ന്യൂഡല്‍ഹി: പരസ്യപ്രസ്താവനകള്‍ നടത്തുമ്പോള്‍ എന്‍.ഡി.എ നേതാക്കള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍.ഡി.എ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും പങ്കെടുത്ത യോഗത്തിലാണ് നരേന്ദ്ര മോദിയുടെ പരാമര്‍ശം. നേതാക്കന്‍മാരുടെ പല പ്രസ്താവനകളിലും മോദി യോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ചുവെന്നാണ് വിവരം.

പാര്‍ട്ടി നേതാക്കന്മാരില്‍ ചിലര്‍ നടത്തിയ അനാവശ്യ പ്രസ്താവനകളില്‍ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തുകയും വിവേകരഹിതമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. അച്ചടക്കത്തോടെയുള്ള ആശയവിനിമയത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ച്- എന്തും എവിടെയും പറയുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ മധ്യപ്രദേശില്‍നിന്നും ഹരിയാണയില്‍ നിന്നുമുള്ള ചില ബിജെപി നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കിയ പശ്ചാത്തലത്തിലാണ് മോദിയുടെ നിര്‍ദേശമെന്നത് ശ്രദ്ധേയമാണ്. ബി.ജെ.പി എം.എല്‍.എ വിജയ് ഷാ കേണല്‍ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ഒടുവില്‍ മന്ത്രി മാപ്പ് പറഞ്ഞുവെങ്കിലും പ്രതിഷേധക്കാറ്റ് ഒടുങ്ങിയിട്ടില്ല.

മന്ത്രിക്കെതിരെ നിയമനടപടികളും പുരോഗമിക്കുകയാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി ജഗ്ദീഷ് ദേവാദയുടെ പ്രസ്താവനയും വിവാദമായിരുന്നു. സായുധസേനാംഗങ്ങള്‍ പ്രധാനമന്ത്രിയെ വണങ്ങണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇതിന് ശേഷം പഹല്‍ഗാമില്‍ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ട സ്ത്രീകള്‍ക്ക് യോദ്ധാവിന്റെ ഉത്സാഹമില്ലായിരുന്നുവെന്ന വിവാദ പരാമര്‍ശവുമായി ബിജെപി എംപി രാം ചന്ദര്‍ ജാന്‍ഗ്ര രംഗത്തെത്തിയതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ജീവന്‍ നഷ്ടപ്പെട്ട വിനോദസഞ്ചാരികള്‍ തീവ്രവാദികള്‍ക്കെതിരെ പോരാടേണ്ടതായിരുന്നുവെന്നും രാം ചന്ദര്‍ ജാന്‍ഗ്ര പറഞ്ഞു. 'ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് യോദ്ധാവിന്റെ ഉത്സാഹമുണ്ടായിരുന്നില്ല. അതിനാലാണ് അവര്‍ ആക്രമണത്തിന് ഇരയായത്.' ജാന്‍ഗ്ര പറഞ്ഞു. 'തീവ്രവാദികള്‍ ഒരിക്കലും അഭ്യര്‍ത്ഥനകള്‍ കൊണ്ട് വെറുതെ വിടില്ല. നമ്മുടെ ആളുകള്‍ കൂപ്പുകൈകളോടെയാണ് മരിച്ചത്.' ജാന്‍ഗ്ര കൂട്ടിച്ചേര്‍ത്തു.

അഹല്യഭായ് ഹോള്‍ക്കറുടെ 300 ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ ഭിവാനിയിലെ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഹരിയാനയില്‍ നിന്നുള്ള ബിജെപിയുടെ രാജ്യസഭ എംപി. ആക്രമണത്തില്‍ ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകള്‍ ഹോള്‍ക്കറിന്റെ ചരിത്രം വായിച്ചിരുന്നെങ്കില്‍ ആരും അവരുടെ മുന്നില്‍ വെച്ച് ഇങ്ങനെ ഭര്‍ത്താക്കന്മാരെ കൊല്ലുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 'നമ്മുടെ വിനോദസഞ്ചാരികള്‍ പരിശീലനം ലഭിച്ചവരായിരുന്നെങ്കില്‍ മൂന്ന് തീവ്രവാദികള്‍ക്ക് 26 പേരെ കൊല്ലാന്‍ കഴിയുമായിരുന്നില്ല.' ജാന്‍ഗ്ര പറഞ്ഞു.

അഗ്‌നിവീര്‍ പദ്ധതിയെക്കുറിച്ച് പരാമര്‍ശിച്ച ബിജെപി എംപി ഓരോ വിനോദസഞ്ചാരിയും അഗ്‌നിവീര്‍ പരിശീലനം നേടിയിരുന്നെങ്കില്‍ അവര്‍ക്ക് തീവ്രവാദികളെ വളയാന്‍ കഴിയുമായിരുന്നുവെന്നും മരണസംഖ്യ കുറയുമായിരുന്നുവെന്നും പറഞ്ഞു. വിനോദസഞ്ചാരികള്‍ തീവ്രവാദികള്‍ക്കെതിരെ പോരാടേണ്ടതായിരുന്നുവെന്നും ജാന്‍ഗ്ര പിന്നീട് പറഞ്ഞു.