ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മോയിത്ര. ഇന്ത്യക്ക് ശക്തമായ ഒരു സര്‍ക്കാര്‍ ആവശ്യമാണെന്നും തനിക്ക് വേണമെങ്കില്‍ തിരികെ പോയി ഒരു ചായക്കട തുറക്കാമെന്നുമുള്ള പ്രധാനമരന്തി നരേന്ദ്ര മോദിയുടെ പഴയ ട്വീറ്റ് പങ്കുവെച്ച്, കടുത്ത മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. 'അതെ, നമ്മെ സംരക്ഷിക്കാന്‍ ഇന്ത്യക്ക് ശക്തമായ ഒരു സര്‍ക്കാര്‍ ആവശ്യമാണ്. മറ്റ് പണികള്‍ നിങ്ങളെ കാത്തിരിക്കുന്നു' -മൊയ്ത്ര പറഞ്ഞു.

ഡല്‍ഹി ചെങ്കോട്ടക്ക് സമീപം ഭീകരാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിട്ടും മോദി മുന്‍കൂട്ടി നിശ്ചയിച്ച ഭൂട്ടാന്‍ പര്യടനത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് മൊയ്ത്രയുടെ രൂക്ഷ വിമര്‍ശനം. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കെ, 2014 ഏപ്രില്‍ 29നായിരുന്നു മോദിയുടെ ട്വീറ്റ്. 'ഇന്ത്യക്ക് ശക്തമായ ഒരു സര്‍ക്കാര്‍ ആവശ്യമാണ്. മോദി എന്നത് ഒരു വിഷയമല്ല. എനിക്ക് തിരികെ പോയി ഒരു ചായക്കട തുറക്കാം. പക്ഷേ, രാഷ്ട്രത്തിന് ഇനിയും സഹിക്കാനാവില്ല' -എന്നായിരുന്നു ട്വീറ്റ്.

ആഭ്യന്തരമന്ത്രി അമിത് ഷായെയും മഹുവ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. 'ഇന്ത്യക്ക് വേണ്ടത് കഴിവുള്ള ഒരു ആഭ്യന്തര മന്ത്രിയെയാണ്, മുഴുവന്‍ സമയ വിദ്വേഷ പ്രചാരണ മന്ത്രിയല്ല. നമ്മുടെ അതിര്‍ത്തികളെയും നഗരങ്ങളെയും സംരക്ഷിക്കേണ്ടത് ആഭ്യന്തരമന്ത്രി അമിത്ഷായുടെ കടമയല്ലേ? എല്ലാ കാര്യങ്ങളിലും അദ്ദേഹം ഇത്രയധികം പരാജയപ്പെടുന്നത് എന്തുകൊണ്ടാണ്?' -മൊയ്ത്ര ചോദിച്ചു.

അതിനിടെ, സ്‌ഫോടനത്തിന്റെ അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കും. രാജ്യത്തെ നടുക്കിയ സംഭവത്തിന് പിന്നില്‍ ചാവേര്‍ ആക്രമണ സാധ്യത തള്ളാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്‌ഫോടനത്തിന് പിന്നാലെ മുതിര്‍ന്ന എന്‍.ഐ.ഐ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സംഭവ സ്ഥലത്തെത്തിയിരുന്നു.