കോയമ്പത്തൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്താതെ തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ വിട്ടുനിന്നത് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി. എഐഎഡിഎംകെ-ബിജെപി സീറ്റ് വിഭജനത്തിലെ കടുത്ത അതൃപ്തിയാണ് അണ്ണാമലൈയുടെ ഈ അസാന്നിധ്യത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. പാലക്കാട്ടെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പേര് പട്ടികയിലുണ്ടായിരുന്നിട്ടും അണ്ണാമലൈ എത്തിയില്ലെന്ന് ബിജെപി നേതാവ് വാനതി ശ്രീനിവാസൻ വ്യക്തമാക്കി.

തമിഴ്നാട്ടിൽ ബിജെപിക്ക് വിജയസാധ്യതയില്ലാത്ത സീറ്റുകളാണ് നൽകിയതെന്ന ആരോപണമുയർത്തി അണ്ണാമലൈ കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. സംസ്ഥാനത്തെ ആകെ 234 നിയമസഭാ സീറ്റുകളിൽ 27 എണ്ണം മാത്രമാണ് ബിജെപിക്ക് അനുവദിച്ചത്. 169 സീറ്റുകളിൽ എഐഎഡിഎംകെയും, 18 സീറ്റുകളിൽ പിഎംകെയും, 11 സീറ്റുകളിൽ എഎംഎംകെയും മത്സരിക്കുന്നു. താൻ ഇത്തവണ മത്സരത്തിനില്ലെന്നും അണ്ണാമലൈ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മെയ് 4-ന് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താമെന്നും അദ്ദേഹം നിലപാട് അറിയിച്ചു.

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാർ രാജേന്ദ്രൻ, കേന്ദ്രമന്ത്രി എൽ. മുരുകൻ, എഐഎഡിഎംകെ മുൻ മന്ത്രി എസ്.പി. വേലുമണി, സിറ്റിംഗ് എംഎൽഎ വാനതി ശ്രീനിവാസൻ എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ എത്തിയിരുന്നു. അണ്ണാമലൈ വിട്ടുനിന്നതിന്റെ കാരണം പാർട്ടി അന്വേഷിക്കുകയാണെന്നും വാനതി ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

അതിനിടെ, അണ്ണാമലൈയെ സംസ്ഥാന നേതൃത്വം ഒതുക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അനുയായികൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശനമുയർത്തി. നൈനാർ രാജേന്ദ്രനും വാനതി ശ്രീനിവാസനും ഉൾപ്പെടെയുള്ളവർ സ്വന്തം സുരക്ഷിത സീറ്റുകൾ ഉറപ്പിക്കുകയും അണ്ണാമലൈയെ തഴയുകയും ചെയ്തുവെന്നാണ് ആരോപണം. കോയമ്പത്തൂരിൽ ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. സിംഗനല്ലൂർ, കാവുണ്ടംപാളയം എന്നിവിടങ്ങളിൽ നിന്ന് മത്സരിക്കാൻ അണ്ണാമലൈ ആഗ്രഹിച്ചിരുന്നെങ്കിലും ഈ സീറ്റുകൾ ബിജെപിക്ക് ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.