ന്യൂഡല്‍ഹി: എന്‍സിഇആര്‍ടിയുടെ എട്ടാംക്ലാസ് പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. സാമൂഹികശാസ്ത്ര പാഠപുസ്തകത്തിലെ 'ജുഡീഷ്യറിയിലെ അഴിമതി' എന്ന ഭാഗത്തിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആശങ്ക പ്രകടിപ്പിച്ചത്. ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിഷയത്തില്‍ സ്വമേധയാ കേസടുത്തു. വിവാദ പാഠഭാഗം ഉള്‍പ്പെടുത്തിയത് കരുതിക്കൂട്ടിയുള്ള നീക്കമാണെന്നും ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്കറിയാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

'ഏതാനും ദിവസം കാത്തിരിക്കൂ. കോടതിയും അഭിഭാഷകരും അസ്വസ്ഥരാണ്. എല്ലാ ഹൈക്കോടതിയും ആശങ്കപ്രകടിപ്പിച്ചു. ഞാന്‍ ഇത് സ്വമേധയാ പരിഗണിക്കും. കോടതിയെ അപകീര്‍ത്തിപ്പെടുത്താന്‍ ആരേയും അനുവദിക്കില്ല. നിയമം അതിന്റെ വഴിക്ക് പോവും. കോടതികളുടെ തലവന്‍ എന്ന നിലയില്‍ ഞാന്‍ എന്റെ കടമചെയ്യുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ടു. ഇത് കരുതിക്കൂട്ടിയുള്ള നീക്കമാണെന്ന് സംശയിക്കുന്നു. കൂടുതലൊന്നും ഇപ്പോള്‍ പറയുന്നില്ല', എന്നായിരുന്നു ചീഫ് ജസ്റ്റിസ് അറിയിച്ചത്.

എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലാണ് സമൂഹത്തില്‍ ജുഡീഷ്യറിയുടെ പ്രാധാന്യം എന്ന ഭാഗത്ത് ജുഡീഷ്യറിയിലെ അഴിമതിയെ കുറിച്ചും കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും വിവരിച്ചത്. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും മനു അഭിഷേക് സിങ്വിയുമാണ് ചീഫ് ജസ്റ്റിസിന് മുന്നില്‍ പരാമര്‍ശിച്ചത്. ഇത് ഗൗരവമേറിയ വിഷയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിമാരുടേയും പൊതുജനങ്ങളുടേയും അന്വേഷണ ഏജന്‍സികളുടേയും രാഷ്ട്രീയക്കാരുടേയും അഴിമതിയെക്കുറിച്ച് മറച്ചുവെച്ച്, ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പഠിപ്പിക്കുന്നത് ദുരുദ്ദേശപരമാണെന്നായിരുന്നു കബില്‍ സിബലിന്റെ വാദം. വിഷയത്തില്‍ കോടതി എന്‍സിഇആര്‍ടിയുടെ വിശദീകരണം തേടിയേക്കും.

നേരത്തേ, സാമൂഹികശാസ്ത്ര പാഠപുസ്തകത്തില്‍ കോടതികളുടെ ഘടനയും അവയുടെ ധര്‍മങ്ങളുമാണ് പഠിപ്പിച്ചിരുന്നത്. ഇതില്‍നിന്ന് വ്യത്യസ്തമായാണ് അടുത്ത കാലത്ത് ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് ഒരുഭാഗം കൂട്ടിച്ചേര്‍ത്തത്. 'സമൂഹത്തില്‍ ജുഡീഷ്യറിയുടെ പങ്ക്' എന്ന പാഠഭാഗത്താണ് അഴിമതിയെക്കുറിച്ചുള്ള പരാമര്‍ശം. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ജില്ലാ- കീഴ്കോടതികളിലും തീര്‍പ്പാകാതെ കിടക്കുന്ന കേസുകളുടെ ഏകദേശ കണക്കുകള്‍ എന്ന പേരില്‍ കേസുകളുടെചില സംഖ്യകളും ഈ അധ്യായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര- സംസ്ഥാന തലങ്ങളില്‍ ജുഡീഷ്യറിയുടെ സുതാര്യതയും വിശ്വാസവും വര്‍ധിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പാഠഭാഗത്ത് പറയുന്നു. നീതിന്യായവ്യവസ്ഥയിലെ അഴിമതിയും ദുര്‍ന്നടപ്പും പൊതുജനങ്ങളില്‍ അവിശ്വാസമുണ്ടാക്കുമെന്ന മുന്‍സുപ്രീംകോടതി ചീഫ് ജസ്റ്റില്‍ ബി.ആര്‍. ഗവായിയുടെ പ്രസ്താവനയും ഈ അധ്യായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.