ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ ദേശീയ തലത്തില്‍ തലമുറ മാറ്റത്തിന് കളമൊരുങ്ങി. ദേശീയ വര്‍ക്കിങ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബീനെ നിയമിച്ചു. നിലവിലെ പ്രസിഡന്റ് ജെ.പി. നഡ്ഡയുടെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ ഭരണനിര്‍വഹണത്തില്‍ യുവനേതാവിനെ നിയമിച്ചുകൊണ്ട് പാര്‍ലമെന്ററി ബോര്‍ഡ് അപ്രതീക്ഷിത നീക്കം നടത്തിയിരിക്കുന്നത്. നിയമനം എത്രയും വേഗം പ്രാബല്യത്തില്‍ വരുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.

ബംഗാള്‍, അസം, തമിഴ്‌നാട്, കേരളം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെ നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടത്തേണ്ട സുപ്രധാന ചുമതല ഇനി നിതിന്‍ നബീനാണ്. നിലവില്‍ വര്‍ക്കിങ് പ്രസിഡന്റായാണ് നിയമനമെങ്കിലും, ജെ.പി. നഡ്ഡയ്ക്ക് പകരക്കാരനായി നിതിന്‍ നബീന്‍ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയേക്കുമെന്നും സൂചനകളുണ്ട്.

സംഘാടനത്തില്‍ മിടുക്കന്‍

നിതിന്‍ നബീന്‍ നിലവില്‍ പട്‌നയിലെ ബാങ്കിപ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ.യും ബിഹാറിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമാണ്.കായസ്ഥ സമുദായത്തില്‍പ്പെട്ട ഇദ്ദേഹം, അന്തരിച്ച ബി.ജെ.പി. നേതാവ് നബീന്‍ കിഷോര്‍ സിന്‍ഹയുടെ മകനാണ്. എ.ബി.വി.പി.യിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ എത്തുന്നത്. 2000-ല്‍ അച്ഛന്റെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭയില്‍ പ്രവേശിച്ചു. 2010 മുതല്‍ 2025 വരെ തുടര്‍ച്ചയായി വിജയം ആവര്‍ത്തിച്ചു.

ഭരണപരിചയം: നഗരവികസനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത് ഭരണനിര്‍വഹണത്തില്‍ അനുഭവപരിചയം തെളിയിച്ചിട്ടുണ്ട്. ബി.ജെ.പി.യുടെ യുവജന വിഭാഗമായ യുവമോര്‍ച്ചയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ നിരവധി പ്രധാന തിരഞ്ഞെടുപ്പ് ചുമതലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഛത്തീസ്ഗഢില്‍ ബി.ജെ.പി. വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയത്.

പ്രധാനമന്ത്രിയുടെ അഭിനന്ദനം

നിതിന്‍ നബീനെ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനങ്ങള്‍ അറിയിച്ചു. 'സംഘടനാപരമായ സമ്പന്നമായ അനുഭവസമ്പത്തും, ബിഹാറിലെ എം.എല്‍.എ എന്ന നിലയിലും മന്ത്രി എന്ന നിലയിലും നിരവധി തവണ ശ്രദ്ധേയമായ റെക്കോര്‍ഡുകളുമുള്ള യുവവും കഠിനാധ്വാനിയുമായ നേതാവാണ് നിതിന്‍ നബീന്‍,' പ്രധാനമന്ത്രി എക്‌സ് പോസ്റ്റില്‍ കുറിച്ചു.അദ്ദേഹത്തിന്റെ ഊര്‍ജ്ജസ്വലതയും അര്‍പ്പണബോധവും വരും കാലങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് പ്രധാനവമന്ത്രി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

നഡ്ഡയുടെ കാലാവധി

നിലവിലെ ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡയുടെ കാലാവധി 2024-ല്‍ അവസാനിച്ചിരുന്നു. എന്നാല്‍ 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് 2024 ജനുവരിയില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗം അദ്ദേഹത്തിന്റെ കാലാവധി നീട്ടി നല്‍കുകയായിരുന്നു. നഡ്ഡ നിലവില്‍ കേന്ദ്ര ആരോഗ്യമന്ത്രിയാണ്.

പാര്‍ട്ടിയുടെ ഭരണഘടനയനുസരിച്ച്, ദേശീയ പ്രസിഡന്റിന്റെ കാലാവധി മൂന്ന് വര്‍ഷമാണ്. തുടര്‍ച്ചയായി രണ്ട് തവണ മാത്രമേ ഈ പദവിയില്‍ തുടരാന്‍ കഴിയൂ.