ന്യൂഡല്‍ഹി: ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ പദവിയില്‍നിന്ന് നീക്കം ചെയ്യാനുള്ള പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്കിടെ പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്‌പോര്. 'ഭരണഘടനയെ സംരക്ഷിക്കാന്‍' ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് എതിരെ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം നിര്‍ബന്ധിതരായെന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് പറഞ്ഞു. ബിര്‍ള പക്ഷപാതപരമായി പെരുമാറിയെന്നും ഭരണഘടനാപരമായ പദവി 'ദുരുപയോഗം' ചെയ്‌തെന്നും ഗൊഗോയ് ആരോപിച്ചു. രാജ്യത്തിന്റെ നേതൃത്വം 'ദുര്‍ബലമായതിനാല്‍' ഫെബ്രുവരിയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന് സംസാരിക്കാന്‍ അനുമതിയില്ലാതായെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കറെ മാറ്റുന്ന പ്രമേയം ഗൗരവ് ഗൊഗോയ് അവതരിപ്പിക്കുന്നതിനിടെ പ്രസംഗത്തില്‍ 'അണ്‍പാര്‍ലമെന്ററി'യായ വാക്ക് പ്രയോഗിച്ചു എന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു സഭയില്‍ പറഞ്ഞതാണ് തര്‍ക്കത്തിന് കാരണമായത്. ഇതിനു മറുപടിയായി ഭാവിയില്‍ പാര്‍ലമെന്ററി രേഖകള്‍ പരിശോധിക്കുമ്പോള്‍, പ്രതിപക്ഷത്തെ ഏറ്റവും കൂടുതല്‍ തടസ്സപ്പെടുത്തിയ പാര്‍ലമെന്ററി കാര്യമന്ത്രിയായി കിരണ്‍ റിജിജു അറിയപ്പെടുമെന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് പരിഹസിച്ചു. മന്ത്രി കിരണ്‍ റിജിജു മിക്കപ്പോഴും പ്രതിപക്ഷ അംഗങ്ങളെ തടസപ്പെടുത്തുമെന്ന് ഗൊഗോയ് ആരോപിച്ചു.'ഒരു ബിസിനസുകാരനെതിരെ യുഎസില്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ വിഷയം ഉന്നയിക്കാന്‍ രാഹുല്‍ ഗാന്ധി ആഗ്രഹിച്ചിരുന്നു. അതില്‍ ഒരു മന്ത്രിയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍, അതിനെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹത്തിന് അനുമതി ലഭിച്ചില്ല' ഗൊഗോയ് പറഞ്ഞു.

'ഗൊഗോയ് പറഞ്ഞു. 'പ്രതിപക്ഷ നേതാവ് നിര്‍ണായക പ്രശ്നങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ ആഗ്രഹിച്ചപ്പോള്‍, സ്പീക്കര്‍ ആധികാരികത ആവശ്യപ്പെട്ടു, രാഹുല്‍ ഗാന്ധി അത് നല്‍കാന്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍, ഭരണപക്ഷ ബെഞ്ചുകള്‍ ഇതിനെ എതിര്‍ത്തു, പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിച്ചില്ല'. സ്പീക്കര്‍ക്ക് 'ഉയര്‍ന്ന സ്വാതന്ത്ര്യബോധം, കുറ്റമറ്റ വസ്തുനിഷ്ഠത, കുറ്റമറ്റ നീതി, എല്ലാറ്റിനുമുപരി പൂര്‍ണ്ണമായ നിഷ്പക്ഷത' എന്നിവ ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്ന് ഗൊഗോയ് പറഞ്ഞു.

സ്പീക്കറെ നീക്കംചെയ്യാനുള്ള പ്രമേയം ചര്‍ച്ച ചെയ്യുമ്പോള്‍ ജഗദാംബിക പാല്‍ സഭാ നടപടികള്‍ നിയന്ത്രിക്കുന്നതിലും ഗൊഗോയ് എതിര്‍പ്പ് അറിയിച്ചു. സ്പീക്കര്‍ തന്നെ നിയമിക്കുന്ന പാനലിലെ അംഗമായ ജഗദാംബിക പാല്‍ എങ്ങനെ സ്പീക്കര്‍ക്കെതിരായ പ്രമേയത്തില്‍ അധ്യക്ഷത വഹിക്കുമെന്ന് അദ്ദേഹം ചോദിച്ചു. ഇത് പാര്‍ലമെന്ററി ചട്ടങ്ങള്‍ക്ക് എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്പീക്കറുടെ അധികാരമുപയോഗിച്ച് തിരഞ്ഞെടുത്ത പാനലിലെ ഒരാള്‍ അധ്യക്ഷനാകുന്നത് ഭരണഘടനാ ലംഘനമാണെന്ന് ഗൊഗോയ് വാദിച്ചു. മുന്‍പ് ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായപ്പോഴെല്ലാം സഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍, നിലവിലെ സര്‍ക്കാര്‍ ഈ പദവിയിലേക്ക് ആരെയും നിയമിച്ചിട്ടില്ലെന്നും ഗൊഗോയ് പറഞ്ഞു.

ഇന്ത്യാ സഖ്യത്തിന് സഭയില്‍ ഇരുന്നൂറോളം അംഗങ്ങളുണ്ടായിട്ടും ഡെപ്യൂട്ടി സ്പീക്കര്‍സ്ഥാനം ഒഴിഞ്ഞുകിടക്കുന്നത് രാജ്യം ചര്‍ച്ചചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓം ബിര്‍ളയുമായി പ്രതിപക്ഷത്തിന് വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സഭയുടെ പ്രവര്‍ത്തനരീതിയെയാണ് തങ്ങള്‍ ചോദ്യം ചെയ്യുന്നതെന്നും ഗൊഗോയ് വ്യക്തമാക്കി. അതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കിരണ്‍ റിജിജുവിന് പിന്തുണയുമായെത്തി. കിരണ്‍ റിജിജു പ്രതിപക്ഷത്തെ തടസ്സപ്പെടുത്തുന്നു എന്ന ഗൊഗോയിയുടെ നിരീക്ഷണത്തോട് താന്‍ യോജിക്കുന്നുവെന്നും എന്നാല്‍, ഇത്രയും നിരുത്തരവാദപരമായി പെരുമാറുന്ന ഒരു പ്രതിപക്ഷത്തെ ഇതിനുമുമ്പ് കണ്ടിട്ടില്ലെന്നും അമിത് ഷാ തിരിച്ചടിച്ചു.