ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം ഒറ്റക്കെട്ടാണെന്ന് തെളിയിക്കാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സമ്മേളനം ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ആക്രമണം എല്ലാ ഇന്ത്യക്കാരെയും പ്രകോപിപ്പിച്ചിട്ടുണ്ടെന്നും ഏകീകൃത പ്രതികരണത്തിന്റെ ആവശ്യകതയുണ്ടെന്നും രാഹുല്‍ കത്തില്‍ ആവശ്യപ്പെട്ടു.

'പഹല്‍ഗാമിലെ ഭീകരാക്രമണം ഓരോ ഇന്ത്യക്കാരനെയും പ്രകോപിപ്പിച്ചിരിക്കുന്നു. ഈ നിര്‍ണായക സമയത്ത് ഭീകരതയ്ക്കെതിരെ നമ്മള്‍ ഒരുമിച്ച് നില്‍ക്കുമെന്ന് ഇന്ത്യ കാണിക്കണം. ജനപ്രതിനിധികള്‍ക്ക് അവരുടെ ഐക്യവും ദൃഢനിശ്ചയവും പ്രകടിപ്പിക്കാന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടണമെന്ന് പ്രതിപക്ഷം വിശ്വസിക്കുന്നു. അത്തരമൊരു സമ്മേളനം എത്രയും വേഗം വിളിച്ചുകൂട്ടണമെന്ന് അഭ്യര്‍ഥിക്കുന്നു.' കത്തില്‍ ആവശ്യപ്പെട്ടു.

പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ആക്രമണത്തില്‍ സംയുക്ത നിലപാട് പ്രകടിപ്പിക്കുന്നതിനുള്ള വേദിയായിരിക്കും നിര്‍ദിഷ്ട സമ്മേളനം എന്ന് ഖാര്‍ഗെ കത്തില്‍ ചൂണ്ടിക്കാട്ടി.

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് തിങ്കളാഴ്ച ജമ്മു കശ്മീര്‍ നിയമസഭ പ്രത്യേക സമ്മേളനം നടത്തി. ആക്രമണത്തെ ശക്തമായി എതിര്‍ക്കുന്നതിനും ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനുമുള്ള പ്രമേയം സമ്മേളനത്തില്‍ പാസാക്കി. ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരി സമ്മേളനത്തിന്റെ തുടക്കത്തില്‍ പ്രമേയം അവതരിപ്പിച്ചു. സുരക്ഷാകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി യോഗത്തിനുശേഷം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നയതന്ത്ര നടപടികള്‍ക്ക് സഭ ഒറ്റക്കെട്ടായി പിന്തുണ പ്രഖ്യാപിച്ചു.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ യുഎന്നില്‍ രംഗത്തെത്തി. പാകിസ്താന്‍ തെമ്മാടി രാജ്യമാണെന്ന് ഐക്യരാഷ്ട്രസഭയിലാണ് വിമര്‍ശനം ഉന്നയിച്ചത്. ഭീകരതയ്ക്ക് ഇരയായവരുടെ പുനരധിവാസമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായുള്ള യുഎന്നിന്റെ വിക്റ്റിംസ് ഓഫ് ടെററിസം നെറ്റ്വര്‍ക്കിന്റെ രൂപീകരണ യോഗത്തിലാണ് ഇന്ത്യ വിമര്‍ശനമുന്നയിച്ചത്.

പാകിസ്താന്‍ ഭീകരവാദത്തിന് വെള്ളവും വളവുമിടുന്ന രാജ്യമാണ്. ഭീകരവാദവുമായി ബന്ധപ്പെട്ട് ലോകത്ത് അസ്ഥിരതയുണ്ടാക്കാന്‍ അവര്‍ എന്തൊക്കെയാണ് ചെയ്തതുകൊണ്ടിരുന്നത് എന്ന് പാകിസ്താന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ വാക്കുകളിലൂടെ കഴിഞ്ഞ ദിവസം പ്രകടമായതാണ് എന്നാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ യോജ്ന പട്ടേല്‍ വിമര്‍ശിച്ചത്. ഇതിനെ ഒരു തുറന്ന കുറ്റസമ്മതം എന്നാണ് യോജ്ന പട്ടേല്‍ വിമര്‍ശിച്ചത്.

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയെ പിന്തുച്ച ഐക്യരാഷ്ട്രസഭയ്ക്കും അന്താരാഷ്ട്ര സമൂഹത്തിനും പട്ടേല്‍ നന്ദി അറിയിച്ചു. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള നേതാക്കളും സര്‍ക്കാരുകളും നല്‍കിയ ശക്തമായ പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും ഇന്ത്യയുടെ നന്ദി. അന്താരാഷ്ട്ര സമൂഹം ഭീകരതയോട് കാണിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ തെളിവാണ് ഈ പിന്തുണ- അവര്‍ വ്യക്തമാക്കി.

പതിറ്റാണ്ടുകളായി അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തിന്റെ ഇര എന്ന നിലയില്‍ ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഇരകള്‍, കുടുംബം, സമൂഹം എന്നിവയിലുണ്ടാകുന്ന ദീര്‍ഘകാര പ്രത്യാഘാതങ്ങള്‍ ഇന്ത്യ മനസിലാക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെയും, സംഘാടകരെയും, ധനസഹായം നല്‍കുന്നവരെയും, സ്പോണ്‍സര്‍മാരെയും കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ വ്യക്തമാക്കി. ഭീകരപ്രവര്‍ത്തനങ്ങളുടെ ഉദ്ദേശ്യം എന്തുതന്നെയായാലും എവിടെയായാലും എപ്പോഴായാലും ന്യായീകരിക്കാനാവാത്തതാണ്. എല്ലാ രൂപത്തിലുമുള്ള ഭീകരവാദത്തെയും നിസംശയം അപലപിക്കേണ്ടതാണ് അവര്‍ വ്യക്തമാക്കി.