ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍. ജമ്മു കശ്മീരിലെ നാലും പഞ്ചാബിലെ ഒരു സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പും ഫലം പ്രഖ്യാപനവും ഒക്ടോബര്‍ 24നാണ്.

അഞ്ച് ഒഴിവുകളിലേക്ക് ഒക്ടോബര്‍ ആറിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 13 ആണ്. സൂക്ഷ്മപരിശോധന ഒക്ടോബര്‍ 14ന്. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 16. ഒക്ടോബര്‍ 24ന് രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ വോട്ടെടുപ്പ് നടക്കും. അന്നേ ദിവസം വൈകിട്ട് അഞ്ചിന് വോട്ടെണ്ണല്‍ നടത്തി ഫലം പ്രഖ്യാപിക്കും.

ഗുലാം നബി ആസാദ്, മിര്‍ മുഹമ്മദ് ഫയാസ്, ഷംഷാര്‍ സിങ്, നസീര്‍ അഹമ്മദ് ലാവാ എന്നിവരുടെ കാലാവധി പൂര്‍ത്തിയാക്കിയതിന് പിന്നാലെ 2021 ഫെബ്രുവരി മുതലാണ് ജമ്മു കശ്മീരിലെ നാല് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ജൂലൈ ഒന്നിന് ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജീവ് അറോറ കാലാവധി പൂര്‍ത്തിയാകാതെ രാജിവെച്ചതിനെ തുടര്‍ന്നാണ് പഞ്ചാബിലെ രാജ്യസഭ സീറ്റില്‍ ഒഴിവുവന്നത്. 2028 ഏപ്രില്‍ ഒമ്പതിനാണ് അറോറയുടെ കാലാവധി അവസാനിക്കേണ്ടത്.

ജമ്മു കശ്മീരിലെ രാജ്യസഭ സീറ്റുകള്‍ നാല് ഒഴിവുകള്‍ വ്യത്യസ്തമായ മൂന്ന് കാലയളവിലുള്ളതാണ്. ഈ സാഹചര്യത്തില്‍ മൂന്നു തെരഞ്ഞെടുപ്പുകള്‍ നടത്തി ഒഴിവ് നികത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചിരുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് ഡല്‍ഹി ഹൈകോടതിയെ സമീപിച്ചു.

ആനുപാതിക പ്രാതിനിധ്യ നിയമ പ്രകാരമാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും അതിനാല്‍ മൂന്ന് ഒഴിവുകളും ഒറ്റ തെരഞ്ഞെടുപ്പിലൂടെ നികത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍, കോണ്‍ഗ്രസിന്റെ ഹരജി കോടതി തള്ളി.