- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുള്ളറ്റ് കൊണ്ടുള്ള മുറിവുകള്‍ക്ക് ബാന്‍ഡ് എയ്ഡ് കൊണ്ടുള്ള പരിഹാരം; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി; സര്‍ക്കാര്‍ ആശയ പാപ്പരത്തമാണ് നേരിടുന്നതെന്നും പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം
ബുള്ളറ്റ് കൊണ്ടുള്ള മുറിവുകള്‍ക്ക് ബാന്‍ഡ് എയ്ഡ് കൊണ്ടുള്ള പരിഹാരം
ന്യൂഡല്‍ഹി: കേന്ദ്രധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബുള്ളറ്റ് കൊണ്ടുള്ള മുറിവുകള്‍ക്ക് ബാന്‍ഡ് എയ്ഡ് കൊണ്ടുള്ള നഷ്ടപരിഹാരമാണ് ബജറ്റ് എന്നായിരുന്നു രാഹുല്‍ ഗാന്ധി പരിഹസിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് പോസ്റ്റിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
''ബുള്ളറ്റ് കൊണ്ടുള്ള മുറിവുകള്‍ക്ക് ബാന്‍ഡ് എയ്ഡ് കൊണ്ടുള്ള പരിഹാരം. ആഗോള അനിശ്ചിതത്വത്തിനിടയില്‍, നമ്മുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു മാതൃകാപരമായ മാറ്റം ആവശ്യമാണ്. എന്നാല്‍ ഈ സര്‍ക്കാര്‍ ആശയ പാപ്പരത്തമാണ് നേരിടുന്നത്.'' രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ചു. പ്രധാന സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള മോദി സര്‍ക്കാറിന്റെ ശ്രമമാണിതെന്ന് വിശേഷിപ്പിച്ചു. കഴിഞ്ഞ ദശകത്തില്‍ 54.18 ലക്ഷം കോടി ആദായനികുതി പിരിച്ചെടുത്ത സര്‍ക്കാര്‍ ഇടത്തരക്കാര്‍ക്ക് ചെറിയ നികുതി ഇളവ് വാഗ്ദാനം ചെയ്തതായും ഖാര്‍ഗെ ആരോപിച്ചു.
12 ലക്ഷം രൂപ വരെയുള്ള ഇളവ് പ്രതിവര്‍ഷം 80,000 രൂപ ലാഭിക്കുമെന്ന് ധനമന്ത്രി തന്നെ അവകാശപ്പെടുന്നു. അതായത് പ്രതിമാസം വെറും 6,666 രൂപ. അതേസമയം, രാജ്യം മുഴുവന്‍ പണപ്പെരുപ്പവും തൊഴിലില്ലായ്മയും കൊണ്ട് പൊറുതിമുട്ടുകയാണ്. എന്നാല്‍ മോദി സര്‍ക്കാര്‍ തെറ്റായ പ്രശംസ തേടുന്ന തിരക്കിലും-ഖാര്‍ഗെ പറഞ്ഞു.
യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങള്‍ എന്നിവര്‍ക്കായി ബജറ്റില്‍ ഒന്നുമില്ല. സ്ത്രീ ശാക്തീകരണത്തിന് വലിയൊരു ചുവടുവെപ്പ് മോദി വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ ഒന്നും നടന്നില്ല. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള മാര്‍ഗരേഖയില്ല. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ജി.എസ്.ടിയില്‍ ഇളവില്ല, ആരോഗ്യം, വിദ്യാഭ്യാസം, ദലിത്, ആദിവാസി, പിന്നാക്കക്കാര്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയ്ക്ക് പദ്ധതികളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.