ന്യൂഡല്‍ഹി: വഖഫ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവാണ് ബില്‍ അവതരിപ്പിക്കുന്നത്. പരിഷ്‌കരിച്ച വഖഫ് ഭേദഗതി ബില്ലാണ് അവതരിപ്പിക്കുന്നത്. ംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) യില്‍ വിശദമായ ചര്‍ച്ച നടത്തിയെന്നും വിവിധ സംഘടനകളുടെ അഭിപ്രായം തേടിയെന്നും മന്ത്രി പറഞ്ഞു. മതനേതാക്കളുടെ അഭിപ്രായവും തേടി.

വഖഫ് സ്വത്തുക്കള്‍ നിയന്ത്രിക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യമെന്നും മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. വഖഫ് ബില്ലിന്റെ ഭാഗമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പ്രതിപക്ഷം ആളുകള തെറ്റിദ്ധരിപ്പിക്കുകയാണെനവ്‌ന് കിരണ്‍ റിജിജു കുറ്റപ്പെടുത്തി. വിവിധ സമുദായങ്ങളെ പ്രതിനിധീകരിച്ച് 284 പ്രതിനിധികള്‍ തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ജെപിസിക്ക് മുമ്പാകെ നല്‍കി. 25 സംസ്ഥാന സര്‍ക്കാരുകളും, കേന്ദ്രഭരണ പ്രദേശങ്ങളും വഖഫ് ബോര്‍ഡുകളും തങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിച്ചു. ന്യൂനപക്ഷ പ്രീണനം നടത്തുന്ന കോണ്‍ഗ്രസ് ആയിരുന്നെങ്കില്‍ പഴയ പാര്‍ലമെന്റ് മന്ദിരം കൂടി വഖഫ് കൗണ്‍സിലുകള്‍ക്ക് കൈമാറുമായിരുന്നുവെന്നും കിരണ്‍ റിജിജു ആഞ്ഞടിച്ചു.

ബില്‍ അവതരിപ്പിക്കാന്‍ മന്ത്രിയെ ക്ഷണിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. ബില്ല് അവതരണത്തില്‍ ക്രമ പ്രശ്‌നം ഉന്നയിച്ച് പ്രതിപക്ഷം. നിയമം അടിച്ചേല്‍പ്പിക്കുകയാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഭേദഗതികളിലെ എതിര്‍പ്പുകള്‍ പറയാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യഥാര്‍ത്ഥ ബില്ലില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് പ്രേമചന്ദ്രന്‍ ഉന്നയിച്ചു. ജെ പി സിക്ക് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ബില്ലില്‍ ചേര്‍ക്കാനാകുമോയെന്നും പ്രേമചന്ദ്രന്‍ ചോദിച്ചു. പ്രതിപക്ഷം പറഞ്ഞതനുസരിച്ചാണ് ബില്ല് ജെപിസിക്ക് വിട്ടതെന്നും ജെ പി സി റിപ്പോര്‍ട്ടിന് ക്യാബിനറ്റ് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കി. എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ അമിത് ഷാ, കോണ്‍ഗ്രസ് കാലത്തെ പോലുള്ള നടപടികളല്ലെന്നും പരിഹസിച്ചു. കോണ്‍ഗ്രസ് അധികാരത്തിലിരുന്ന കാലത്തെ പോലെ വഖഫ് ബില്‍ കമ്മിറ്റി റബര്‍ സ്റ്റാമ്പ് കമ്മിറ്റി അല്ലെന്നും ഷാ പറഞ്ഞു. .പ്രതിപക്ഷത്തിന്റെ ക്രമപ്രശ്‌നം പിന്നീട് തള്ളി

1995 ലെ വഖഫ് നിയമമാണ് ഭേദഗതി ചെയ്യുന്നത്. വഖഫ് സ്വത്തില്‍ അവകാശം ഉന്നയിക്കാന്‍ രേഖ നിര്‍ബന്ധമാക്കുമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. സ്ത്രീകളെയും അമുസ്ലീമുകളെയും ബോര്‍ഡില്‍ ഉള്‍പ്പെടുത്താനും ബില്ല് നിര്‍ദേശിക്കുന്നു. ട്രൈബ്യൂണല്‍ വിധിയില്‍ ആക്ഷേപമുള്ളവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും ബില്ല് നിഷ്‌കര്‍ഷിക്കുന്നു. 5 വര്‍ഷം ഇസ്ലാം മതം പിന്തുടര്‍ന്നവര്‍ക്കേ വഖഫ് നല്‍കാനാവൂ എന്ന വ്യവസ്ഥയും ബില്ലിലുണ്ട്. വഖഫ് ബൈ യൂസര്‍ വ്യവസ്ഥക്ക് പകരം, വഖഫ് ഡീഡ് എന്ന വ്യവസ്ഥ നിര്‍ബന്ധമാക്കി. വഖഫ് സംബന്ധിച്ച ട്രൈബ്യൂണല്‍ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ജില്ലാ കളക്ടര്‍ എന്ന വ്യവസ്ഥ എടുത്ത് മാറ്റി. വഖഫ് പട്ടിക വിജ്ഞാപനം ചെയ്താല്‍ 90 ദിവസത്തിനകം വഖഫ് പോര്‍ട്ടലിലും, ഡാറ്റാബേസിലും അപ്ലോഡ് ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്ത വഖഫ് സ്വത്തുക്കള്‍ സര്‍ക്കാരിനേറ്റെടുക്കാമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.

ചോദ്യോത്തര വേളയ്ക്ക് ശേഷമാണ് ബില്‍ സഭയുടെ മേശപ്പുറത്ത് വച്ചത്. എട്ടുമണിക്കൂര്‍ ചര്‍ച്ചയ്ക്ക് ശേഷം ബില്‍ പാസാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ബിജെപിയും, കോണ്‍ഗ്രസും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.

ബില്ലിനെ ശക്തമായി എതിര്‍ക്കാനും ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കാനുമാണ് പ്രതിപക്ഷ കക്ഷിനേതാക്കളുടെ യോഗ തീരുമാനം. ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ ഇന്ത്യ സഖ്യം ഇന്നലെ തീരുമാനിച്ചിരുന്നു. സിപിഎം എംപിമാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നാണ് ആദ്യം അറിയിച്ചതെങ്കിലും പിന്നീട് തീരുമാനം മാറ്റി. ബില്‍ നാളെ രാജ്യസഭയിലും അവതിരിപ്പിച്ച് പാസാക്കാണ് സര്‍ക്കാരിന്റെ നീക്കം.

ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാല്‍ ഇരുസഭകളിലും ബില്‍ പാസാക്കാന്‍ തടസ്സമില്ല. ജെഡിയു, എല്‍ജെപി (ബിഹാര്‍), ടിഡിപി (ആന്ധ്ര) എന്നീ എന്‍ഡിഎ ഘടകകക്ഷികളുടെയും ഇരുസഖ്യത്തിലുമില്ലാത്ത വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും (ആന്ധ്ര) നിലപാടുകള്‍ ശ്രദ്ധിക്കപ്പെടും. ടിഡിപിയും, ജെഡിയുവും തങ്ങളുടെ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.