- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നെഹ്റുവിന്റെ കാലത്ത് 12 ലക്ഷം രൂപയുടെ നാലിലൊന്നും നികുതിയായി നല്‍കേണ്ടിവന്നു; ഇന്ദിരാ ഗാന്ധിയുടെ കാലത്ത് 10 ലക്ഷം രൂപ; ബിജെപി സര്‍ക്കാരിനു കീഴില്‍ ഇപ്പോള്‍ നികുതി വേണ്ട'; ജനങ്ങളുടെ ബജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് നരേന്ദ്ര മോദി
ജനങ്ങളുടെ ബജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ആദായനികുതി ഇളവ് ഉള്‍പ്പെടെ പ്രഖ്യാപിച്ച ഇത്തവണത്തെ കേന്ദ്രബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ ബജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. രാജ്യത്തെ മധ്യവര്‍ഗക്കാരെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ കേന്ദ്രബജറ്റ് ചരിത്രമാണെന്ന് ഡല്‍ഹി ആര്‍.കെ.പുരത്തെ തിരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം പറഞ്ഞു.
മധ്യവര്‍ഗത്തിന്റെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പ്രതിനിധീകരിക്കുന്ന ബജറ്റാണിത്. രാജ്യം സാമ്പത്തികമായി വളരുകയാണ്. മുന്‍കാലങ്ങളില്‍ അഴിമതി ജനങ്ങളെ തിന്നുതീര്‍ക്കുമായിരുന്നു. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം അപഹരിക്കപ്പെടുമായിരുന്നു. ബിജെപിയുടെ സത്യസന്ധമായ ഭരണം എല്ലാ വിഭാഗങ്ങളുടെയും ക്ഷേമത്തിനായാണ് പ്രവര്‍ത്തിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
നെഹ്റുവിന്റെ കാലത്ത് ആര്‍ക്കെങ്കിലും 12 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്നെങ്കില്‍ അതിന്റെ നാലിലൊന്ന് നികുതിയായി പോയിരുന്നു. ഇപ്പോള്‍ ഇന്ദിരഗാന്ധിയുടെ സര്‍ക്കാരായിരുന്നെങ്കില്‍ നിങ്ങളുടെ 12 ലക്ഷത്തില്‍ 10 ലക്ഷവും നികുതിയായി സര്‍ക്കാരിന് നല്‍കേണ്ടിവരുമായിരുന്നു. 10-12 വര്‍ഷം മുന്‍പുവരെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് നിങ്ങള്‍ 12 ലക്ഷം സമ്പാദിച്ചാല്‍ 2.60 ലക്ഷം രൂപ നികുതിയായി നല്‍കണമായിരുന്നു.
പക്ഷേ, ബി.ജെ.പി. സര്‍ക്കാരിന്റെ ഇന്നലത്തെ ബജറ്റിന് ശേഷം വര്‍ഷത്തില്‍ 12 ലക്ഷം രൂപ വരെ സമ്പാദിക്കുന്ന ആരും ഒരുരൂപ പോലും നികുതിയായി നല്‍കേണ്ടതില്ല- മോദി പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് 12 ലക്ഷം രൂപ വരെ സമ്പാദിക്കുന്നവര്‍ക്ക് ഇത്രയും വലിയ ആശ്വാസം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ഈ ബജറ്റ് മധ്യവര്‍ഗ സൗഹൃദ ബജറ്റാണെന്നാണ് മുഴുവന്‍ മധ്യവര്‍ഗവും പറയുന്നത്. എല്ലാ കുടുംബങ്ങളും സന്തോഷത്തിലും പ്രതീക്ഷയിലുമാണ്. നെഹ്റുവിന്റെ കാലത്ത് 12 ലക്ഷം രൂപ സമ്പാദിച്ചിരുന്നെങ്കില്‍ ശമ്പളത്തിന്റെ നാലിലൊന്നും നികുതിയായി നല്‍കേണ്ടി വന്നു. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് 12 ലക്ഷം രൂപ വരുമാനത്തിനു 10 ലക്ഷം രൂപ നികുതി നല്‍കേണ്ടി വന്നു. എന്നാല്‍ ബിജെപി സര്‍ക്കാരിനു കീഴില്‍ ജനങ്ങള്‍ക്ക് നികുതി നല്‍കേണ്ടി വരില്ല'' മോദി പറഞ്ഞു.
ഇന്ത്യയുടെ വികസനത്തില്‍ മധ്യവര്‍ഗത്തിന് വലിയ പങ്കുണ്ട്. മധ്യവര്‍ഗക്കാരെ ബഹുമാനിക്കുകയും സത്യസന്ധരായ നികുതിദായകര്‍ക്ക് പാരിതോഷികം നല്‍കുന്നതും ബി.ജെ.പി. മാത്രമാണ്. കഴിഞ്ഞദിവസത്തെ ബജറ്റിനെ ഇന്ത്യയിലെ മധ്യവര്‍ഗക്കാര്‍ക്കുള്ള സൗഹാര്‍ദപരമായ ബജറ്റാണെന്നാണ് രാജ്യം മുഴുവന്‍ വിശേഷിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡല്‍ഹിയില്‍ വികസനത്തിന്റെ പുതിയ വസന്തം എത്തും. ഇത്തവണ ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോവുകയാണ്. ആം ആദ്മി അവര്‍ക്കു ലഭിച്ച സമയം പാഴാക്കി. ഭരിക്കാനുള്ള അവസരം ഞങ്ങള്‍ക്ക് നല്‍കണം എന്ന് അഭ്യര്‍ഥിക്കുന്നു. ഡല്‍ഹിയിലെ ജനങ്ങളെ സേവിക്കാനുള്ള അവസരം നല്‍കണം. നിങ്ങള്‍ നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകളും ഇല്ലാതാക്കുമെന്നു വാഗ്ദാനം ചെയ്യുന്നുവെന്നും മോദി പറഞ്ഞു.