ന്യൂഡല്‍ഹി: സുപ്രീം കോടതിക്ക് എതിരായ പ്രസ്താവനയില്‍ ഉപരാഷ്ട്രപതിക്ക് എതിരെ കോടതിയലക്ഷ്യ കേസ് എടുക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മലയാളി അഭിഭാഷകന്‍. ഹര്‍ജി നല്‍കാനുള്ള അനുമതിക്കായി അറ്റോര്‍ണി ജനറലിന് കത്തയച്ചു. ബിജെപി എംപി നിഷികാന്ത് ദുബെയ്‌ക്കെതിരെയും കേസ് എടുക്കണമെന്നാണ് ആവശ്യം. കോടതിയലക്ഷ്യ നിയമത്തിലെ 15ാം വകുപ്പ് അനുസരിച്ച് കേസ് എടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കടക്കം സമയപരിധി നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ വിമര്‍ശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നാണ് ആവശ്യം. ഉപരാഷ്ട്രപതിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിന് അഭിഭാഷകന്‍ സുഭാഷ് തീക്കാടനാണ് കത്ത് നല്‍കിയത്. കോടതി ജനാധിപത്യത്തിന് നേരെ ആണവ മിസൈലയക്കുന്നു എന്ന പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സുഭാഷ് തീക്കാടന്‍ നടപടി ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.

കഴിഞ്ഞ ദിവസമാണ് ഉപരാഷ്ട്രപതി ധന്‍കര്‍ സുപ്രീം കോടതിക്കെതിരെ വിമര്‍ശനം കടുപ്പിച്ച് രംഗത്തെത്തിയത്. കോടതികള്‍ രാഷ്ട്രപതിയെ നയിക്കുന്ന ഒരു സാഹചര്യം ജനാധിപത്യത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നടക്കം ധന്‍കര്‍ അഭിപ്രായപ്പെട്ടിരുന്നു. നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളിന്മേല്‍ നടപടിയെടുക്കുന്നതില്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയായിരുന്നു വിമര്‍ശനം.

ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലെ വിശ്വാസം നഷ്ടമാകുന്ന സാഹചര്യമുണ്ടെന്നതടക്കം അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. സുപ്രിംകോടതിക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 142 ജനാധിപത്യത്തിനെതിരെ ജുഡീഷ്യറിക്ക് ലഭിച്ച ആണവ മിസൈലായി മാറിയിരിക്കുന്നുവെന്നും ധന്‍കര്‍ വിമര്‍ശിച്ചു. എന്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിക്ക് കോടതി നിര്‍ദേശം നല്‍കുന്നത്? രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന ആളാണ് രാഷ്ട്രപതി. ഭരണഘടന സംരക്ഷിക്കാനും പ്രതിരോധിക്കാനും പ്രതിജ്ഞയെടുത്തയാളാണ്. അടുത്തിടെ ഒരു വിധിയിലൂടെ കോടതി രാഷ്ട്രപതിക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നമ്മള്‍ എവിടേക്കാണ് പോകുന്നത്? രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നടക്കമുള്ള ചോദ്യങ്ങളാണ് ഉപരാഷ്ട്രപതി ഉയര്‍ത്തിയത്.

ഡല്‍ഹിയില്‍ കഴിഞ്ഞ മാര്‍ച്ച് 14, 15 ദിവസങ്ങളില്‍ ജഡ്ജിയുടെ വസതിയില്‍ എന്താണ് സംഭവിച്ചതെന്ന് ഇനിയും ആര്‍ക്കും അറിയില്ല. ജസ്റ്റിസ് വര്‍മ്മയുടെ വസതിയില്‍ തീ അണയ്ക്കാന്‍ അഗ്‌നിശമന സേന നടത്തിയ ഓപ്പറേഷനില്‍ പണം കണ്ടെടുത്തതിനുശേഷവും അദ്ദേഹത്തിനെതിരെ ഒരു എഫ് ഐ ആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

രാജ്യത്തെ ആര്‍ക്കെതിരെയും കേസ് ഫയല്‍ ചെയ്യാം, എന്നാല്‍ ഒരു ജഡ്ജിക്കെതിരെ കേസെടുക്കണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണെന്ന സ്ഥിതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഈ രാജ്യത്ത് ആര്‍ക്കും, നിങ്ങളുടെ മുമ്പിലുള്ളയാള്‍ ഉള്‍പ്പെടെ ഏതൊരു ഭരണഘടനാ ഉദ്യോഗസ്ഥനെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. എന്നാല്‍ ജഡ്ജിമാരാണെങ്കില്‍, എഫ് ഐ ആര്‍ ഉടനടി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. ജുഡീഷ്യറിയിലെ ബന്ധപ്പെട്ടവര്‍ അത് അംഗീകരിക്കേണ്ടതുണ്ട്. പക്ഷേ ഭരണഘടനയില്‍ അത് നല്‍കിയിട്ടില്ലെന്നും ധന്‍കര്‍ ചൂണ്ടികാട്ടിയിരുന്നു.