മുംബൈ: 2008-ലെ മുംബൈ ഭീകരാക്രമണത്തിന് പാക്കിസ്ഥാന് ഇന്ത്യ തിരിച്ചടി നല്‍കാതിരുന്നതിന് പിന്നില്‍ അമേരിക്കയുടെ സമ്മര്‍ദ്ദമായിരുന്നുവെന്ന മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെതിരെ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈ ഭീകരാക്രമണത്തിന് ശേഷം കോണ്‍ഗ്രസ് സര്‍ക്കാര്‍ ബലഹീനത കാണിച്ചുവെന്നും, മറ്റൊരു രാജ്യത്തിന്റെ സമ്മര്‍ദ്ദം മൂലമാണ് അന്ന് രാഷ്ട്രീയ തീരുമാനങ്ങള്‍ എടുത്തതെന്നും നരേന്ദ്രമോദി ആരോപിച്ചു. ബുധനാഴ്ച നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം കോണ്‍ഗ്രസിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടത്.

ഇന്ത്യയിലെ ഏറ്റവും സജീവമായ നഗരങ്ങളിലൊന്നാണ് മുംബൈയെന്നും, അതുകൊണ്ടാണ് 2008-ല്‍ ഭീകരര്‍ ആ നഗരത്തെത്തന്നെ ലക്ഷ്യമിട്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. 'മുംബൈ നമ്മുടെ സാമ്പത്തിക തലസ്ഥാനം മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും സജീവമായ നഗരങ്ങളിലൊന്നു കൂടിയാണ്. അതുകൊണ്ടാണ് 2008-ല്‍ ഭീകരര്‍ മുംബൈയെ ആക്രമിച്ചത്. എന്നാല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബലഹീനതയുടെ സന്ദേശമാണ് നല്‍കിയത്.' അദ്ദേഹം പറഞ്ഞു.

'മുംബൈ ആക്രമണത്തിന് ശേഷം നമ്മുടെ സുരക്ഷാ സേന പാകിസ്താനെ ആക്രമിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ മറ്റൊരു രാജ്യത്തിന്റെ സമ്മര്‍ദ്ദം കാരണം അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നമ്മുടെ സുരക്ഷാ സേനയെ തടഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ ഒരു വ്യക്തിതന്നെയാണ് അടുത്തിടെ ഇക്കാര്യം വെളിപ്പെടുത്തിയത്.' പി.ചിദംബരത്തിന്റെ സമീപകാല അഭിമുഖം പരാമര്‍ശിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു.

'അത്തരമൊരു തീരുമാനമെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ രാജ്യത്തിന്റെ പേര് കോണ്‍ഗ്രസ് വെളിപ്പെടുത്തണം. ആ തീരുമാനം കാരണം ഇന്ത്യക്ക് ഒരുപാട് സഹിക്കേണ്ടി വന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ബലഹീനത ഭീകരര്‍ക്ക് ശക്തി പകര്‍ന്നു. ജീവന്‍ ബലിയര്‍പ്പിച്ച് രാജ്യം ഈ തെറ്റിന് ആവര്‍ത്തിച്ച് വില നല്‍കേണ്ടി വന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം, ദേശീയ സുരക്ഷയ്ക്കും നമ്മുടെ പൗരന്മാരുടെ സുരക്ഷയ്ക്കും മീതെ മറ്റൊന്നുമില്ല.' അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 സാധാരണക്കാരുടെ ജീവനെടുത്ത ഭീകരാക്രമണത്തെ തുടര്‍ന്ന് ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂറിനെ പ്രശംസിച്ചുകൊണ്ട്, 'ഇന്നത്തെ ഇന്ത്യ ശത്രുക്കളെ അവരുടെ വീടുകളില്‍ കയറി അടിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയുടെ ശക്തിക്ക് ലോകം മുഴുവന്‍ സാക്ഷ്യം വഹിച്ചു.' എന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനിടെ, പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ കൃത്യമായ ആക്രമണങ്ങള്‍ നടത്തി. ഓപ്പറേഷനില്‍ 100-ല്‍ അധികം ഭീകരരെ വധിച്ചതായും പ്രധാനമന്ത്രി അവകാശപ്പെട്ടു.

മുംബൈയുടെ ആഗോള കണക്റ്റിവിറ്റിയും സാമ്പത്തിക ശക്തിയും വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. 'നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടത്തിന്റെയും മറ്റ് കണക്റ്റിവിറ്റി പദ്ധതികളുടെയും ഉദ്ഘാടനം, വളര്‍ച്ചയുടെയും അവസരങ്ങളുടെയും ഒരു ആഗോള കേന്ദ്രമെന്ന നിലയില്‍ നഗരത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തും.' എന്നും അദ്ദേഹം പറഞ്ഞു.

അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് മന്‍മോഹന്‍സിംഗ് സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കിയെന്നും മൗനം പാലിക്കണമെന്നും തിരിച്ചടിക്കുന്നത് ബുദ്ധിയല്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചുവെന്നും പി.ചിദംബരം വെളിപ്പെടുത്തിയിരുന്നു. ''അന്നത്തെ യു എസ് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് ഇന്ത്യയിലെത്തി തന്നെയും മന്‍മോഹന്‍ സിങിനെയും കണ്ടു. തുടര്‍ന്ന് തിരിച്ചടിക്കുന്നത് ബുദ്ധിയല്ലെന്ന് അന്നത്തെ വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. മൗനം പാലിക്കുന്നതാണ് നല്ലതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു'' പി. ചിദംബരം പറഞ്ഞു. 175 പേരുടെ ജീവനാണ് മുംബൈ ഭീകരാക്രമണത്തില്‍ അപഹരിക്കപ്പെട്ടത്. സംഭവത്തിന് പിന്നാലെ ആഭ്യന്തര മന്ത്രിയായിരുന്ന ശിവരാജ് പാട്ടില്‍ രാജി വയ്ക്കുകയും ചിദംബരം ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു.