- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഡല്‍ഹിയില്‍ ജനങ്ങളുടെ ശബ്ദമായി ആംആദ്മി മാറും'; പ്രതിപക്ഷത്തെ നയിക്കാന്‍ അതിഷി മര്‍ലീന; ഡല്‍ഹിക്ക് ആദ്യ വനിത പ്രതിപക്ഷ നേതാവ്; നിയമസഭയുടെ ആദ്യ സമ്മേളനം നാളെ മുതല്‍
ഡല്‍ഹിക്ക് ആദ്യ വനിത പ്രതിപക്ഷ നേതാവ്
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ പ്രതിപക്ഷ നേതാവായി മുന്‍ മുഖ്യമന്ത്രി അതിഷി മര്‍ലീനയെ തിരഞ്ഞെടുത്തു. ഞായറാഴ്ച ചേര്‍ന്ന ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരുടെ നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളും അതിഷി ഉള്‍പ്പെടെ പാര്‍ട്ടിയുടെ 22 എംഎല്‍എമാരും യോഗത്തില്‍ പങ്കെടുത്തു. ഡല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ നേതാവാകുന്ന ആദ്യ വനിതയാണ് അതിഷി.
ഇന്ന് ചേര്‍ന്ന നിയമസഭാ യോഗത്തിലാണ് പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുത്തത്. സഞ്ജീവ് ത്സാ എംഎല്‍എയാണ് അതിഷിയുടെ പേര് നിര്‍ദ്ദേശിച്ചത്.അതിഷി മാദ്ധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. 'എന്നില്‍ വിശ്വാസമര്‍പ്പിച്ച ആംആദ്മിയുടെ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാളിനും പാര്‍ട്ടിക്കും നന്ദി. ജനങ്ങളുടെ ശബ്ദമായി നിയമസഭയില്‍ ആംആദ്മി മാറും. ബിജെപി പ്രഖ്യാപിച്ച എല്ലാ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പാലിക്കപ്പെടാന്‍ ഞങ്ങള്‍ വഴിയൊരുക്കും'- അവര്‍ പറഞ്ഞു.
ഡല്‍ഹി നിയമസഭയുടെ ആദ്യ സമ്മേളനം ഫെബ്രുവരി 24 തിങ്കളാഴ്ച ആരംഭിക്കും. മൂന്ന് ദിവസത്തെ സമ്മേളനത്തില്‍, മുന്‍ എഎപി സര്‍ക്കാരിനെതിരായുള്ള സിഎജി റിപ്പോര്‍ട്ടുകള്‍ സഭയില്‍ അവതരിപ്പിക്കുമെന്ന് ഭരണകക്ഷിയായ ബിജെപി അറിയിച്ചിരുന്നു. അതിനാല്‍ തന്നെ ആദ്യ സമ്മേളനം വാദപ്രതിവാദങ്ങളില്‍ മുഖരിതമായേക്കും.
നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യതലസ്ഥാനത്ത് വീണ്ടും ബിജെപി അധികാരത്തിലെത്തുന്നത്. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവര്‍ക്ക് ശേഷം രാജ്യതലസ്ഥാനത്തിന്റെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി രേഖാ ഗുപ്ത കഴിഞ്ഞ ദിവസം അധികാരമേറ്റിരുന്നു.
ഫെബ്രുവരി 5ന് നടന്ന തിരഞ്ഞെടുപ്പില്‍ 70 നിയമസഭാ സീറ്റുകളില്‍ 48 എണ്ണവും നേടിയാണ് ബിജെപി തലസ്ഥാനത്ത് വീണ്ടും അധികാരത്തില്‍ വന്നത്. ആം ആദ്മി പാര്‍ട്ടിക്ക് 22 സീറ്റുകളാണ് ലഭിച്ചത്, കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും വിജയം ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. കല്‍ക്കാജി നിയോജക മണ്ഡലത്തില്‍ ബിജെപിയുടെ രമേശ് ബിധൂരിയെയ പരാജയപ്പെടുത്തിയാണ് അതിഷി നിയമസഭയില്‍ എത്തിയത്. ആംആദ്മിയെ പ്രമുഖ നേതാക്കളായ അരവിന്ദ് കേജ്രിവാളും മനീഷ് സിസോദിയയും പരാജയപ്പെട്ടത് പാര്‍ട്ടിയെ കടുത്ത ക്ഷീണത്തിലാക്കിയിരുന്നു.