- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിദ്ധരാമയ്യ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍; സതീഷ് ജാര്‍ക്കിഹോളി പിന്‍ഗാമിയായേക്കും; മുഖ്യമന്ത്രിപദത്തില്‍ കണ്ണ് വെച്ച ഡി.കെ.ശിവകുമാറിനെ ലക്ഷ്യമിട്ട് സിദ്ധരാമയ്യ മകന്‍; നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെ നടത്തിയ പരാമര്‍ശം കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദന
ബെംഗളൂരു: കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ വെട്ടിലാക്കി കര്‍ണാടക കോണ്‍ഗ്രസില്‍ പുതിയ വിവാദം. സര്‍ക്കാര നേതൃമാറ്റം സംബന്ധിച്ചുള്ള തര്‍ക്കങ്ങളും ചര്‍ച്ചകളും പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനും എംഎല്‍സിയുമായ യതീന്ദ്രയുടെ അപ്രതീക്ഷിത പരാമര്‍ശമാണ് ദേശീയ നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നത്. തന്റെ പിതാവ് രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് പറഞ്ഞ യതീന്ദ്ര സതീഷ് ജാര്‍ക്കിഹോളി പിന്‍ഗാമിയാകാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു. നിലവില്‍ മുഖ്യമന്ത്രിപദത്തില്‍ കണ്ണ് വെച്ച് നീക്കം നടത്തുന്ന ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെയും സംഘത്തെയും പ്രകോപിപ്പിക്കുന്നതാണ് യതീന്ദ്രയുടെ പ്രസ്താവന. അധികാരം സിദ്ധരാമയ്യയുടെ പക്ഷത്ത് തന്നെ തുടരുമെന്ന സന്ദേശം ശിവകുമാറിനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ് യതീന്ദ്രയുടെ പ്രസ്താവനയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
സര്‍ക്കാരിലുള്ള ആഭ്യന്തര ഭിന്നതകളും അഭ്യൂഹങ്ങളും മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള ഊഹാപോഹങ്ങളും നിലനില്‍ക്കുന്നതിനിടെയാണ് ഈ പരാമര്‍ശം ശ്രദ്ധേയമാകുന്നത്. ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നാല് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് നല്‍കിയതും അടുത്തിടെയാണ്. സംസ്ഥാനത്ത് നേതൃമാറ്റ സാധ്യതകളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും, തന്റെ പിതാവ് രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹത്തിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ സതീഷ് ജാര്‍ക്കിഹോളിയെപ്പോലുള്ള ഒരു നേതാവായിരിക്കും ഏറ്റവും അനുയോജ്യനെന്നുമാണ് സിദ്ധരാമയ്യയുടെ മകന്‍ പറഞ്ഞത്.
സിദ്ധരാമയ്യയുടെ പ്രത്യയശാസ്ത്രത്തോട് കൂറുള്ള ഒരാളെ കണ്ടെത്താന്‍ പ്രയാസമാണെന്ന് അഭിപ്രായപ്പെട്ട യതീന്ദ്ര, ഒരു പുരോഗമന നേതാവ് എന്ന രീതിയില്‍ ദൗത്യം മുന്നോട്ട് കൊണ്ടുപോകാന്‍ ജാര്‍ക്കിഹോളിക്ക് കഴിയുമെന്നും പറഞ്ഞു. അതേസമയം മുഖ്യമന്ത്രിസ്ഥാനത്തിനായുള്ള മത്സരത്തില്‍ താന്‍ ഇല്ലെന്ന് ജാര്‍ക്കിഹോളി മുന്‍പ് പറഞ്ഞിരുന്നു എന്നത് ശ്രദ്ധേയമാണ്.
ജാര്‍ക്കിഹോളിയും പങ്കെടുത്ത ബെലഗാവിയിലെ ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് യതീന്ദ്രയുടെ പ്രസ്താവന. 'എന്റെ അച്ഛന്‍ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍, ശക്തമായ പ്രത്യയശാസ്ത്രവും പുരോഗമനപരമായ കാഴ്ചപ്പാടുമുള്ള, അദ്ദേഹത്തിന് ഒരു 'മാര്‍ഗ്ഗദര്‍ശക്' (വഴികാട്ടി) ആകാന്‍ കഴിയുന്ന ഒരു നേതാവിനെ ആവശ്യമുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിക്കാനും പാര്‍ട്ടിയെ ഫലപ്രദമായി നയിക്കാനും കഴിയുന്ന ഒരാളാണ് ജാര്‍ക്കിഹോളി. ഇത്രയും പ്രത്യയശാസ്ത്രപരമായ ബോധ്യമുള്ള ഒരു നേതാവിനെ കണ്ടെത്തുന്നത് അപൂര്‍വമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, അദ്ദേഹം ഈ നല്ല പ്രവര്‍ത്തനം തുടരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു' യതീന്ദ്ര പറഞ്ഞു. നേതൃമാറ്റ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ യതീന്ദ്രയുടെ പ്രസ്താവനകള്‍ മുന്‍കൂട്ടി കണക്കുകൂട്ടിയുള്ളതാകാമെന്നാണ് വിലയിരുത്തല്‍.