പാട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പ്രശാന്ത് കിഷോര്‍ നേതൃത്വം നല്‍കുന്ന ജന സൂരജ് അഭിയാന്‍, ഒക്ടോബര്‍ രണ്ടിന് ഔപചാരിക രാഷ്ട്രീയ പാര്‍ട്ടിയായി രൂപാന്തരം പ്രാപിക്കും. ഈ പരിവര്‍ത്തനത്തിന് അടിത്തറ പാകുന്നതിന് എട്ട് സംസ്ഥാനതല യോഗങ്ങളുടെ ഒരു പരമ്പര ജന സൂരജ് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. 2025 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ജന്‍ സൂരജ് ലക്ഷ്യമിടുന്നത്.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ എട്ട് സംസ്ഥാനതല യോഗങ്ങള്‍ നടക്കും. ബിഹാറിലുടനീളം പ്രചാരണവുമായി ബന്ധപ്പെട്ട് ഒന്നര ലക്ഷത്തിലധികം പേരെ നിയമിക്കുമെന്നാണ് വിവരം. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ 243 സീറ്റുകളിലും മത്സരിക്കുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പ്രശാന്ത് കിഷോര്‍ അവകാശപ്പെട്ടിരുന്നു.

പുതിയ പാര്‍ട്ടി രൂപീകരണ പ്രക്രിയക്ക് അന്തിമരൂപം നല്‍കുക, നേതൃത്വ ഘടന സ്ഥാപിക്കുക, ഭരണഘടനയുടെ കരട് തയ്യാറാക്കുക, പാര്‍ട്ടിയുടെ മുന്‍ഗണനകള്‍ നിശ്ചയിക്കുക എന്നിവയാകും യോഗങ്ങളുടെ പ്രാഥമിക അജണ്ട. ഇതിനായി ജില്ലാ ബ്ലോക്ക് തല ഭാരവാഹികളുടെ യോഗം ഇന്ന് പട്‌നയില്‍ ചേര്‍ന്നു.

ബിഹാറില്‍ പരിവര്‍ത്തനാത്മകമായ മാറ്റം കൊണ്ടുവരിക എന്ന കാഴ്ചപ്പാടോടെയാണ് ജന്‍ സൂരജ് കാമ്പയിന്‍ ആരംഭിച്ചത്. 2022 ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച കാമ്പയിനിന്റെ ഭാഗമായ എല്ലാ ജനങ്ങളുടെയും ഏകകണ്ഠമായ ആഗ്രഹത്തിന് അനുസൃതമായാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനമെന്ന് നേരത്തെ കിഷോര്‍ വ്യക്തമാക്കിയിരുന്നു.

2025 ല്‍ ആണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറും ജെഡിയുവും വന്‍തോതിലുള്ള ഭരണവിരുദ്ധതയെ അഭിമുഖീകരിക്കുന്നുണ്ട് എന്നതാണ് പൊതുവായ വിലയിരുത്തല്‍. മാത്രമല്ല ആര്‍ജെഡി നേതാവ് തേജസ്വി യാദവിന് പരമ്പരാഗത മുസ്ലീം-യാദവ് വോട്ട് ബാങ്കിന് അപ്പുറത്തേക്ക് പോകാന്‍ കഴിയുന്നുമില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് തങ്ങള്‍ക്ക് ഇടം കണ്ടെത്താനാകും എന്നാണ് പ്രശാന്ത് കിഷോറും കൂട്ടരും കണക്കാക്കുന്നത്.

ഈ മാസം ആദ്യം ജാന്‍ സൂരജ് കാമ്പെയ്‌നുമായി സഹകരിക്കുന്നതിനെതിരെ തങ്ങളുടെ അണികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ആര്‍ജെഡി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ ബീഹാറിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന ആര്‍ജെഡി, ജാന്‍ സൂരജ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാകുമെന്ന പ്രഖ്യാപനത്തില്‍ പരിഭ്രാന്തരായിരിക്കുകയാണ് എന്ന് പരിഹസിച്ച് കൊണ്ട് ജാന്‍ സൂരജ് രംഗത്തെത്തിയിരുന്നു.