ് ഷിന്‍ഡെ വീണ്ടും മുഖ്യമന്ത്രിയാകാന്‍ സാധ്യതയില്ലെന്നാണ് വിവരം. നിലവില്‍ രണ്ട് ഉപ മുഖ്യമന്ത്രിമാരാണ് സംസ്ഥാനത്തുള്ളത്. ഇതു തുടരണോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകും. ഘടകകക്ഷികളായ ശിവസേന ഷിന്‍ഡെ വിഭാഗം, എന്‍സിപി അജിത് പവര്‍ വിഭാഗം എന്നിവര്‍ക്ക് നല്‍കേണ്ട മന്ത്രിസ്ഥാനങ്ങളിലും തീരുമാനമെടുക്കണം. നാളെയാണ് ബിജെപിയുടെയും ഘടകകക്ഷികളെയും യോഗം. മറ്റന്നാള്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഒറ്റയ്ക്ക് കേവലഭൂരിപക്ഷത്തിനു 13 സീറ്റുകള്‍ കുറവുള്ള ബിജെപി മഹാരാഷ്ട്രയില്‍ എക്കാലത്തെയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി ഫഡ്നാവിസിനെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫഡ്നാവിസുമായി നല്ല അടുപ്പം പങ്കിടുന്ന അജിത് പവാറും ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രിയാകുമെന്ന് വൃത്തങ്ങള്‍ പറയുന്നു. ഇതിന് ഇരില്‍ ഒരാള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാലും പ്രശ്‌നമില്ല. മറ്റേ പാര്‍ട്ടിയുടെ പിന്തുണയില്‍ അധികാരത്തില്‍ എത്താം.

അതിന് കഴിഞ്ഞില്ലെങ്കില്‍ ശിവസേന ഉദ്ദവ് താക്കറെ പക്ഷത്തെ ബിജെപിയില്‍ എത്തിക്കണമെന്നാണ് ആര്‍ എസ് എസ് നിലപാട്. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയവുമായി ഏറെ അടുത്തു പോകുന്ന പാര്‍ട്ടിയാണ് ശിവസേന. ബാല്‍താക്കറെ ബിജെപിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സഖ്യ നേതാവായിരുന്നു. താക്കറെയുടെ മകന്‍ ബിജെപിക്കൊപ്പം വേണമെന്നതാണ് ആര്‍ എസ് എസ് ആഗ്രഹം. അതിനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ഫഡ്‌നാവിസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാറിയ സാഹചര്യത്തില്‍ ബിജെപിക്ക് വിശ്വസിക്കാവുന്ന സഖ്യ കക്ഷിയായി ബാല്‍ താക്കറെയുടെ പാര്‍ട്ടി മാറുമെന്നും വിലയിരുത്തലുണ്ട്. ലോക്സഭയിലെ മഹായുതി സഖ്യത്തിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ഫഡ്നാവിസിനെ ഡല്‍ഹിയിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ മുഖമായി ഉയര്‍ത്തിക്കാട്ടുന്നതിനു പകരം കൂട്ടായ നേതൃത്വത്തെ അവതരിപ്പിക്കാനുള്ള നീക്കവും നടന്നു. ഇതെല്ലാം ആര്‍ എസ് എസിന്റെ തന്ത്രത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ആര്‍ എസ് എസ് മനസ്സ് തിരിച്ചറിഞ്ഞ് ഫഡ്‌നാവീസ് എല്ലാ പ്രശ്‌നവും പറഞ്ഞു പരിഹരിച്ചു. അതുകൊണ്ട് തന്നെ ഉദ്ദവിന്റെ ശിവസേനയെ ബിജെപി മുന്നണിയില്‍ എത്തിക്കുന്ന ദൗത്യവും ഫഡ്‌നാവീസ് ഏറ്റെടുക്കുമെന്ന് സൂചനകളുണ്ട്.

ലോക്‌സഭയില്‍ ശിവസേന ഉദ്ദവ് താക്കറെ പക്ഷത്തിന് ഒന്‍പത് എംപിമാരുണ്ട്. ഇവരുടെ പിന്തുണയും മോദി സര്‍ക്കാരിന്റെ കരുത്ത് കൂട്ടും. വഖഫ് ബില്‍ അടക്കമുള്ള വിഷയങ്ങളില്‍ ഉദ്ദവിന്റെ നിലപാട് ബിജെപിക്കൊപ്പമാകണമെന്ന ആഗ്രഹവും ആര്‍ എസ് എസിനുണ്ട്. ഉദ്ദവ് താക്കറെയുടെ ശിവസേനയ്ക്കും മഹാരാഷ്ട്രയില്‍ 20 എംഎല്‍എമാരുണ്ട്. ഇവരുടെ പിന്തുണ കിട്ടിയാല്‍ മഹാരാഷ്ട്രയില്‍ ബിജെപിക്ക് സുഖ ഭരണവും ഉറപ്പാകും.