ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയതോടെ ആദ്യ നീക്കവുമായി ബിജെപി സര്‍ക്കാര്‍. മുസ്തഫബാദ് മണ്ഡലത്തിന്റെ പേര് മാറ്റാനാണ് തീരുമാനം. മണ്ഡലത്തിന്റെ പേര് മുസ്തഫാബാദ് എന്നത് മാറ്റി ശിവപുരിയെന്നാക്കി മാറ്റുമെന്ന് നിയുക്ത എംഎല്‍എ മോഹന്‍ സിംഗ് ബിഷ്ട് പ്രഖ്യാപിച്ചു.

ഡല്‍ഹിയിലെ മുസ്തഫാബാദില്‍ ബിജെപിയുടെ അപ്രതീക്ഷിത വിജയത്തിനു പിന്നാലെയാണു പേരു മാറ്റുമെന്ന ബിഷ്ടിന്റെ പ്രഖ്യാപനം. 2020ല്‍ കലാപം നടന്ന മണ്ഡലമാണു മുസ്തഫാബാദ്. 'ഔദ്യോഗിക കണക്കുകള്‍ പ്രകാരം മണ്ഡലത്തില്‍ 45 ശതമാനം മുസ്ലീം വിഭാഗമാണ്. പക്ഷേ, മണ്ഡലത്തില്‍ യാത്ര ചെയ്തതില്‍ നിന്നും മുസ്ലീം വിഭാഗം 60 ശതമാനവും ഹിന്ദുക്കള്‍ 40 ശതമാനവുമാണെന്ന് മനസിലാക്കി. ഞങ്ങള്‍ ഒരു സെന്‍സസ് നടത്തും. മുസ്തഫാബാദിന്റെ പേര് ശിവ് വിഹാര്‍ അല്ലെങ്കില്‍ ശിവപുരി എന്നു മാറ്റുകയും ചെയ്യും.' മോഹന്‍ സിങ് ബിഷ്ട് പറഞ്ഞു.

എഎപി നേതാവ് അദീല്‍ അഹമ്മദ് ഖാനെയും എഐഎംഐഎം സ്ഥാനാര്‍ത്ഥി മുഹമദ് താഹിര്‍ ഹുസൈനെയും പരാജയപ്പെടുത്തിയാണു മോഹന്‍ സിങ് ബിഷ്ട് മുസ്തഫാബാദില്‍ നിന്നും ഇക്കുറി വിജയിച്ചു കയറിയത്. 17,578 വോട്ടുകള്‍ക്കായിരുന്നു ഇവിടെ ബിജെപി സ്ഥാനാര്‍ഥിയുടെ വിജയം. 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹി ഭരണം പിടിച്ചെടുത്ത ബിജെപി, സര്‍ക്കാര്‍ രൂപീകരണമടക്കമുള്ള ചര്‍ച്ചകള്‍ സജീവമാക്കി.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്ന് കാട്ടി ബിജെപി, ലഫ്റ്റനന്റ് ഗവര്‍ണറെ കാണാന്‍ അനുമതി തേടി. ദില്ലി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്‌ദേവയാണ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. 48 എംഎല്‍എമാര്‍ക്കൊപ്പം ഗവര്‍ണറെ കാണാനാണ് അനുമതി തേടിയിരിക്കുന്നത്. നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലെന ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയിരുന്നു. പിന്നാലെ നിയമസഭ പിരിച്ചുവിട്ട് ലഫ്. ഗവര്‍ണര്‍ ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ബി ജെ പി കാണാന്‍ സമയം തേടിയത്.

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കിയെങ്കിലും ആരായിരിക്കും രാജ്യതലസ്ഥാനത്തെ നയിക്കുക എന്ന കാര്യത്തില്‍ ഇപ്പോഴും സസ്‌പെന്‍സ് തുടരുകയാണ്. പര്‍വേഷ് വര്‍മയുടെ പേരിനാണ് മുന്‍തൂക്കമെങ്കിലും മറ്റു നേതാക്കളും പരിഗണനയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അമിത് ഷായുമായും പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയുമായും ഇന്നലെ ആദ്യ വട്ട ചര്‍ച്ച നടത്തിയിരുന്നു. രാവിലെ അമിത് ഷായുടെ വസതിയില്‍ ജെപി നദ്ദയും ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷും സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്‌ദേവയും കൂടികാഴ്ച നടത്തി.

ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജ്രിവാളിനെ തോല്‍പ്പിച്ച പര്‍വേഷ് വര്‍മ്മയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യ പരിഗണനയിലുള്ളത്. ജാട്ട് വിഭാഗത്തില്‍ നിന്നുള്ള വര്‍മ്മയെ മുഖ്യമന്ത്രിയാക്കിയാല്‍ ഹരിയാനയില്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ള നായബ് സിംഗ് സൈനിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ ആ വിഭാഗത്തിലുണ്ടായ അതൃപ്തി മറികടക്കാനാകുമെന്നും പശ്ചിമ യുപിയിലും ഇത് നേട്ടമാകുമെന്നുമാണ് ബിജെപിയുടെ വിലയിരുത്തല്‍. പര്‍വേഷ് വര്‍മ്മ ഇന്ന് രാജ് നിവാസിലെത്തി ലഫ്. ഗവര്‍ണറെയും കണ്ടിരുന്നു. ഇന്നലെ അമിത് ഷായെയും കണ്ടിരുന്നു.

മുതിര്‍ന്ന നേതാക്കളായ വിജേന്ദര്‍ ഗുപ്തയുടെയും സതീഷ് ഉപാധ്യായുടെയും പേരുകളും ഉയര്‍ന്നുവരുന്നുണ്ട്. ആര്‍എസ്എസ് നേതാവായ അഭയ് മഹാവറും ചര്‍ച്ചയിലുണ്ട്. വനിതാ മുഖ്യമന്ത്രിയാകണമെന്ന തീരുമാനമുണ്ടായാല്‍ രേഖ ഗുപ്ത, ശിഖ റായ് എന്നിവര്‍ക്കാണ് സാധ്യത. നിലവില്‍ എംഎല്‍എമാരിലാരെങ്കിലും തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് വിവരം. മറ്റു നേതാക്കളെ പരിഗണിക്കുകയാണെങ്കില്‍ മാത്രം സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്‌ദേവയ്ക്കും, ബാന്‍സുരി സ്വരാജ് എംപിക്കും നറുക്ക് വീണേക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനത്തിനുശേഷം സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനം. ഫ്രാന്‍സ് - അമേരിക്ക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരിക്കും മുന്നേ പ്രഖ്യാപനമുണ്ടായേക്കും. മോദി മടങ്ങിയെത്തിയ ശേഷം ശനിയോ, ഞായറോ ആകും സത്യപ്രതിജ്ഞയെന്നാണ് വ്യക്തമാകുന്നത്. എന്‍ ഡി എയിലെ എല്ലാ മുഖ്യമന്ത്രിമാരെയും പ്രധാനപ്പെട്ട നേതാക്കളെയും പങ്കെടുപ്പിച്ച് ചടങ്ങ് ശക്തി പ്രകടനമാക്കാനാണ് ബിജെപിയുടെ തീരുമാനം.