- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാറില്‍ നിതീഷ് കുമാര്‍ പടിയിറങ്ങുന്നു; മുഖ്യമന്ത്രി സ്ഥാനവും നിയമസഭ കൗണ്‍സില്‍ അംഗത്വവും ഇന്ന് രാജിവെക്കും; പത്താംതവണ മുഖ്യമന്ത്രി കസേരയിലെത്തി നാലു മാസത്തിന് ശേഷം നിതീഷിന്റെ രാജി; നിതീഷ് കുമാര്‍ യുഗം അവസാനിക്കുമ്പോള്‍ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യം ബാക്കി
ബിഹാറില്‍ നിതീഷ് കുമാര്‍ പടിയിറങ്ങുന്നു

പട്‌ന: രണ്ട് പതിറ്റാണ്ടിലധികം മുഖ്യമന്ത്രി കസേരയിലിരുന്ന ബീഹാര്‍ രാഷ്ട്രീയത്തിന്റെ അതികായന്‍ നിതീഷ് കുമാര്‍ ഇന്ന് രാജിവെക്കും. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുഖ്യമന്ത്രി സ്ഥാനവും നിയമസഭ കൗണ്‍സില്‍ അംഗത്വവുമാണ് അദ്ദേഹം രാജിവെക്കുക. മാര്‍ച്ച് 16നാണ് നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പത്താംതവണ മുഖ്യമന്ത്രി കസേരയിലെത്തി നാലു മാസത്തിന് ശേഷമാണ് നിതീഷ് കുമാറിന്റെ രാജി.
നിതീഷ് കുമാറിന്റെ നിയമസഭ കൗണ്‍സില്‍ അംഗത്വം രാജിവെക്കുമെന്ന് ജെ.ഡി.യു നേതൃത്വം സ്ഥിരീകരിച്ചു. രാജ്യസഭ എം.പിയായതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിന്റെ തലപ്പത്തുനിന്ന് സ്ഥാനമൊഴിയാന്‍ നിതീഷ് കുമാര്‍ മടിക്കുന്നുവെന്ന ഊഹാപോഹങ്ങള്‍ വര്‍ധിക്കുന്നതിനിടെയാണ് രാജിപ്രഖ്യാപനം. സംസ്ഥാന രാഷ്ട്രീയത്തില്‍ അധികാരങ്ങളില്ലാത്ത വെറുമൊരു രാഷ്ടീയ നേതാവാക്കി നിതീഷ് കുമാറിനെ മാറ്റുമെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പ്രാദേശിക സ്വാധീനം ഗണ്യമായി കുറയുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം.
അതേസമയം, നിതീഷ് കുമാറിന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹമില്ലായിരുന്നുവെന്നും ജെ.ഡി.യുവിന്റെ പ്രധാന സഖ്യകക്ഷിയായ ബി.ജെ.പിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് നിതീഷ് വഴങ്ങിയതെന്നും ആര്‍.ജെ.ഡി വര്‍ക്കിങ് പ്രസിഡന്റ് തേജസ്വി യാദവ് ആരോപിച്ചിരുന്നു. ജെ.ഡി.യുവിനെ അവസാനിപ്പിക്കാന്‍ ആര്‍.എസ്.എസും ബി.ജെ.പിയും ഇറങ്ങിപുറപ്പെട്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
ഇതിനിടെ ബിഹാറില്‍ നിതീഷ് കുമാര്‍ യുഗം അവസാനിക്കുമ്പോള്‍ അടുത്ത മുഖ്യമന്ത്രി ആരാകുമെന്നതാണ് പുതിയ ചോദ്യം. ആരോഗ്യ പ്രശ്‌നങ്ങളാണ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നിതീഷിനെ പുറത്തേക്ക് എത്തിച്ചതെന്നാണ് മറ്റൊരു സൂചന. ജെ.ഡി.യുവിനൊപ്പം ചേര്‍ന്ന് നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയായിരുന്നു എന്‍.ഡി.എ തെരഞ്ഞെടുപ്പ് വിജയം നേടിയത്. ആദ്യമായാണ് ബിഹാറില്‍ എന്‍.ഡി.എക്ക് ഭരണം.
ബി.ജെ.പിയും ജെ.ഡി.യുവും ചേര്‍ന്നാണ് ബിഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുക. നിഷാന്തിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്ന ഉറപ്പ് വാങ്ങിയ ശേഷമാണ് നിതീഷ് കുമാറിന്റെ രാജിയെന്നും സൂചനയുണ്ട്. എങ്കില്‍ ബി.ജെ.പിക്കായിരിക്കും മുഖ്യമന്ത്രി സ്ഥാനം നിശ്ചയിക്കാനുള്ള പരോക്ഷമായ അധികാരം. ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സാമ്രാട്ട് ചൗധരിയാകും നിതീഷിന്റെ പിന്‍ഗാമിയെന്നാണ് നിലവിലെ സൂചന.
നിതീഷിന്റെ മകന്‍ നിഷാന്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും ജെ.ഡി.യുവിന് കൂടുതല്‍ മന്ത്രിസ്ഥാനങ്ങളും ലഭിച്ചേക്കും. എന്നാല്‍, നിഷാന്ത് കുമാര്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ നിരവധി ജെ.ഡി.യു നേതാക്കള്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കൊണ്ടുവരണമെന്ന വാദവും ഉന്നയിക്കുന്നുണ്ട്. മുഖ്യമന്ത്രിയാകാന്‍ എല്ലാ യോഗ്യതകളുമുണ്ടെന്നാണ് അവര്‍ ഉന്നയിക്കുന്ന അവകാശവാദം. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുക ആരായിരിക്കുമെന്ന് പാര്‍ട്ടി നേതാക്കളോ എന്‍.ഡി.എ സഖ്യമോ സൂചനകളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.


