തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ശശി തരൂർ മത്സരിക്കുമോയെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. ദേശീയനേതൃത്വത്തിന്റെകൂടി അംഗീകാരത്തോടെ പൊതുസമ്മതനായി രംഗത്തുവരാനാണ് തരൂരിന്റെ ആഗ്രഹം. തരൂർ മത്സരിച്ചില്ലെങ്കിൽ മനീഷ് തീവാരി രംഗത്തു വരുമെന്നും സൂചനയുണ്ട്. ഏതായാലും അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരത്തിനുള്ള സാധ്യതയാണ് തെളിയുന്നത്. ജി-23 നേതാക്കൾ മുന്നോട്ടുവെക്കുന്ന ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുമ്പോഴും സോണിയാഗാന്ധിയുമായി അടുപ്പവും വിശ്വാസവും സൂക്ഷിക്കുന്നയാളാണ് തരൂർ. സോണിയയോടുള്ള താൽപ്പര്യമാണ് തരൂരിനെ പലതരത്തിൽ ചിന്തിപ്പിക്കുന്നത്. എന്നാൽ തരൂരിനോട് മത്സരിക്കണമെന്നാണ് സോണിയ ആവശ്യപ്പെട്ടത്.

അതിനിടെ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് 22 വർഷത്തിനുശേഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗികസ്ഥാനാർത്ഥിയുണ്ടാവില്ലെന്ന് ഉറപ്പായി. തിരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാമെന്നും നെഹ്രുകുടുംബം നിഷ്പക്ഷനിലപാട് സ്വീകരിക്കുമെന്നും മത്സരിക്കുമെന്നറിയിച്ച ശശി തരൂരിനോട് അധ്യക്ഷ സോണിയാഗാന്ധി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൊവ്വാഴ്ചയും നേതാക്കൾ ആവർത്തിച്ചു. ഇതിനിടെ, രാഹുലിനുപകരം നെഹ്രുകുടുംബം രംഗത്തിറക്കാനുദ്ദേശിക്കുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹലോട്ട് ചൊവ്വാഴ്ചരാത്രി എംഎ‍ൽഎ.മാരുടെ അടിയന്തരയോഗം വിളിച്ചു. മത്സരിക്കുന്നെങ്കിൽ രാജസ്ഥാനിൽ എന്തുനിലപാട് സ്വീകരിക്കണമെന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്യാനായിരുന്നു ഇത്. രാഹുൽ മത്സരിക്കാൻ സമ്മർദ്ദം ചെലുത്തുമെന്ന് ഗഹലോട്ട് വ്യക്തമാക്കിയിട്ടുണ്ട്. സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന ഭയം ഗഹലോട്ടിനുണ്ട്. അതുകൊണ്ടാണ് ഗെഹലോട്ട് തീരുമാനം എടുക്കാത്തത്.

ഗഹലോട്ട് മത്സരിച്ചാൽ രാജസ്ഥാനിൽ അടിമൂക്കും എന്നതാണ് വസ്തുത. കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകൾ സജീവമാണ്. രാജസ്ഥാൻ മുഖ്യമന്ത്രിയാകാൻ തക്കംപാർത്ത് സച്ചിൻ പൈലറ്റ് കരുനീക്കം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയിൽ നേതാക്കൾ സമ്മർദ്ദം തുടരുന്നത്. അല്ലെങ്കിൽ ഒരു സംസ്ഥാനം കൂടി കൈവിട്ട് പോകുമെന്ന ഭയം കോൺഗ്രസിനുണ്ട്. അടുത്ത വർഷം രാജസ്ഥാനിൽ തെരഞ്ഞെടുപ്പാണ്. ഇവിടെ ഗലോട്ടിന്റെ നേതൃത്വം അനിവാര്യതയാണെന്നാണ് വിലയിരുത്തൽ. മറുപക്ഷത്ത്. തരൂർ ആഗ്രഹിക്കുന്നത് സോണിയയുടെ പിന്തുണയിൽ മത്സരിക്കാനും. അധ്യക്ഷനാകണമെന്ന സമ്മർദ്ദം രാഹുലിന്റെ മനസ്സ് മാറ്റുമെന്ന് കരുതുന്നവരുമുണ്ട്. അങ്ങനെ കോൺഗ്രസിൽ എങ്ങും കൂടിയാലോചനകൾ പുരോഗമിക്കുകയാണ്.

അതിനിടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സംസ്ഥാനഘടകം നെഹ്രു കുടുംബത്തോടൊപ്പമാണെന്ന് കേരളത്തിലെ ഏതാണ്ടെല്ലാ നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. രമേശ് ചെന്നിത്തലയും കെ. മുരളീധരനും കൊടിക്കുന്നിൽ സുരേഷുമൊക്കെ ദേശീയനേതൃത്വത്തോടുള്ള കൂറ് ചൊവാഴ്ച ആവർത്തിച്ചു. രാഹുൽഗാന്ധി മത്സരരംഗത്ത് വരണമെന്നാണ് അവരുടെയെല്ലാം ആവശ്യം. ഭാരത് ജോഡോ യാത്രയ്ക്കിടെ നേതാക്കളുമായി നടത്തിയ ആശയവിനിമയത്തിൽ താൻ മത്സരിക്കില്ലെന്ന് രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹിയിൽ സോണിയാഗാന്ധിയും ഇക്കാര്യത്തിന് അടിവരയിട്ടു. ഗഹലോട്ടാണ് സ്ഥാനാർത്ഥിയെങ്കിൽ തരൂർ മത്സരത്തിനിറങ്ങിയേക്കും. രാഹുൽഗാന്ധിയുണ്ടെങ്കിൽ മത്സരിക്കില്ലെന്ന് തരൂർ വ്യക്തമാക്കിയത് സാഹചര്യം മറിച്ചാണെങ്കിൽ ഒരു കൈനോക്കാമെന്ന അർഥത്തിലാണ്.

ദേശീയനേതൃത്വത്തിന്റെകൂടി താത്പര്യത്തോടെയാണ് തരൂർ മത്സരിക്കാനിറങ്ങുന്നതെങ്കിൽ കേരളഘടകം പൂർണപിന്തുണ നൽകും. എന്നാൽ ദേശീയനേതൃത്വം നിർത്തുന്ന സ്ഥാനാർത്ഥിക്കെതിരേയാണ് മത്സരമെങ്കിൽ വ്യക്തിഗതപിന്തുണയ്ക്കപ്പുറം കേരളഘടകത്തിന്റെതായ പിന്തുണ അദ്ദേഹത്തിന് ലഭിക്കാനിടയില്ല. ഇതിനിടെയാണ് ആർക്കും പിന്തുണയുണ്ടാകില്ലെന്ന് സോണിയ അറിയിച്ചത്. ചില സംസ്ഥാനഘടകങ്ങൾ രാഹുൽഗാന്ധി മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയെങ്കിലും കേരളത്തിൽ അതുണ്ടാകില്ലെന്നാണ് അറിയുന്നത്. രാഹുൽഗാന്ധി മത്സരിക്കണമെന്ന താത്പര്യം കേരളനേതൃത്വം നേരിട്ടുതന്നെ ആവശ്യപ്പെട്ടതിനാൽ ഇനിയും പ്രമേയം പാസാക്കേണ്ടെന്ന നിലപാടിലാണ് നേതൃത്വം.

മത്സരിക്കാൻ ആർക്കും ആരുടെയും സമ്മതമാവശ്യമില്ലെന്നും ജനാധിപത്യപരവും സുതാര്യവുമായ തിരഞ്ഞെടുപ്പാണിതെന്നും ഭാരത് ജോഡോ യാത്രയ്ക്കിടെ ഡൽഹിയിലെത്തിയ ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. സോണിയാ ഗാന്ധിയുമായി ഒരുമണിക്കൂർ കൂടിക്കാഴ്ച വേണുഗോപാൽ നടത്തിയിരുന്നു. മത്സരിക്കാനായി രാഹുൽഗാന്ധിയിൽ സമ്മർദം തുടരുകയാണെന്ന സൂചനയും വേണുഗോപാൽ നൽകി. കോൺഗ്രസ് മുഖ്യവക്താവ് ജയറാം രമേഷും ആർക്കും മത്സരിക്കാമെന്ന് ട്വീറ്റുചെയ്തു.

മുഖ്യമന്ത്രിസ്ഥാനത്ത് തന്നെ തുടരാൻ അനുവദിക്കണമെന്നതടക്കമുള്ള ഉപാധികൾ അശോക് ഗഹലോട്ട് മുന്നോട്ടുവെച്ചതായറിയുന്നു. ഇതോടെയാണ് വേണുഗോപാലിനെ അടിയന്തരമായി സോണിയ വിളിച്ചുവരുത്തിയത്. രാഹുലും യാത്രയ്ക്ക് ഒരുദിവസത്തെ അവധിനൽകി വ്യാഴാഴ്ച വൈകീട്ടോടെ ഡൽഹിയിലെത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അതുണ്ടാവില്ലെന്നുറപ്പായി. രാജസ്ഥാനിൽ നിയമസഭാതിരഞ്ഞെടുപ്പിനുമുമ്പ് ഒരു വർഷത്തേക്കെങ്കിലും തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് പൈലറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈസാഹചര്യത്തിൽ ഗഹലോട്ട് മുഖ്യമന്ത്രിപദവും അധ്യക്ഷസ്ഥാനവും ഒരുമിച്ചുവഹിച്ചാൽ അത് സംസ്ഥാനത്ത് കോൺഗ്രസിന്റെ തകർച്ചയിലേക്കാവും നയിക്കുക എന്ന വിലയിരുത്തൽ സജീവമാണ്.