ഭോപാൽ: പാക്ക് അധിനിവേശ കശ്മീർ ഇന്ത്യയെന്ന വീടിന്റെ ഭാഗമാണെന്നും അത് തിരികെ പിടിക്കണമെന്നും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. മധ്യപ്രദേശിലെ സത്‌നയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്ക് അധിനിവേശ കശ്മീരിൽ ആഭ്യന്തര സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ആർഎസ്എസ് മേധാവിയുടെ പ്രസ്താവന.

'ഇന്ത്യ മുഴുവൻ ഒരു വീടാണ്, പക്ഷേ മേശ, കസേര, വസ്ത്രങ്ങൾ എന്നിവ സൂക്ഷിച്ചിരുന്ന ഞങ്ങളുടെ വീട്ടിലെ ഒരു മുറി ആരോ നീക്കം ചെയ്‌തു. അവർ അത് കൈവശപ്പെടുത്തിയിരിക്കുന്നു. നാളെ, എനിക്ക് അത് തിരികെ എടുക്കണം.,' മോഹൻ ഭാഗവത് പറഞ്ഞു. വിഭജനകാലത്ത് പാകിസ്ഥാനിലേക്ക് പോകാതെ ഇന്ത്യയിലേക്ക് വന്ന സിന്ധി സഹോദരന്മാരെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. 'അവർ പാക്കിസ്ഥാനിലേക്ക് പോയില്ല, അവിഭക്ത ഇന്ത്യയിലേക്കാണ് വന്നത്. സാഹചര്യങ്ങൾ അവരെ ഈ വീട്ടിലേക്ക് അയച്ചു, കാരണം ആ വീടും ഈ വീടും വ്യത്യസ്തമല്ല. മുഴുവൻ ഇന്ത്യയും ഒന്നാണ്,' അദ്ദേഹം കൂട്ടിച്ചേർത്തു.

പാക്ക് അധിനിവേശ കശ്മീരിൽ ആഭ്യന്തര സംഘർഷങ്ങൾ നിലനിൽക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നടന്ന ഏറ്റുമുട്ടലുകളിൽ പത്ത് പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് മോഹൻ ഭാഗവതിന്റെ പ്രസ്താവന വന്നിരിക്കുന്നത്.