ഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നു. പാര്‍ട്ടിയുടെ താരപ്രചാരകരിലെ പ്രധാനിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് അസുഖബാധിതനായത് കൊണ്ടാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാഹുല്‍ ഗാന്ധി ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നതിനാല്‍ പ്രിയങ്ക ഗാന്ധിയെ ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ചുമതല ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി സംസ്ഥാന നേതൃത്വം രംഗത്ത് വന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഡല്‍ഹിയില്‍ നടന്ന രണ്ട് റാലികളില്‍ പങ്കെടുക്കാന്‍ രാഹുലിന് കഴിഞ്ഞിരുന്നില്ല. ഈയൊരു സാഹചര്യത്തില്‍ പ്രചാരണത്തിന്റെ ചുമതല പ്രിയങ്കയെ ഏല്‍പ്പിക്കണമെന്നാണ് ആവശ്യം.

ഡല്‍ഹിയിലെ മുസ്തഫബാദില്‍ നിശ്ചയിച്ചിരുന്ന റാലിയില്‍ വ്യാഴാഴ്ച രാഹുലിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. വെള്ളിയാഴ്ച മാദിപൂരിലാണ് രാഹുല്‍ ഗാന്ധി റാലി നിശ്ചയിച്ചിരുന്നത്. ഡല്‍ഹിയിലെ റാലികള്‍ക്ക് പുറമേ ബല്‍ഗാവിയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലും രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നില്ല.

ഇതിന് പിന്നാലെ തെരഞ്ഞെടുപ്പിന്റെ ചുമതല പ്രിയങ്ക ഗാന്ധിയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ സമീപിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിലേക്ക് പ്രിയങ്ക ഗാന്ധിയെ അയക്കണം എന്നാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തോട് ഡല്‍ഹി കോണ്‍ഗ്രസ് ഘടകം ആവശ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യപരമായി രാഹുല്‍ ഗാന്ധിക്ക് എന്താണ് പ്രശ്നം എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനും സ്ഥാനാര്‍ത്ഥിയുമായ സന്ദീപ് ദീക്ഷിതിനൊപ്പം ജനുവരി 20ന് ന്യൂ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ അദ്ദേഹം പരിപാടിക്ക് എത്തിയില്ല. തൊട്ടടുത്ത ദിവസം കര്‍ണാടകത്തില്‍ 1924ലെ ബെലഗാവി കോണ്‍ഗ്രസ് സമ്മേളനത്തിന്റെ നൂറാം വാര്‍ഷികാഘോഷ പരിപാടിയിലും രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് രാഹുല്‍ ഗാന്ധി അസുഖ ബാധിതനാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

ബുധനാഴ്ച സാദര്‍ ബസാര്‍ മണ്ഡലത്തിലെ ഇന്‍ന്ദേര്‍ലോക് മെട്രോ സ്റ്റേഷന് സമീപത്ത് നിന്നും ആരംഭിച്ച തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് രാഹുല്‍ ഗാന്ധി സംസാരിക്കേണ്ടതായിരുന്നു. നമ്മളെല്ലാവരും രാഹുല്‍ ഗാന്ധി വരാന്‍ വേണ്ടി കാത്തിരിക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ മോശമായത് കാരണം അദ്ദേഹത്തിന് എത്താന്‍ സാധിച്ചേക്കില്ല. അദ്ദേഹം നിങ്ങള്‍ക്ക് വേണ്ടി ഒരു സന്ദേശം അയച്ചിട്ടുണ്ട്, എന്നാണ് റാലിയില്‍ കോണ്‍ഗ്രസ് ഡല്‍ഹി അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ് പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചത്.

തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ സന്ദേശം റാലിയില്‍ വായിച്ചു. ഇന്ന് സദറിലെ യോഗത്തില്‍ എത്താന്‍ എനിക്ക് സാധിച്ചില്ല. എന്നെ സ്നേഹിക്കുന്ന പതിനായിരക്കണക്കിന് ആളുകള്‍ റാലിക്ക് എത്തിയിട്ടുണ്ടെന്ന് അറിയാം. എല്ലാ വിധ ആശംസകളും നിങ്ങളെ അറിയിക്കുന്നു. ഈ സീറ്റില്‍ നിന്ന് മത്സരിക്കുന്ന, ഡല്‍ഹി രാഷ്ട്രീയത്തില്‍ സുപ്രധാന സ്ഥാനം വഹിക്കുന്ന അനില്‍ ഭരദ്വാജും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അദ്ദേഹത്തിന്റെ മറ്റ് സഹപ്രവര്‍ത്തകരും മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസം തനിക്കുണ്ട്.

അവരുടെ കഠിനാധ്വാനത്തെ ഓര്‍ത്ത് കൊണ്ട് എനിക്ക് നിങ്ങളോട് പറയാനുളളത് ഡല്‍ഹിയില്‍ വലിയ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന് വിജയമുറപ്പാക്കണം എന്നാണ്. ആരോഗ്യം മെച്ചപ്പെട്ടാലുടനെ തന്നെ സദറിലെത്തി നിങ്ങളെ എല്ലാവരെയും കാണുന്നതാണ്. എല്ലാവര്‍ക്കും നന്ദി, ജയ്ഹിന്ദ് , എന്നായിരുന്നു സന്ദേശം.

ഡല്‍ഹിയില്‍ ഫെബ്രുവരി അഞ്ചിനാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍. മുന്‍വര്‍ഷങ്ങളെ പോലെ ഡല്‍ഹിയില്‍ ഇക്കുറിയും ത്രികോണ മത്സരമാണ് നടക്കുന്നത്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എ.എ.പിയും ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടാണ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്. ഇന്ത്യ മുന്നണിയുടെ ഭാഗമാണെങ്കിലും കോണ്‍ഗ്രസും എ.എ.പിയും തമ്മില്‍ പരസ്പരം പോരടിക്കുകയാണ്.