- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമന കത്ത് നല്‍കുന്നതിനിടെ വനിതാ ഡോക്ടറുടെ ഹിജാബ് വലിച്ചു താഴ്ത്തി; ബീഹാര്‍ മുഖ്യമന്ത്രി വന്‍ വിവാദത്തില്‍; നിതീഷ്ജിക്ക് എന്ത് സംഭവിച്ചു? അദ്ദേഹത്തിന്റെ മാനസികനില പൂര്‍ണമായും തെറ്റിയോ എന്ന് വിമര്‍ശിച്ചു ആര്‍ജെഡി; മാപ്പുപറയണമെന്ന ആവശ്യം ശക്തം
നിയമന കത്ത് നല്‍കുന്നതിനിടെ വനിതാ ഡോക്ടറുടെ ഹിജാബ് വലിച്ചു താഴ്ത്തി
പാറ്റ്ന: ആയുഷ് ഡോക്ടര്‍മാര്‍ക്ക് നിയമന കത്തുകള്‍ നല്‍കുന്നതിനിടെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഒരു സ്ത്രീയുടെ ഹിജാബ് വലിച്ചുതാഴ്ത്തിയ സംഭവം വന്‍ വിവാദത്തില്‍. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ പ്രതിപക്ഷവും ജനങ്ങളും ഉള്‍പ്പെടെ നിരവധിപേര്‍ എതിര്‍പ്പുമായി രംഗത്തെത്തി.
നുസ്രത്ത് പര്‍വീന്‍ എന്ന സ്ത്രീയുടെ ഹിജാബാണ് മുഖ്യമന്ത്രി ബലപ്രയോഗത്തിലൂടെ മാറ്റിയത്. സ്ത്രീയുടെ നിയമന കത്ത് നല്‍കിയ ശേഷം നിതീഷ് കുമാര്‍ അവരുടെ ശിരോവസ്ത്രത്തിന് നേരെ ആംഗ്യം കാണിക്കുന്നത് വീഡിയോയില്‍ കാണാം. ഉടന്‍തന്നെ ചിരിച്ചുകൊണ്ട് നിതീഷ് അവരുടെ ഹിജാബ് വലിച്ചുതാഴ്ത്തി. ഉടന്‍തന്നെ സമീപത്തുണ്ടായിരുന്ന ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി നിതീഷ് കുമാറിനോട് അത് ചെയ്യരുതെന്ന് ആംഗ്യം കാണിക്കുന്നത് കാണാം.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വന്‍ വിവാദമായി. ആര്‍ജെഡിയും കോണ്‍ഗ്രസും അവരുടെ എക്സ് അക്കൗണ്ടില്‍ ഇതിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. നിതീഷ് ജിക്ക് എന്ത് സംഭവിച്ചു? അദ്ദേഹത്തിന്റെ മാനസികനില പൂര്‍ണമായും തെറ്റിയോ? അതോ അദ്ദേഹമിപ്പോള്‍ 100 ശതമാനം സംഘിയായി മാറിയോ'- എന്നാണ് ആര്‍ജെഡി എക്സില്‍ കുറിച്ചിരിക്കുന്നത്.'എന്ത് നാണക്കേടാണെന്ന് നോക്കൂ. ഇത് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ്. ഒരു വനിതാ ഡോക്ടര്‍ക്ക് നിയമനക്കത്ത് നല്‍കുന്നതിനിടെ അവരുടെ ഹിജാബ് വലിച്ചുതാഴ്ത്തി. ബീഹാറിലെ ഏറ്റവും ഉയര്‍ന്ന പദവി വഹിക്കുന്നയാള്‍ ഇത്തരം നിന്ദ്യമായ പ്രവൃത്തി പരസ്യമായി ചെയ്യുകയാണ്. സംസ്ഥാനത്തെ സ്ത്രീകള്‍ എത്രത്തോളം സുരക്ഷിതരാണെന്ന് ഒന്ന് ആലോചിച്ച് നോക്കൂ. ഈ നിന്ദ്യമായ പ്രവൃത്തി ചെയ്ത നിതീഷ് കുമാര്‍ ഉടന്‍ രാജിവയ്ക്കണം. ഇത് പൊറുക്കാനാകാത്തതാണ് ' - കോണ്‍ഗ്രസ് വിമര്‍ശിച്ചു.
പരസ്യമായ പീഡനം എന്നാണ് ശിവസേന യുബിടി നേതാവ് പ്രിയങ്ക ചതുര്‍വേദി ഇതിനെതിരെ പ്രതികരിച്ചത്. തികച്ചും അപലപനീയമാണ്. ഒരു സ്ത്രീയുടെ ശിരോവസ്ത്രം ബലമായി വലിച്ചുതാഴ്ത്തുന്നത് അവരെ പരസ്യമായി ഉപദ്രവിക്കുന്നതിന് തുല്യമാണെന്നും അവര്‍ എക്സില്‍ കുറിച്ചു.മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റില്‍ വച്ചായിരുന്നു സംഭവം. 1,283 ആയുഷ് ഡോക്ടര്‍മാര്‍ക്കാണ് ചടങ്ങില്‍ നിയമന കത്തുകള്‍ നല്‍കിയത്. നിയമിതരായവരില്‍ 685 ആയുര്‍വേദ ഡോക്ടര്‍മാരും 393 പേര്‍ ഹോമിയോ ഡോക്ടര്‍മാരും 205 പേര്‍ യുനാനി ഡോക്ടര്‍മാരും ഉള്‍പ്പെടുന്നു.
പത്തുപേര്‍ക്ക് നിതീഷ് കുമാര്‍ നേരിട്ടും ബാക്കിയുള്ളവര്‍ ഓണ്‍ലൈനായും നിയമന കത്തുകള്‍ നല്‍കി. ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹ, ബീഹാര്‍ മന്ത്രിമാരായ വിജയ് കുമാര്‍ ചൗധരി, ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. സംഭവം ബിഹാറില്‍ വലിയ രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
നവംബര്‍ 20നാണ് പത്താം തവണയും ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. 243 നിയമസഭാ സീറ്റുകളില്‍ എന്‍ഡിഎ 202 സീറ്റുകളിലാണ് വിജയിച്ചത്. ഇതില്‍ 89 സീറ്റ് ബിജെപി നേടിയപ്പോള്‍ 85 സീറ്റാണ് നിതീഷ് കുമാര്‍ നയിക്കുന്ന ജെഡിയു നേടിയത്.




