- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് മണിക്കൂറില്‍ കൂടുതല്‍ ട്രെയിന്‍ വൈകിയാല്‍ വിശന്നിരിക്കേണ്ട; സൗജന്യ ഭക്ഷണം റെയില്‍വേ വക; ചായ മുതല്‍ ചോറും കറിയും വരെ; യാത്രാക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത; സേവനം ഈ ട്രെയിനുകളില്‍
ട്രെയിന്‍ വൈകിയാല്‍ സൗജന്യ ഭക്ഷണം റെയില്‍വേ വക
ഡല്‍ഹി: ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയോടുന്നത് യാത്രക്കാര്‍ക്കുണ്ടാക്കുന്ന പ്രതിസന്ധി ചെറുതൊന്നുമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതികളൊക്കെ തകിടംമറിക്കും. ഇന്ത്യയില്‍ ശൈത്യകാലം ആരംഭിച്ചതോടെ കനത്ത മൂടല്‍മഞ്ഞ് കാഴ്ചമറയ്ക്കുന്നത് പലപ്പോഴും ട്രെയിനുകള്‍ ഉള്‍പ്പെടെ പൊതുഗതാഗതത്തെയും സാരമായി ബാധിക്കാറുണ്ട്. എന്നാല്‍ ട്രെയിന്‍ വൈകിയോടുന്നതില്‍ ക്ഷമാപണം കേട്ട് പഴിക്കുന്ന യാത്രക്കാര്‍ക്ക് അല്‍പം ആശ്വാസം നല്‍കുന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്.
ട്രെയിന്‍ വൈകിയാല്‍, പ്രീമിയം ട്രെയിനുകളില്‍ സീറ്റ് ബുക്ക് ചെയ്തവര്‍ക്ക് യാത്രക്കിടെ മറ്റ് യാത്രാ സംവിധാനങ്ങളെ ആശ്രയിക്കുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് ട്രെയിന്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് റെയില്‍വേ നല്‍കുന്ന പ്രത്യേക സേവനം ചര്‍ച്ചയാകുന്നത്. അനിശ്ചിതമായി ട്രെയിന്‍ വൈകുന്ന പക്ഷം യാത്രക്കാര്‍ക്ക് സൗജന്യമായി ഭക്ഷണവും സ്നാക്സും നല്‍കാന്‍ റെയില്‍വെ ആലോചിക്കുന്നു. നിശ്ചയിച്ച സമയത്തെക്കാള്‍ രണ്ട് മണിക്കൂറോ അതില്‍ കൂടുതലോ വൈകിയാലാകും ഈ സേവനം കിട്ടുക.
യാത്രക്കാരുടെ അസൗകര്യം പരിഹരിക്കാനായി സൗജന്യ ഭക്ഷണമുള്‍പ്പെടെ റെയില്‍വേ നല്‍കുമെന്ന കാര്യം അറിയാത്തവരാണ് മിക്ക യാത്രക്കാരും. രാജധാനി, തുരന്തോ, ശതാബ്ദി ഉള്‍പ്പെടെയുള്ള ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് റെയില്‍വേ ഐആര്‍സിടിസിക്കൊപ്പം ചേര്‍ന്ന് ഭക്ഷണം നല്‍കുന്നത്. ഷെഡ്യൂള്‍ ചെയ്തതിനും രണ്ട് മണിക്കൂറില്‍ കൂടുതല്‍ ട്രെയിന്‍ വൈകിയാലാണ് സൗജന്യമായി ഭക്ഷണം ലഭിക്കുക.
സ്റ്റേഷനില്‍ ട്രെയിനിനായി കാത്തിരിക്കുന്നവര്‍ക്കും ലക്ഷ്യസ്ഥാനത്തെത്താന്‍ വൈകുന്നവര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം. യാത്രക്കാര്‍ക്ക് മധുരമിട്ടോ ഇല്ലാതെയോ ചായയോ കാപ്പിയോ ലഭിക്കും. ഇതിനൊപ്പം ബിസ്‌കറ്റും ലഭിക്കും. ബ്രഡ്, ബട്ടര്‍, ജ്യൂസ് (200 മി.ലി), ചായ അല്ലെങ്കില്‍ കാപ്പി എന്നിവയടങ്ങിയ സെറ്റ് ബ്രേക്ഫാസ്റ്റായോ ഈവനിങ് ടീ ആയോ ലഭിക്കും.
ഉച്ചഭക്ഷണമോ അത്താഴമോ ആയി ചോറും കറിയും അച്ചാറും അടങ്ങുന്ന ഭക്ഷണപ്പൊതിയോ പൂരിയും കറിയും അടങ്ങുന്ന പൊതിയോ വാങ്ങാം. പ്രാദേശിക രുചിഭേദങ്ങള്‍ അനുസരിച്ച് ഇതില്‍ മാറ്റമുണ്ടാകും.
ട്രെയിനുകള്‍ ഏറെ വൈകുകയാണെങ്കില്‍ റീ-ഫണ്ട് ലഭിക്കാനുള്ള ഓപ്ഷനുമുണ്ട്. മൂന്ന് മണിക്കൂറിലേറെ വൈകുകയോ വഴി തിരിച്ചുവിടുകയോ ചെയ്താല്‍ ടിക്കറ്റ് റദ്ദാക്കി പണം തിരികെ വാങ്ങാനാകും.
ഭക്ഷണത്തിനും റീഫണ്ടിനും പുറമേ, യാത്രക്കാര്‍ക്കായി ഇന്ത്യന്‍ റെയില്‍വേ മറ്റ് സൗകര്യങ്ങളും വിപുലീകരിക്കും. ട്രെയിനുകള്‍ വൈകുന്ന മുറയ്ക്ക് അധിക ചാര്‍ജ് ഈടാക്കാതെ വെയിറ്റിങ് റൂമുകള്‍ ഉപയോഗിക്കാം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ സേവനം സദാസമയവും ലഭ്യമായിരിക്കും. റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ സ്റ്റാളുകള്‍ ദീര്‍ഘനേരം പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളും സംഘടിപ്പിക്കും.