- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎസ് ദേശീയ സുരക്ഷാ തന്ത്രത്തിന്റെ യഥാര്‍ഥ മുഖം പുറത്തുവന്നു; ലാറ്റിന്‍ അമേരിക്കയെ സമാധാന മേഖലയായി പ്രഖ്യാപിക്കണം; വെനസ്വേലയ്ക്കെതിരായ യുഎസ് ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് സിപിഎം

ന്യൂഡല്‍ഹി: വെനസ്വേലയ്ക്ക് നേരെയുള്ള കടന്നാക്രമണം അമേരിക്ക അവസാനിപ്പിക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. വെനസ്വേലയുടെ വിവിധ ഭാഗങ്ങളില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തെ സിപിഎം ശക്തമായി അപലപിച്ചു. യുഎസ് ആക്രമണം ഉടനടി അവസാനിപ്പിക്കണമെന്നും കരീബിയന്‍ കടലില്‍ നിന്ന് അവരുടെ എല്ലാ സൈന്യങ്ങളെയും പിന്‍വലിക്കണമെന്നും സിപിഐ എം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഭരണമാറ്റം നടപ്പിലാക്കുന്നതിനായി അട്ടിമറിലക്ഷ്യമിട്ട് വെനിസ്വേലയ്ക്ക് ചുറ്റും അമേരിക്ക സൈനിക, നാവിക സേനകളെ അണിനിരത്തിയിരിക്കുകയാണ്. ഇതാണ് ഡിസംബറില്‍ പ്രഖ്യാപിച്ച യുഎസ് ദേശീയ സുരക്ഷാ തന്ത്രത്തിന്റെ (2025) യഥാര്‍ഥ മുഖം. പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തില്‍ യുഎസ് സേനയെ കേന്ദ്രീകരിക്കുന്നതിലൂടെ പ്രദേശം മുഴുവന്‍ തങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലാക്കുക എന്നതാണ് അമേരിക്കയുടെ പരസ്യമായ ലക്ഷ്യം.
ലാറ്റിന്‍ അമേരിക്കയെ സമാധാന മേഖലയായി പ്രഖ്യാപിക്കണമെന്നും പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ യുഎസിനെ അനുവദിക്കരുതെന്നും സിപിഎം ആവശ്യപ്പെട്ടു. യുഎസ് ആക്രമണത്തെ അപലപിച്ചുകൊണ്ട് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസാക്കണമെന്നും വെനിസ്വേലയ്ക്കെതിരായ ആക്രമണം ഉടന്‍ അവസാനിപ്പിക്കാന്‍ അമേരിക്കയ്ക്ക് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ചെലുത്തണമെന്നും സിപിഎം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അതിനിടെ വ്യോമാക്രമണത്തിന് പിന്നാലെ വെനസ്വലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയേയും ഭാര്യയേയും ബന്ദിയാക്കിയെന്ന വിവരവും പുറത്തുവന്നു. ഇരുവരെയും രാജ്യത്തിന് പുറത്തേയ്ക്ക് കൊണ്ടുപോയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. തലസ്ഥാനം കാരക്കാസ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു.
ഇന്ത്യന്‍ സമയം രാത്രി 9.30യ്ക്ക് നടക്കുന്ന പത്രസമ്മേളനത്തില്‍ കൂടുതല്‍ വിവരങ്ങല്‍ അറിയിക്കുമെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. വെനസ്വേലന്‍ വിമാനത്താവളങ്ങളിലും അമേരിക്കന്‍ ആക്രമണമുണ്ടായി. ഈഗ്റോട്ട് വിമാനത്താവളത്തില്‍ വമ്പന്‍ സ്ഫോടനങ്ങള്‍ നടന്നു.
കാരക്കാസിലും മിറാണ്ടയിലും അര്വാഗയിലും ലാ ഗ്വെയ്റയിലും അമേരിക്ക ആക്രമണം നടത്തിയതായി വെനസ്വേല വ്യക്തമാക്കി. ആക്രമണത്തെ തുടര്‍ന്ന് വെനസ്വേലയില്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രാദേശികസമയം ഇന്നു പുലര്‍ച്ചെ പ്രാദേശികസമയം 1.50-നാണ് അമേരിക്ക വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ ആക്രമണം ആരംഭിച്ചത്.
ഏഴ് സ്ഫോടനങ്ങളുടെ ശബ്ദവും താഴ്ന്ന പറക്കുന്ന വിമാനങ്ങളുടെ ശബ്ദവും കേട്ടതായി വാര്‍ത്താഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിന്റെ തെക്കന്‍ പ്രദേശത്ത് ഒരു പ്രധാന സൈനിക താവളത്തിനടുത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍. അമേരിക്ക നടത്തിയത് ഗുരുതരമായ സൈനിക ആക്രമണമെന്ന് വെനസ്വേലന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. യു എന്‍ രക്ഷാസമിതിയിലും യു എന്‍ സെക്രട്ടറി ജനറലിനും മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്കും വെനസ്വേല പരാതി നല്‍കുമെന്ന് സര്‍ക്കാര്‍.


