ശ്രീനഗർ: ഇറാനുനേരെയുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും കടന്നുകയറ്റം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ലോകരാഷ്ട്രങ്ങളുമായുള്ള ബന്ധം ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. മാനവികതയെ കരുതി ഈ അന്യായമായ യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകൈ എടുക്കണമെന്നും അദ്ദേഹം സഭയിൽ ആവശ്യപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇരട്ടത്താപ്പിനെയും ഒമർ അബ്ദുള്ള രൂക്ഷമായി വിമർശിച്ചു.

"രാവിലെ ഭരണമാറ്റത്തെക്കുറിച്ച് സംസാരിക്കുന്ന ട്രംപ്, വൈകുന്നേരമാകുമ്പോൾ എണ്ണവിലയെക്കുറിച്ചാണ് വേവലാതിപ്പെടുന്നത്. എന്തിനാണ് ഈ യുദ്ധമെന്ന് അദ്ദേഹത്തിന് പോലും കൃത്യമായ ധാരണയില്ല," ഒമർ പരിഹസിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ കുടുംബാംഗങ്ങളെയും അനുയായികളെയും വധിച്ച നടപടി അങ്ങേയറ്റം ക്രൂരവും നീതിരഹിതവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധം കശ്മീരിനെ ബാധിക്കില്ലെന്ന ബി.ജെ.പി അംഗങ്ങളുടെ വാദത്തെ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ശക്തമായി തള്ളി. ഇറാനിൽ കുടുങ്ങിക്കിടക്കുന്ന കശ്മീരി വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക അദ്ദേഹം സഭയിൽ പങ്കുവെച്ചു. യുദ്ധം കാരണം പാചകവാതകത്തിനായി ജനങ്ങൾ നീണ്ട ക്യൂവിൽ നിൽക്കേണ്ടി വരുന്നത് ആഗോള സംഘർഷങ്ങൾ പ്രാദേശിക തലത്തിൽപ്പോലും എങ്ങനെയൊക്കെ ആഘാതമുണ്ടാക്കുന്നു എന്നതിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധത്തിന്റെ ദുരിതങ്ങൾ അതിർത്തികൾക്കപ്പുറം സാധാരണക്കാരെ ബാധിക്കുമെന്ന നിലപാടാണ് അദ്ദേഹം വ്യക്തമാക്കിയത്.

നേരത്തെ, നാഷണൽ കോൺഫറൻസ്, പി.ഡി.പി, കോൺഗ്രസ് അംഗങ്ങൾ യുദ്ധത്തിനെതിരെ പ്രമേയം വേണമെന്ന് ആവശ്യപ്പെട്ട് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. എന്നാൽ വിദേശനയം കേന്ദ്രത്തിന്റെ പരിധിയിൽ വരുന്നതാണെന്നും നിയമസഭ ഇതിനുള്ള വേദിയല്ലെന്നും ബി.ജെ.പി നിലപാടെടുത്തു. തുടർന്നുണ്ടായ രൂക്ഷമായ തർക്കങ്ങൾക്കൊടുവിലാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. സ്കൂളുകൾക്കും കുട്ടികൾക്കും നേരെയുള്ള ആക്രമണം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഇരകളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഒമർ അബ്ദുള്ള പറഞ്ഞു.