ന്യൂഡല്‍ഹി: കഴിഞ്ഞ പത്ത് വര്‍ഷം എന്‍ഡിഎ സര്‍ക്കാര്‍ രാജ്യം ഭരിച്ചുവെന്നും അടുത്ത 20 വര്‍ഷവും എന്‍.ഡി.എ. അധികാരത്തില്‍ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരുന്ന അഞ്ച് വര്‍ഷം കൊണ്ട് ദാരിദ്ര്യം ഇല്ലാതാക്കാനുള്ള പോരാട്ടമായിരിക്കുമെന്നും മോദി രാജ്യസഭയില്‍ പറഞ്ഞു. അതേസമയം മോദി കള്ളം പറയുന്നത് നിര്‍ത്തണമെന്നും പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

എന്‍ഡിഎയുടെ വന്‍ വിജയത്തെ 'ബ്ലാക്കൗട്ട്' ചെയ്യാന്‍ ശ്രമം നടക്കുകയാണ്. ജനം വിജയിപ്പിച്ചത് പ്രതീക്ഷയുടെ രാഷ്ട്രീയത്തെയാണെന്നും അദ്ദേഹം പറഞ്ഞു. 'മൂന്നിലൊന്ന് പ്രധാനമന്ത്രി' എന്ന പരിഹാസം മോദി തള്ളി. മൂന്നിലൊന്ന് കാലമേ പൂര്‍ത്തിയായിട്ടുള്ളു. ഭരണഘടന തനിക്ക് സര്‍വോപരിയാണെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യത്തിനെതിരെ അടുത്ത അഞ്ച് വര്‍ഷത്തില്‍ നിര്‍ണായക തീരുമാനമെടുക്കുമെന്നും മോദി പറഞ്ഞു.

കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് രണ്ട് മണിക്കൂറിലേറെ സമയമെടുത്തായിരുന്നു മോദി മറുപടി പറഞ്ഞത്. സഭയില്‍ ശക്തമായ പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. ഇന്ന് രാജ്യസഭയും പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചു.

വികസിത ഭാരതവും ആത്മനിര്‍ഭര്‍ ഭാരതും രാജ്യം തിരിച്ചറിഞ്ഞു. മൂന്നാമതും ജനം അധികാരത്തിലേറ്റി. കഴിഞ്ഞ പത്ത് വര്‍ഷം എന്‍ഡിഎ സര്‍ക്കാരിന്റേത് ലഘുതുടക്കമായിരുന്നു. സര്‍ക്കാരിന്റെ സുപ്രധാന കാര്യങ്ങള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂ- മോദി പറഞ്ഞു. ഭരണഘടനയുടെ കാരണത്താലാണ് താന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നതെന്ന് പറഞ്ഞ മോദി, അടുത്ത 20 വര്‍ഷവും തങ്ങളുടേതായിരിക്കുമെന്നും രാജ്യസഭയില്‍ കൂട്ടിച്ചേര്‍ത്തു.

ഇതൊരു മൂന്നിലൊന്ന് സര്‍ക്കാരായിരിക്കുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ക്ക് നന്ദി. അവര്‍ പറഞ്ഞത് ശരിയാണ്. സര്‍ക്കാര്‍ രൂപീകരിച്ച് പത്ത് വര്‍ഷമായി. ഇനി ഒരു 20 വര്‍ഷം കൂടി സര്‍ക്കാര്‍ വരും. അത് സത്യമായിരിക്കുമെന്നാണ് താന്‍ കരുതുന്നത്- മോദി പറഞ്ഞു.

പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കൂ എന്നാവശ്യപ്പെട്ട് മോദിയുടെ സംസാര സമയത്ത് പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം ഉയര്‍ത്തി. കള്ളം പറയുന്നത് നിര്‍ത്തൂ, രാജ്യസഭ നിര്‍ത്തിവെക്കൂ എന്നും പ്രതിപക്ഷ ഭാഗത്ത് നിന്ന് മുദ്രാവാക്യമുയര്‍ന്നു. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോരുകയായിരുന്നു.

അതേസമയം, പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന്റെ ആദ്യഘട്ടം ഇന്ന് അവസാനിക്കുകയാണ്. ഇന്നലെ ലോക്സഭയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ചാണ് മോദി മുന്നേറിയത്. എന്നാല്‍, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ മണിപ്പൂര്‍ അടക്കമുള്ള വിഷയങ്ങളില്‍ മറുപടി പറഞ്ഞില്ല.ജനങ്ങള്‍ വീണ്ടും അംഗീകരിച്ചതില്‍ അഭിമാനമുണ്ടെന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ലോക്സഭയില്‍ പറഞ്ഞത്.

പ്രതിപക്ഷം നുണപ്രചരിപ്പിച്ചിട്ടും വീണ്ടും അധികാരത്തിലെത്തിയെന്ന് മോദി പറഞ്ഞു. അവരുടെ വേദന തങ്ങള്‍ക്ക് മനസിലാവുന്നുണ്ട്. അഴിമതിരഹിത ഭരണം ജനം അംഗീകരിച്ചു. രാജ്യം ഒരുപാട് കാലം പ്രീണന രാഷ്ട്രീയത്തിന് സാക്ഷിയായി. ഇപ്പോള്‍ പ്രീണന രാഷ്ട്രീയം ഇന്ത്യയില്‍ അവസാനിച്ചിരിക്കുന്നു. എല്ലാവരുടെയും വികസനമാണ് തങ്ങളുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു.