- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലേഗാവ് കോര്‍പ്പറേഷനില്‍ 'ടിപ്പു' വിവാദം കത്തുന്നു! സമാജ്വാദി പാര്‍ട്ടി നേതാവായ ഡെപ്യൂട്ടി മേയറുടെ നീക്കം ബോധപൂര്‍വമായ പ്രകോപനമെന്ന് ബിജെപി; ചിത്രം മാറ്റും വരെ സമരം തുടരുമെന്ന് ശിവസേന; മതേതര സഖ്യത്തിന്റെ നീക്കത്തിനെതിരെ ഹിന്ദു സംഘടനകളും രംഗത്ത്

മുംബൈ: മലേഗാവ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ടിപ്പു സുല്‍ത്താന്റെ ചിത്രം സ്ഥാപിച്ചതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം മഹാരാഷ്ട്രയില്‍ കനക്കുന്നു. സമാജ്വാദി പാര്‍ട്ടി പ്രതിനിധിയും മലേഗാവ് ഡെപ്യൂട്ടി മേയറുമായ ഷാന്‍ ഇ ഹിന്ദ് നിഹാല്‍ അഹമ്മദിന്റെ ഓഫീസില്‍ ടിപ്പു സുല്‍ത്താന്റെ ചിത്രം സ്ഥാപിച്ചതാണ് ബിജെപിയെയും ശിവസേനയെയും ചൊടിപ്പിച്ചത്. ഭരണഘടനാ ശില്പിയായ അംബേദ്കറുടെയോ, ഛത്രപതി ശിവജി മഹാരാജിന്റെയോ ചിത്രങ്ങള്‍ ഇല്ലാത്ത സ്ഥലത്ത് ടിപ്പുവിന്റെ ചിത്രം വെച്ചത് ബോധപൂര്‍വമായ പ്രകോപനമാണെന്നാണ് ഇവരുടെ ആരോപണം. ടിപ്പു സുല്‍ത്താന്‍ ഹിന്ദുവിരുദ്ധനാണെന്നും അദ്ദേഹത്തിന്റെ ചിത്രം ഔദ്യോഗിക ഓഫീസില്‍ വെക്കുന്നത് ധീരരായ ഇന്ത്യന്‍ നേതാക്കളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല ആരോപിച്ചു. ഡെപ്യൂട്ടി മേയര്‍ പദവി നല്‍കിയ ഭരണഘടനയോടോ അതിന്റെ ശില്പിയായ ബാബാസാഹിബ് അംബേദ്കറോടോ ഷാനിന് ബഹുമാനമില്ലെന്ന് ബിജെപി വിമര്‍ശിച്ചു. ചിത്രം നീക്കം ചെയ്യുന്നത് വരെ സമരം തുടരുമെന്നാണ് നിലേഷ് അഹേറിന്റെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന്റെ നിലപാട്. ഇവര്‍ മുന്‍സിപ്പല്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.
ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല, ഡെപ്യൂട്ടി മേയര്‍ക്കെതിരേ അതിരൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. മലേഗാവിന്റെ ഡെപ്യൂട്ടി മേയര്‍, ഹിന്ദുവിരുദ്ധനായ ടിപ്പു സുല്‍ത്താന്റെ ചിത്രം സ്ഥാപിച്ചു. എന്നാല്‍ ഛത്രപതി ശിവജി മഹാരാജിന്റെയോ മഹാത്മാഗാന്ധിയുടേയോ ബാബാ സാഹിബ് അംബേദ്കറുടെയോ ചിത്രങ്ങള്‍ കാണാനില്ല. യഥാര്‍ഥ ധീരന്മാരോടുള്ള വലിയ അധിക്ഷേപമാണിത്, ഷെഹ്സാദ് പൂനവാല സാമൂഹികമാധ്യമക്കുറിപ്പില്‍ വിമര്‍ശിച്ചു. ഷാനിന്, ഡെപ്യൂട്ടി മേയറാകാനുള്ള അവസരം നല്‍കിയത് ഭരണഘടനയാണ്. അതിന്റെ ശില്‍പി ബാബാസാഹിബ് അംബേദ്കറാണ്. എന്നാല്‍ ഷാനിന് ഭരണഘടനയോട് യാതൊരു ബഹുമാനവുമില്ല, പൂനവാല ആരോപിച്ചു. അതേസമയം, ശിവസേനയും ടിപ്പു സുല്‍ത്താന്റെ ഫോട്ടോ സ്ഥാപിച്ചതിനെതിരേ കടുത്ത നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്. നിലേഷ് അഹേര്‍ എന്ന നേതാവിന്റെ നേതൃത്വത്തില്‍ ശിവസേനാ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിക്കുകയും ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍സിപ്പല്‍ കമ്മിഷണര്‍ക്ക് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. ചിത്രം നീക്കംചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്നും അവര്‍ പറഞ്ഞു.
വിഷയത്തില്‍ ഡെപ്യൂട്ടി മേയര്‍, പ്രതികരിച്ചിട്ടുണ്ട്. ചിത്രം സ്ഥാപിച്ചതിനെ ന്യായീകരിച്ച അവര്‍, എന്തിനാണ് വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നതെന്നും ആരാഞ്ഞു. ടിപ്പു സുല്‍ത്താന്‍ സ്വതന്ത്ര്യസമരസേനാനിയാണ്. എല്ലാവരും അത് അംഗീകരിക്കുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരേ പോരാടിയപ്പോള്‍ ഇന്ത്യ മാത്രമല്ല, ബ്രിട്ടീഷുകാരും അദ്ദേഹത്തെ പ്രശംസിച്ചു. കോര്‍പേറഷന്‍ കൗണ്‍സിലിലെ അംഗങ്ങളിലൊരാളാണ് ടിപ്പു സുല്‍ത്താന്റെ ചിത്രം തനിക്ക് സമ്മാനിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ സെക്യുലര്‍ ലാര്‍ജസ്റ്റ് അസംബ്ലി ഓഫ് മഹാരാഷ്ട്രയും സമാജ്വാദി പാര്‍ട്ടിയും ചേര്‍ന്ന് മലേഗാവ് മതേതര സഖ്യം രൂപവത്കരിച്ചതിന് പിന്നാലെയാണ് ഷാനിന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം ലഭിച്ചത്. 84 അംഗ മലേഗാവ് കോര്‍പറേഷനില്‍ സഖ്യത്തിന് 43 അംഗങ്ങളുടെ പിന്തുണയുണ്ട്. ഇന്ത്യന്‍ സെക്യുലര്‍ ലാര്‍ജസ്റ്റ് അസംബ്ലി ഓഫ് മഹാരാഷ്ട്രയുടെ പ്രതിനിധി ഷേയ്ഖ് നസ്രീന്‍ ഖാലിദാണ് മേയര്‍. ഇന്ത്യന്‍ സെക്യുലര്‍ ലാര്‍ജസ്റ്റ് അസംബ്ലി ഓഫ് മഹാരാഷ്ട്രയുടെയും എസ്പിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെയാണ് ഷാന്‍, ഡെപ്യൂട്ടി മേയര്‍സ്ഥാനത്തെത്തിയത്.


