ചെന്നൈ: ഐസിസി ചെയര്‍മാനായി തെരഞ്ഞടുക്കപ്പെട്ട ബിസിസിഐ സെക്രട്ടറി ജയ് ഷായെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. ഐസിസി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ജയ് ഷായെ അഭിനന്ദിച്ച് വിരാട് കോലിയിട്ട ട്വീറ്റ് റീ ട്വീറ്റ് ചെയ്താണ് പ്രകാശ് രാജിന്റെ പരിഹാസം. പ്രകാശ് രാജിന്റെ പോസ്റ്റിന് താഴെ നിരവധി പേര്‍ രസകരമായ കമന്റുകളുമായി രംഗത്തുവന്നിട്ടുണ്ട്.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ട് ഇതിഹാസത്തിനായി എഴുന്നേറ്റു നിന്ന് കൈയ്യടിക്കണമെന്നായിരുന്നു പ്രകാശ് രാജിന്റെ പോസ്റ്റ്. ജയ് ഷായെ അഭിനന്ദിച്ച് വിരാട് കോലി ഇട്ട ട്വീറ്റ്, റീ ട്വിറ്റ് ചെയ്ത് പ്രകാശ് രാജ് കുറിച്ചത്, നമുക്ക് എഴുന്നേറ്റ് നിന്ന് കൈയടിക്കാം, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്ററും ബൗളറും വിക്കറ്റ് കീപ്പറു ഓള്‍ റൗണ്ടറുമെല്ലാം ആയ ജയ് ഷാ ഐസിസി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടതിന് എന്നായിരുന്നു.

ഇന്ത്യയില്‍ ആദ്യം 10000 റണ്ണടിക്കുന്ന ബാറ്റര്‍ ശരദ് പവാറായിരുന്നുവെന്നും 500 വിക്കറ്റെടുത്ത ബൗളര്‍ രാജീവ് ശുക്ലയാണെന്നും ലോകകപ്പ് നേടിയ ക്യാപ്റ്റന്‍ പ്രണബ് മുഖര്‍ജിയാണെന്നും എന്‍പികെ സാല്‍വെയാണ് ആദ്യ ടെസ്റ്റ് ക്രിക്കറ്ററെന്നും ഇന്ത്യയിലെ വലിയ ക്രിക്കറ്റ് താരങ്ങളായ ജഗ്മോഹന്‍ ഡാല്‍മിയക്കും ശശാങ്ക് മനോഹറിനും എന്‍ ശ്രീനിവാസനുമെല്ലാം അങ്ങനെയെങ്കില്‍ കൈയടിക്കണമെന്നും ആരാധകര്‍ മറുപടി നല്‍കുന്നു.

കഴിഞ്ഞ ദിവസമാണ് ബിസിസിഐ സെക്രട്ടറിയായ ജയ് ഷാ എതിരില്ലാതെ ഐസിസി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. ഡിസംബറിലാണ് ജയ് ഷാ ഐസിസിയുടെ പുതിയ ചെയര്‍മാനായി ചുമതലയേല്‍ക്കുക. നിലവില്‍ ബിസിസിഐ സെക്രട്ടറിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ കൂടിയായ ജയ് ഷാ.