- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ത്യയിലെ മിക്ക പാര്‍ട്ടികളും നിയന്ത്രിക്കുന്നത് കുടുംബങ്ങളാണ്; സമൂഹം മാറുന്നതിന് അനുസരിച്ച് പാര്‍ട്ടികളിലും മാറ്റം വരണം'; ശശി തരൂരിന് പിന്നാലെ കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തിനെതിരെ തുറന്നടിച്ച് കാര്‍ത്തി ചിദംബരവും; ബിഹാര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തിനെതിരെ തുറന്നടിച്ച് കാര്‍ത്തി ചിദംബരം എംപി. ഇന്ത്യയിലെ മിക്ക പാര്‍ട്ടികളും നിയന്ത്രിക്കുന്നത് കുടുംബങ്ങളാണ്. മാറ്റം അനിവാര്യമാണെന്നും കാര്‍ത്തി ചിദംബരം പറഞ്ഞു. സമൂഹം മാറുന്നതിന് അനുസരിച്ച് പാര്‍ട്ടികളിലും മാറ്റം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശശി തരൂരിന്റെ ഗാന്ധി കുടുംബ വിമര്‍ശനത്തിന് പിന്നാലെയാണ് കാര്‍ത്തി ചിദംബരത്തിന്റെയും വിമര്‍ശനം ഉയരുന്നത്. എഐസിസി തെരഞ്ഞെടുപ്പില്‍ തരൂരിനെയാണ് കാര്‍ത്തി പിന്തുണച്ചിരുന്നത്. കോണ്‍ഗ്രസില്‍ പിളര്‍പ്പ് ഉടനെന്ന് മോദി കഴിഞ്ഞ ദിവസം പറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ഇരുവരുടെയും വിമര്‍ശനം ചര്‍ച്ചയായിട്ടുണ്ട്.
കുടുംബാധിപത്യത്തിനെതിരെ അടുത്തിടെ ഒരു ലേഖനത്തില്‍ കടുത്ത വിമര്‍ശനം നടത്തിയും തരൂര്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു. ആദ്യ പ്രധാനമന്ത്രി നെഹ്‌റു, പിന്നെ ഇന്ദിര രാജീവ് ഗാന്ധി, ഇപ്പോഴത്തെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക എന്നിവരുള്‍പ്പെടുന്ന നെഹ്‌റു ഗാന്ധി കുടുംബത്തിന്റെ ചരിത്രം സ്വതന്ത്ര്യ സമരചരിത്രവുമായി ഇഴചേര്‍ന്നിരിക്കുന്നു. എന്നാല്‍ രാഷ്ട്രീയ നേതൃത്വം ജന്മാവകാശമാണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിട്ടുവെന്നായിരുന്നു ശശി തരൂരിന്റെ വിമര്‍ശനം. കുടുംബാധിപത്യം അവസാനിപ്പിക്കാന്‍ നിയമപരമായ പരിരക്ഷകൂടി വേണമെന്നും തരൂര്‍ പറഞ്ഞ് വെച്ചു.
അതേ സമയം കോണ്‍ഗ്രസിനെ അതിരൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തെ വാനോളം പുകഴ്ത്തി ശശി തരൂര്‍ രംഗത്ത് വന്നിരുന്നു. മുസ്ലീംലീഗ് മാവോവാദി കോണ്‍ഗ്രസാണ് നിലവിലേതെന്നും, അര്‍ബല്‍ നക്‌സലുകളെ പോറ്റുന്ന പാര്‍ട്ടിയാണെന്നും വിമര്‍ശനം നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ചായിരുന്നു ശശി തരൂരിന്റെ പ്രശംസ. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിട്ട് കൂടി ഡല്‍ഹിയില്‍ നടന്ന രാംനാഥ് ഗോയങ്ക പ്രസംഗ പരമ്പരയില്‍ മോദിയുടെ പ്രസംഗം കേള്‍ക്കാനെത്തിയത് വെറുതെയായില്ലെന്നും തരൂര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
മോദിയുടെ പ്രസംഗം ഒരു സാംസ്‌കാരിക ആഹ്വാനമായും സാമ്പത്തിക നിലപാട് മികച്ചതായും തനിക്ക് അനുഭവപ്പെട്ടെന്ന് ശശി തരൂര്‍ വ്യക്തമാക്കി. ദേശീയതക്കായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും തരൂര്‍ കുറിച്ചു. ശശി തരൂരിന്റെ സാന്നിദ്ധ്യത്തില്‍ വച്ച് പ്രധാനമന്ത്രി കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. മുസ്ലിം ലീഗ് മാവോവാദി കോണ്‍ഗ്രസ് എന്ന വിമര്‍ശനം മോദി പ്രസംഗത്തില്‍ വീണ്ടും ഉയര്‍ത്തി കാണിച്ചിരുന്നു. എന്നാല്‍ തന്റെ പാര്‍ട്ടിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ വകവയ്ക്കാതെയാണ് തരൂര്‍ മോദിയുടെ പ്രസംഗത്തെ പിന്തുണച്ചത്.കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അപ്രീതിക്ക് വഴിവച്ച് ഓപ്പറേഷന്‍ സിന്ദൂര്‍ പ്രതിനിധി സംഘത്തെ നയിക്കാന്‍ മോദി സര്‍ക്കാര്‍ തരൂരിനെ വിദേശത്തേക്ക് അയച്ചത് കോണ്‍ഗ്രസും തരൂരും തമ്മിലുള്ള അകലം വര്‍ദ്ധിപ്പിച്ചിരുന്നു. രാംനാഥ് ഗോയങ്കാ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ചുമയും ജലദോഷവും വകവയ്ക്കാതെ തരൂര്‍ എത്തിയിരുന്നു. പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള തരൂരിന്റെ പോസ്റ്റ് കോണ്‍ഗ്രസിനുള്ളില്‍ അദ്ദേഹത്തിനെതിരെയുള്ള എതിര്‍പ്പ് വീണ്ടും വര്‍ധിപ്പിച്ചതായാണ് സൂചന.
മോദിയെ പ്രശംസിച്ച് തരൂര്‍
ഇന്ത്യ വളര്‍ന്നുവരുന്ന വിപണി മാത്രമല്ല, മറിച്ച് ലോകമാതൃകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞതായി ശശി തരൂര്‍ കുറിച്ചു. മഹാമാരി പോലുള്ള ആഗോള പ്രതിസന്ധികള്‍ അതിജീവിച്ചതിനാലും റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിനിടയിലും മുന്നോട്ട് പോകുന്നതിനാലും രാജ്യത്തിന്റെ സാമ്പത്തിക പ്രതിരോധശേഷി ലോകശ്രദ്ധ നേടി. താന്‍ എപ്പോഴും ഇലക്ഷന്‍ മോഡിലാണെന്ന് ആരോപിക്കപ്പെട്ടിരുന്നത്. എന്നാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി താന്‍ വാസ്തവത്തില്‍ ഇമോഷണല്‍ മോഡിലായിരുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു- തരൂര്‍ കുറിച്ചു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ ഒരു പ്രധാന ഭാഗം കൊളോണിയല്‍ മാനസികാവസ്ഥയെ അതിജീവിക്കുക എന്നതിനെ കുറിച്ചായിരുന്നുവെന്ന് തരൂര്‍ പറഞ്ഞു. ഇന്ത്യയുടെ പൈതൃകം, ഭാഷകള്‍, വിജ്ഞാന സംവിധാനങ്ങള്‍ എന്നിവയിലുള്ള അന്തസ്സ് വീണ്ടെടുക്കാന്‍ പത്തുവര്‍ഷക്കാലയളവുള്ള ഒരു ദേശീയ ദൗത്യത്തിനായി പ്രധാനമന്ത്രി അഭ്യര്‍ഥിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സാമ്പത്തിക വീക്ഷണത്തിനായും വികസനത്തിനുവേണ്ടി വ്യഗ്രതയോടെയിരിക്കാന്‍ രാജ്യത്തോടുള്ള ഒരു സാംസ്‌കാരിക ആഹ്വാനവുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. സദസ്സില്‍ ഉണ്ടായിരുന്നതില്‍ സന്തോഷമുണ്ട്', തരൂര്‍ കുറിച്ചു.
ഭിന്നത രൂക്ഷം
ശശി തരൂര്‍ പ്രധാനമന്ത്രിയെക്കുറിച്ച് പുകഴ്ത്തി ആദ്യമായല്ല സംസാരിക്കുന്നത്. തരൂരും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറച്ച് മാസങ്ങളായി വഷളായിട്ടുണ്ട്, പ്രത്യേകിച്ചും ഏപ്രില്‍ 22 ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം സൗഹൃദ രാജ്യങ്ങളിലേക്ക് അയച്ച സര്‍ക്കാര്‍ പ്രതിനിധി സംഘത്തിലെ പ്രതിപക്ഷ മുഖങ്ങളിലൊന്നായി തരൂരിനെ തിരഞ്ഞെടുത്ത സമയം മുതലാണ് തരൂരും പാര്‍ട്ടിയും തമ്മില്‍ തെറ്റിത്തുടങ്ങിയത്. യുഎസിലേക്കും മറ്റ് നാല് രാജ്യങ്ങളിലേക്കുമുള്ള പ്രതിനിധി സംഘത്തെ നയിച്ച തരൂര്‍ പിന്നീട് പലയവസരങ്ങളില്‍ പാര്‍ട്ടി മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പ്രധാനമന്ത്രിയെ പ്രശംസിച്ചുകൊണ്ടുള്ള തരൂരിന്റെ അഭിപ്രായങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് രൂക്ഷമായ പ്രതികരണങ്ങള്‍ക്ക് കാരണമായി. ഇത് വലിയൊരു പിളര്‍പ്പിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കും ബിജെപിയിലേക്കുള്ള കൂറുമാറ്റത്തെക്കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ക്കും വഴിവെച്ചു. എന്നാല്‍ അത്തരത്തില്‍ സംഭവിക്കില്ലെന്ന് തരൂര്‍ വ്യക്തമാക്കുകയും ചെയ്തു. കഴിഞ്ഞ 16 വര്‍ഷമായി താന്‍ പാര്‍ട്ടിയോടും അതിന്റെ പ്രത്യയശാസ്ത്രത്തോടും വിശ്വസ്തനായിരുന്നുവെന്നും പ്രമുഖ ദേശീയ മാധ്യമത്തോട് അദ്ദേഹം പ്രതികരിച്ചിരുന്നു.
ഇതിനു മുന്‍പും ശശി തരൂരും കോണ്‍ഗ്രസും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. ഗാന്ധി കുടുംബത്തിന്റെ നേതൃത്വ ശൈലിയില്‍ അതൃപ്തി പ്രകടിപ്പിക്കുകയും സമ്പൂര്‍ണ്ണ മാറ്റം ആവശ്യപ്പെടുകയും ചെയ്ത 'ജി-23' നേതാക്കളുടെ സംഘത്തില്‍ തരൂരും ഉണ്ടായിരുന്നു. അദ്ദേഹം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്തിരുന്നു. ഈ മാസം ആദ്യം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ വിമര്‍ശിച്ച് തരൂര്‍ ഒരു ലേഖനം എഴുതിയിരുന്നു.'ഇന്ത്യന്‍ രാഷ്ട്രീയം ഒരു കുടുംബ ബിസിനസ്സ്' എന്ന ലേഖനം, കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ കുടുംബവാഴ്ചയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ കേന്ദ്രീകരിച്ചായിരുന്നു.




