- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഛഠി മയ്യ കീ ജയ്'! ബിഹാറില്‍ ജയം സമ്മാനിച്ചത് മഹിളാ-യൂത്ത് ഫോര്‍മുല; സ്ത്രീകളും യുവാക്കളും ജംഗിള്‍ രാജിനെ തള്ളികളഞ്ഞു; എസ്ഐആറിനെ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു; ഇത് ജനാധിപത്യത്തിന്റെ വിജയം; രാജ്യത്തിന്റെ രാഷ്ട്രീയ ഗതി നിര്‍ണ്ണയിക്കുന്ന ജനവിധിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
പട്‌ന: ബിഹാറിലെ ജനവിധി രാജ്യത്തിന്റെ രാഷ്ട്രീയ ഗതി നിര്‍ണ്ണയിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറില്‍ എന്‍ഡിഎ നേടിയ ഉജ്ജ്വല വിജയത്തിന് കാരണം സ്ത്രീകളുടെയും യുവാക്കളുടെയും പിന്തുണയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ വിഭജനമുണ്ടാക്കുന്ന രാഷ്ട്രീയത്തെ ജനങ്ങള്‍ തിരസ്‌കരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ബിഹാര്‍ തെരഞ്ഞെടുപ്പ് വിജയാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് ലഭിച്ച വിജയം കേവലം ഒരു മുന്നേറ്റമായി കാണാനാകില്ലെന്നും, ഇത് പുതിയ തലമുറയുടെ കാഴ്ചപ്പാടുകളെയും പ്രതീക്ഷകളെയും പ്രതിഫലിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ട് ബാങ്ക് രാഷ്ട്രീയത്തെയും വിഭാഗീയതയെയും ബിഹാര്‍ ജനത തള്ളിക്കളഞ്ഞത് ഏറെ പ്രശംസനീയമാണ്. വികസനത്തിനും സുസ്ഥിരമായ ഭരണത്തിനും വേണ്ടിയുള്ള അവരുടെ ആഗ്രഹം ഇതിലൂടെ വ്യക്തമാവുന്നു.
'മഹിള-യുവ' ഫോര്‍മുലയാണ് ബിഹാറിലെ വിജയത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. ഇത് മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാവുന്ന ഒന്നാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ വളര്‍ച്ചയ്ക്കും പുരോഗതിക്കും യുവജനങ്ങളുടെയും സ്ത്രീകളുടെയും പങ്കാളിത്തം അനിവാര്യമാണെന്ന് മോദി ഊന്നിപ്പറഞ്ഞു.
ഈ തിരഞ്ഞെടുപ്പ് ഫലം ബിഹാറിന്റെ ഭാവിയെക്കുറിച്ചുള്ള വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. വികസനത്തോടൊപ്പം സാമൂഹിക നീതി ഉറപ്പാക്കിക്കൊണ്ടുള്ള മുന്നേറ്റമാണ് ബിഹാര്‍ ലക്ഷ്യമിടുന്നതെന്ന് ഇത് സൂചിപ്പിക്കുന്നു. ഈ വിജയം എന്‍ഡിഎക്ക് കൂടുതല്‍ കരുത്ത് പകരുമെന്നും, രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ ഇത് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിലെ ജനങ്ങള്‍ എന്‍ഡിഎ സര്‍ക്കാരില്‍ വിശ്വാസം ഉയര്‍ത്തിപ്പിടിച്ചു. ഛഠി മയ്യ കീ ജയ് എന്ന് പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയത്. ബിഹാറിലെ ജനം ഈ വിശ്വാസം കാത്തുവെന്നും മോദി പറഞ്ഞു. ബിഹാറിലെ എല്ലാ വീട്ടിലും ഇന്ന് പായസം ഉണ്ടാക്കുമെന്നും ഒരിക്കല്‍ കൂടി എന്‍ഡിഎ സര്‍ക്കാര്‍ എന്ന് ജനം വിധിയെഴുതിയെന്നും മോദി പറഞ്ഞു. വികസനം പുതിയ തലത്തില്‍ എത്തിക്കുമെന്ന് ഞാന്‍ ബിഹാറില്‍ വന്ന് വാഗ്ദാനം നല്‍കിയതാണ്. മഹിളാ-യൂത്ത് ഫോര്‍മുലയാണ് (എംവൈ ഫോര്‍മുല) ബിഹാറില്‍ വിജയം സമ്മാനിച്ചത്. സ്ത്രീകളും യുവാക്കളും ജംഗിള്‍ രാജിനെ തള്ളികളഞ്ഞുവെന്നും ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും മോദി പറഞ്ഞു.
സമാധാനപരമായിട്ടാണ് ബിഹാറില്‍ വോട്ടെടുപ്പ് നടന്നത്. ഒരിടത്തും റീപോളിങ് വേണ്ടിവന്നില്ല എന്നത് നേട്ടമാണ്. എസ്‌ഐആറിനെയും ജനം ഇരുകൈയും നീട്ടി സ്വീകരിച്ചു. കള്ളം പറയുന്നവരും ഇത്തവണ പരാജയപ്പെട്ടു. ജാമ്യത്തില്‍ ഇറങ്ങി നടക്കുന്നവര്‍ക്കൊപ്പവും ജനം നിന്നില്ല. ജനത്തിന് വേണ്ടത് വേഗത്തിലുള്ള വികസനം മാത്രമാണ്. ജംഗിള്‍ രാജിനെ ജനം ഒരിക്കല്‍ കൂടി തള്ളി. ഇതിന് കാരണം വനിതകളുടെ തീരുമാനമാണ്. അവരാണ് ഏറ്റവും കൂടുതല്‍ അനുഭവിച്ചത്. കോണ്‍ഗ്രസും മാവോയിസ്റ്റുകളും ബിഹാറില്‍ വികസനം മുടക്കി. റെഡ് കോറിഡോര്‍ ഇപ്പോള്‍ ചരിത്രമായി. ബിഹാര്‍ വികസനത്തില്‍ കുതിക്കുകയാണ്.
ബിജെപി ഒരു തെരഞ്ഞെടുപ്പില്‍ നേടിയ സീറ്റ് ആറു തെരഞ്ഞെടുപ്പിലും കൂടി കോണ്‍ഗ്രസ് നേടിയില്ലെന്ന് മോദി പരിഹസിച്ചു. നാലു സംസ്ഥാനങ്ങളിലായി പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് അധികാരത്തിന് പുറത്താണ്. കോണ്‍ഗ്രസിന്റെ ആദര്‍ശം നെഗറ്റീവ് പൊളിറ്റിക്‌സാണ്. ഇവിഎമ്മിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും കുറ്റം പറഞ്ഞുകൊണ്ടിരിക്കുകയാണ്.കോണ്‍ഗ്രസ് ഇപ്പോള്‍ മുസ്ലീം ലീഗ്, മാവോയിസ്റ്റ് കോണ്‍ഗ്രസ് ആയി മാറിയെന്നും മോദി പരിഹസിച്ചു. കോണ്‍ഗ്രസിനെ നയിക്കുന്ന നേതാവ് മറ്റുള്ളവരെ കൂടി നെഗറ്റീവ് രാഷ്ട്രീയത്തിലൂടെ പരാജയപ്പെടുത്തുകയാണെന്ന പറഞ്ഞ മോദി രാഹുല്‍ ഗാന്ധിയെയും പരോക്ഷമായി വിമര്‍ശിച്ചു.
ഡല്‍ഹിയിലെയിലെ ബിജെപി ആസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ സ്വീകരിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും മോദിക്കൊപ്പം വേദിയിലെത്തി. ബിഹാറിലെ എന്‍ഡിഎ സഖ്യത്തിന്റെ മഹാ വിജയത്തില്‍ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് വലിയ ആഘോഷമാണ് നടന്നത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് ആസ്ഥാനത്തെത്തിയത്. വന്‍ സുരക്ഷയാണ് ആഘോഷ പരിപാടിക്കായി ഏര്‍പ്പെടുത്തിയിരുന്നത്. എന്‍എസ്ജി സംഘത്തെ അടക്കം കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.ബിഹാറിലെ 243 സീറ്റില്‍ 203 സീറ്റിലും വിജയം ഉറപ്പിച്ചാണ് എന്‍ഡിഎയ്ക്ക് ഭരണതുടര്‍ച്ച ലഭിക്കുന്നത്. ഇന്ത്യാ സഖ്യം 33 സീറ്റുകളില്‍ ഒതുങ്ങി. മറ്റുള്ള കക്ഷികള്‍ ഏഴു സീറ്റിലാണ് വിജയിച്ചത്.




