- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്‌ഫോടനങ്ങള്‍ ഉണ്ടായത് പാക്കിസ്ഥാനില്‍ ആണെങ്കിലും കോണ്‍ഗ്രസ് രാജകുടുംബത്തിന് ഉറക്കമില്ലാത്ത രാത്രികളായിരുന്നു; ഓപ്പറേഷന്‍ സിന്ദൂറിന്റെ ഞെട്ടലില്‍ നിന്ന് പാക്കിസ്ഥാനിലെയും കോണ്‍ഗ്രസിലെയും ചിലര്‍ ഇതുവരെ കരകയറിയിട്ടില്ല'; ആര്‍ജെഡിയും കോണ്‍ഗ്രസും ജംഗിള്‍ രാജിന്റെ പാഠശാലയില്‍ പഠിച്ചവരാണെന്നും പ്രധാനമന്ത്രി
സ്‌ഫോടനങ്ങള്‍ ഉണ്ടായത് പാക്കിസ്ഥാനില്‍ ആണെങ്കിലും കോണ്‍ഗ്രസ് രാജകുടുംബത്തിന് ഉറക്കമില്ലാത്ത രാത്രികളായിരുന്നു
പട്ന: 'ഓപ്പറേഷന്‍ സിന്ദൂറി'ന്റെ വിജയത്തില്‍ രാജ്യം അഭിമാനിക്കുമ്പോള്‍, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഈ വിജയം ഇഷ്ടപ്പെട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ അറായില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം. പാകിസ്ഥാനില്‍ സ്‌ഫോടനം നടന്നപ്പോള്‍ കോണ്‍ഗ്രസിലെ രാജകുടുംബത്തിനാണ് ഉറക്കം നഷ്ടപ്പെട്ടതെന്നും, ഓപ്പറേഷന്‍ സിന്ദൂറിന്റെ ആഘാതത്തില്‍ നിന്ന് ഇപ്പോഴും അവര്‍ മോചിതരായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സ്‌ഫോടനങ്ങള്‍ നടന്നത് പാക്കിസ്ഥാനിലാണ്. എന്നിട്ടും കോണ്‍ഗ്രസ് രാജകുടുംബത്തിന് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. 'ഓപ്പറേഷന്‍ സിന്ദൂറി'ന്റെ ഞെട്ടലില്‍ നിന്ന് പാക്കിസ്ഥാനിലെയും കോണ്‍ഗ്രസിലെയും ചിലര്‍ ഇതുവരെ കരകയറിയിട്ടില്ല,' പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികള്‍ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണെന്നും മോദി ആരോപിച്ചു. 'ബിഹാറിന്റെ വിഭവങ്ങളില്‍ നിങ്ങള്‍ക്ക് അവകാശമില്ലേ? നുഴഞ്ഞുകയറ്റക്കാരെ ബിഹാര്‍ പിടിച്ചെടുക്കാന്‍ നിങ്ങള്‍ അനുവദിക്കുമോ? അവരെ സംരക്ഷിക്കുന്നവര്‍ കുറ്റവാളികളല്ലേ?' അദ്ദേഹം ചോദ്യമുന്നയിച്ചു. ആര്‍ജെഡിയെയും കോണ്‍ഗ്രസിനെയും സൂക്ഷിക്കണമെന്നും, അവര്‍ ജംഗിള്‍ രാജിന്റെ പാഠശാലയില്‍ പഠിച്ചവരാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.
സീറ്റ് വിഭജനത്തെച്ചൊല്ലി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലുണ്ടായ തര്‍ക്കത്തെയും മോദി പരാമര്‍ശിച്ചു. വികസിത ഭാരതം യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യവുമായി എന്‍ഡിഎ മുന്നോട്ട് പോകുമ്പോള്‍, പ്രതിപക്ഷം അടച്ചിട്ട വാതിലുകള്‍ക്ക് പിന്നില്‍ കളികള്‍ നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു ആര്‍ജെഡി നേതാവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിച്ചിരുന്നില്ലെങ്കിലും, അവസരം നഷ്ടപ്പെടുത്താന്‍ ആര്‍ജെഡി തയ്യാറായിരുന്നില്ല. കോണ്‍ഗ്രസിന്റെ തലക്ക് നേരെ തോക്ക് ചൂണ്ടിയാണ് ആര്‍ജെഡി മുഖ്യമന്ത്രി പദം വാങ്ങിയതെന്നും പ്രധാനമന്ത്രി ആരോപിച്ചു.
ഫാക്ടറികള്‍ അടച്ചുപൂട്ടുന്ന റെക്കോര്‍ഡുള്ളവര്‍ക്ക് പുതിയ ബിസിനസുകള്‍ ആരംഭിക്കാന്‍ കഴിയില്ലെന്നും, ആര്‍ജെഡിയുടെ ചിഹ്നമായ റാന്തല്‍ വിളക്കും ചുവന്ന പതാകയും കാണുമ്പോള്‍ നിക്ഷേപകര്‍ പണം നിക്ഷേപിക്കാന്‍ തയ്യാറാകുമോ എന്നും അദ്ദേഹം ചോദ്യമുന്നയിച്ചു. എന്‍ഡിഎയ്ക്ക് മാത്രമേ നിക്ഷേപവും തൊഴിലവസരങ്ങളും കൊണ്ടുവരാന്‍ കഴിയൂ എന്നും പ്രധാനമന്ത്രി പറഞ്ഞു




