- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ബംഗാളി സംസാരിക്കുന്നവർക്ക് നേരെയുള്ള പീഡനങ്ങളെ ശക്തമായി അപലപിക്കുന്നു; കുടിയേറ്റ കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും മമത ബാനർജി
കൊൽക്കത്ത: ഒഡിഷയിലെ സാംബൽപൂർ ജില്ലയിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള 30കാരനായ കുടിയേറ്റ തൊഴിലാളി ജുവൽ ശൈഖ് കൊല്ലപ്പെട്ട സംഭവത്തിൽ കടുത്ത രോഷം പ്രകടിപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊലപാതകത്തിന് പിന്നിൽ ഹിന്ദുത്വ ആൾക്കൂട്ടമാണെന്ന് ആരോപിച്ച മമത, ബംഗാളി സംസാരിക്കുന്നവർക്കെതിരായ അടിച്ചമർത്തലിനെയും അക്രമത്തെയും ശക്തമായി അപലപിച്ചു. വിഷയത്തിൽ അന്വേഷണം നടത്താൻ ബംഗാൾ പൊലീസ് സംഘത്തെ ഒഡിഷയിലേക്ക് അയച്ചതായും അവർ അറിയിച്ചു.
ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ബംഗാളി സംസാരിക്കുന്ന ആളുകൾക്കെതിരായ ക്രൂരമായ അടിച്ചമർത്തലിനെയും പീഡനത്തെയും അക്രമത്തെയും ശക്തമായി അപലപിക്കുന്നതായി എക്സിലെ ഒരു പോസ്റ്റിലൂടെ മമത വ്യക്തമാക്കി. ഭീഷണിപ്പെടുത്തലിനും മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനും വിധേയരായ ബംഗാളി സംസാരിക്കുന്ന കുടിയേറ്റ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും മമത പറഞ്ഞു.
ബുധനാഴ്ച സാംബൽപൂരിൽ ഒരു ബീഡിയെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ഈ ദാരുണമായ സംഭവത്തിൽ ഒഡിഷ പൊലീസ് ഇതുവരെ എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മരിച്ച ജുവൽ ശൈഖിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുമെന്നും, ഇരകൾക്ക് എല്ലാ സഹായങ്ങളും നൽകാനുള്ള തങ്ങളുടെ പ്രതിബദ്ധത ആവർത്തിക്കുന്നുവെന്നും അവർ പറഞ്ഞു.




