- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബംഗാളില്‍ അപ്രഖ്യാപിത രാഷ്ട്രപതി ഭരണം'; ജനങ്ങളുടെ പൗരത്വം തട്ടിയെടുക്കാന്‍ ഗൂഢാലോചന നടക്കുന്നു; തിരഞ്ഞെടുപ്പ് കമീഷന് കേന്ദ്രവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു; സംസ്ഥാനത്തിന്റെ സ്വയംഭരണാധികാരം തകര്‍ക്കുന്നു: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു മമത ബാനര്‍ജി
'ബംഗാളില്‍ അപ്രഖ്യാപിത രാഷ്ട്രപതി ഭരണം'; ജനങ്ങളുടെ പൗരത്വം തട്ടിയെടുക്കാന്‍ ഗൂഢാലോചന നടക്കുന്നു

കൊല്‍ക്കത്ത: നിയസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് രാജ്യം നീങ്ങവെ, കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ കടന്നാക്രമണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിനെ വിഴുങ്ങാന്‍ കേന്ദ്രം വന്‍ ഗൂഢാലോചന നടത്തുകയാണെന്നും സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് അപ്രഖ്യാപിത രാഷ്ട്രപതി ഭരണമാണെന്നും മമത തുറന്നടിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മമത തീപ്പൊരി വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
കേന്ദ്ര സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും കൈകോര്‍ത്ത് ബംഗാളിന്റെ സ്വയംഭരണാധികാരം തകര്‍ക്കുകയാണെന്നാണ് മമതയുടെ പ്രധാന ആരോപണം. ഉദ്യോഗസ്ഥ തലത്തില്‍ കേന്ദ്രം നടത്തുന്ന അഴിച്ചുപണികള്‍ സംസ്ഥാന സര്‍ക്കാരിനെ നോക്കുകുത്തിയാക്കാനാണെന്നും, ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബംഗാളില്‍ ഇപ്പോള്‍ രാഷ്ട്രപതി ഭരണത്തിന് തുല്യമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അവര്‍ ആരോപിച്ചു.
തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ രാജ്യത്ത് എന്‍ആര്‍സിയും സെന്‍സസും നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഇത് സാധാരണക്കാരുടെ പൗരത്വം കവര്‍ന്നെടുക്കാനുള്ള നീക്കമാണ്. ലക്ഷക്കണക്കിന് ആളുകളെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാനും ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെച്ച് വേട്ടയാടാനുമാണ് കേന്ദ്ര നീക്കം. ഭരണഘടനാപരമായ നീതി രാജ്യത്ത് അസ്തമിച്ചുവെന്നും മമത പറഞ്ഞു.
അത്യന്തം ഗൗരവകരമായ മറ്റൊരു ആരോപണവും മമത ഉന്നയിച്ചു. ഉത്തര്‍ ബംഗാളിനെ സംസ്ഥാനത്ത് നിന്ന് അടര്‍ത്തി മാറ്റി ബിഹാറിന്റെ ഭാഗങ്ങളുമായി ചേര്‍ത്ത് പുതിയ സംസ്ഥാനം രൂപീകരിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുണ്ടെന്നാണ് മമതയുടെ വെളിപ്പെടുത്തല്‍. ഇതിനായി വര്‍ഗീയ കലാപങ്ങള്‍ അഴിച്ചുവിടാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നതിലൂടെ വ്യവസായികള്‍ക്ക് പണം തട്ടിയെടുത്ത് വിദേശത്തേക്ക് കടക്കാന്‍ കേന്ദ്രം സൗകര്യമൊരുക്കുന്നു. ബംഗാളിനെ കൈക്കലാക്കാനാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ ശ്രമമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'സംസ്ഥാനത്തെ ജനങ്ങള്‍ ഒത്തൊരുമയോടെയും ജാഗ്രതയോടെയും ഇരിക്കണം. ഭയത്തിന് കീഴ്‌പ്പെടരുത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ നല്‍കുന്ന കൈക്കൂലികളോ മറ്റ് പ്രലോഭനങ്ങളോ സ്വീകരിക്കരുത്. മോദി ഭരണത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം' മമത പറഞ്ഞു.


