- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അമിത് ഷാ അപകടകാരി, ഒരു കണ്ണിൽ ദുര്യോധനൻ, മറ്റേ കണ്ണിൽ ദുശ്ശാസനൻ'; ബംഗാളിൽ നിന്ന് ആരെയും പുറത്താക്കാൻ അനുവദിക്കില്ല; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മമത
കൃഷ്ണനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ 'അപകടകാരി'യാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിൽ നിന്ന് ഒരു വ്യക്തിയെ പോലും പുറത്താക്കാൻ അനുവദിക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് (ടിഎംസി) അധ്യക്ഷ ഉറപ്പിച്ചു പറഞ്ഞു. തീവ്ര വോട്ടർ പട്ടികയെ ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്ന് ആരോപിച്ച മമത, ഒരൊറ്റ വോട്ടറുടെ പേര് നീക്കം ചെയ്താൽ താൻ ധർണ ഇരിക്കുമെന്നും പ്രഖ്യാപിച്ചു.
കൃഷ്ണനഗറിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം. "രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി അപകടകാരിയാണ്. അത് അദ്ദേഹത്തിന്റെ കണ്ണുകളിൽ കാണാം... അത് ഭയപ്പെടുത്തുന്നതാണ്. ഒരു കണ്ണിൽ ദുര്യോധനനെയും മറ്റേ കണ്ണിൽ ദുശ്ശാസനനെയുമാണ് കാണുന്നത്," അവർ പറഞ്ഞു. ബംഗാളികളെ മുഴുവൻ ബംഗ്ലാദേശികളാക്കി ചിത്രീകരിച്ച് തടങ്കൽ പാളയങ്ങളിലേക്ക് അയയ്ക്കാൻ ശ്രമിക്കുന്ന ഒരു ആഭ്യന്തര മന്ത്രിയാണ് നമുക്കുള്ളതെന്നും, എന്നാൽ ആരെയും ബംഗാളിൽ നിന്ന് പുറത്താക്കാൻ അനുവദിക്കില്ലെന്നും മമത കൂട്ടിച്ചേർത്തു.
ഡിസംബർ 7 ന് നടന്ന ‘പാഞ്ച് ലോഖോ കൊന്തേ ഗീത പാത്’ പരിപാടിയിലെ അക്രമത്തെ അവർ രൂക്ഷമായി വിമർശിച്ചു. ‘ഇത് ഉത്തർപ്രദേശല്ല, പശ്ചിമ ബംഗാളാണ്. അവർ ഭക്ഷണ വിൽപനക്കാരെ മർദിച്ചു. ഇന്നലെ രാത്രി ഞങ്ങൾ എല്ലാവരെയും അറസ്റ്റ് ചെയ്തു. സംസ്ഥാനത്തിന്റെ സാമൂഹിക ഘടനയിലേക്ക് ഭിന്നത ഇറക്കുമതി ചെയ്യാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്നും’ മമത ആരോപിച്ചു.
പൗരത്വം തെളിയിക്കാൻ താൻ ഇതുവരെ ഫോം പൂരിപ്പിച്ചിട്ടില്ലെന്നും, കലാപകാരികളുടെ ഒരു പാർട്ടിയോട് പൗരത്വം തെളിയിക്കേണ്ടതുണ്ടോ എന്നും അവർ ചോദിച്ചു. കൂടാതെ, കൊൽക്കത്തയിൽ നടന്ന 'ഗീതാ പാഠ്' പരിപാടിയ്ക്ക് സമീപം നോൺ-വെജ് കട്‌ലറ്റ് വിറ്റ മുസ്ലിം കച്ചവടക്കാർക്ക് നേരെ നടന്ന ആക്രമണത്തെ മമത ശക്തമായി അപലപിച്ചു. സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് അവർ വ്യക്തമാക്കി.




