- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാമക്ഷേത്ര ഉദ്ഘാടനം ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്താൽ വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി പോലും തിരിച്ചടി നേരിടേണ്ടി വന്നേക്കും; ക്ഷണം കിട്ടിയ നേതാക്കൾ പങ്കെടുത്തേക്കില്ല; പ്രതിനിധി സംഘത്തെ അയക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം; പരസ്യ പ്രതികരണം വിലക്കി ഹൈക്കമാൻഡ്
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തിൽ ലഭിക്ഷ ക്ഷണത്തെ ചൊല്ലി കോൺഗ്രസിൽ പ്രതിസന്ധി മുറുകുകയാണ്. മുസ്ലിംലീഗ് അടക്കം കോൺഗ്രസിന് മുന്നറിയിപ്പമായി രംഗത്തുവന്ന പശ്ചാത്തലത്തിൽ ക്ഷണം കിട്ടിയ മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ദേശീയ തലത്തിൽ വലിയ ഭിന്നത നിലനിൽക്കുന്നതിനാൽ പാർട്ടി ഔദ്യോഗികമായ തീരുമാനം കൈക്കൊണ്ടിട്ടില്ല.
രാമക്ഷേത്ര ഉദ്ഘാടനം മോദി ഷോയാകും എന്ന കാര്യം ഉറപ്പാണ്. ഈ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാക്കൾ പോകരുതെന്നാണ് ഇന്ത്യാ മുന്നണിയിലെ നേതാക്കളുടെ നിലപാട്. മുതിർന്ന നേതാക്കൾ പരിപാടിയിൽ പങ്കെടുത്താൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്ക് പോലും തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് കോൺഗ്രസ്. അതുകൊണ്ട് തന്നെ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ കോൺഗ്രസ് പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്.
ക്ഷണം കിട്ടിയ പ്രധാന നേതാക്കൾ പോകില്ലെന്നാണ് പുറത്തുവരുന്ന വിവരം. ചടങ്ങിലേക്ക് പ്രതിനിധികളെ അയക്കുന്ന കാര്യത്തിലും തീരുമാനമായില്ല. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ഘടകങ്ങളോട് പരസ്യ പ്രസ്താവന വേണ്ടെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം. അയോധ്യ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിക്കും വിയോജിപ്പുണ്ടെന്ന് നേരത്തെ പുറത്തുവന്നിരുന്നു.
സോണിയ ഗാന്ധിക്കും ഖർഗെയ്ക്കും പുറമെ അധിർ രഞ്ജൻ ചൗധരിക്കാണ് കോൺഗ്രസിൽ നിന്ന് ക്ഷണം കിട്ടിയത്. എന്നാൽ പങ്കെടുക്കുന്നതിൽ വിയോജിപ്പുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, ചടങ്ങിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് തീരുമാനമായില്ലെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി. കോൺഗ്രസ് പങ്കെടുക്കുന്നതിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ബിജെപിയുടെ ഒരു കെണിയിലും കോൺഗ്രസ് വീഴില്ലെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ ഇന്നലെ വ്യക്തമാക്കിയിരുന്നു.
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം. അയോധ്യയിലേത് മതപരമായ ചടങ്ങാണെന്നും അതിനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും കെസി പറഞ്ഞു. പങ്കെടുക്കണോ വേണ്ടയോ എന്നതിൽ കോൺഗ്രസിന് അഭിപ്രായമുണ്ട്. ഓരോ പാർട്ടികൾക്കും അവരുടേതായ അഭിപ്രായമുണ്ട്. കോൺഗ്രസിന് മേൽ ഒരു സമ്മർദ്ദവുമില്ല. കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവനയിലെ നിലപാട് അദ്ദേഹത്തോട് ചോദിക്കണമെന്നും കെ സി കൂട്ടിച്ചേർത്തു.
അതിനിടെ അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങ് വിവാദത്തിൽ പരസ്യ പ്രതികരണം വിലക്കി കോൺഗ്രസ് ഹൈക്കമാൻഡ് രംഗത്തുവന്നു. ബിജെപിയുടെ വലയിൽ വീഴരുതെന്നാണ് നേതാക്കൾക്ക് നൽകിയ നിർദ്ദേശം. നേതാക്കളുടെ പരസ്യ പ്രതികരണങ്ങളിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ട്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതിനെ ചൊല്ലി കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുകയാണ്. കോൺഗ്രസ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കരുത് എന്നാണ് യുപി പിസിസി യുടെ ആവശ്യം. ഇന്ത്യാ മുന്നണിയിലും ഇക്കാര്യത്തിൽ രണ്ടഭിപ്രായമായി.
ഗുജറാത്തിലെ സോമനാഥക്ഷേത്രം പുതുക്കിപണിഞ്ഞ ശേഷം നടന്ന സമർപ്പണ ചടങ്ങിൽ പങ്കെടുക്കരുത് എന്ന് വ്യക്തമാക്കി അന്നത്തെ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു രാഷ്ട്രപതി രാജേന്ദ്രപ്രസാദിന് കത്തെഴുതിയിരുന്നു. ഭരണവും മതവും കൂട്ടികുഴക്കരുത് എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ എതിർപ്പ്.
രാമക്ഷേത്ര നിർമ്മാണവും ഉദ്ഘാടനവും ബിജെപി രാഷ്ട്രീയപരിപാടിയായി മാറ്റിയ സ്ഥിതിക്ക്, ഈ പരിപാടിയിൽ നിന്നും വിട്ടുനിൽക്കണം എന്നാണ് കോൺഗ്രസിലെ വലിയൊരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ പോയില്ലെങ്കിൽ ഹിന്ദു വിരുദ്ധരായി ചിത്രീകരിക്കപ്പെടുമോ എന്ന ആശങ്ക, പ്രവർത്തക സമിതി അംഗങ്ങൾ പോലും പ്രകടിപ്പിക്കുന്നുണ്ട്. അയോദ്ധ്യയിലേക്ക് പോകില്ലെന്ന നിലപാട് ആദ്യം സ്വീകരിച്ചത്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആണ്
ഇന്ത്യാ മുന്നണിയിലും ഭിന്നത വ്യക്തമാണ്.ക്ഷണിക്കാത്തതിലാണ്, സമാജ് വാദി പാർട്ടി എംപി ഡിമ്പിൾ യാദവിന്റെയും ജെർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊറന്റെയും പരിഭവം.ക്ഷണം ലഭിച്ചാൽ പോകും. ഉദ്ഘാടന ചടങ്ങിന് ശേഷം പോകും എന്ന നിലപാടിലാണ്, ഉദ്ദവ് താക്കറേയുടെ ശിവസേന. മതനിരപേക്ഷത എന്ന ആശയം ഉയർത്തി പിടിച്ചാണ്,ചടങ്ങിൽ പങ്കെടുക്കില്ലെന്ന തീരുമാനത്തിലേക്ക് ലാലുപ്രസാദ് യാദവ്,മമത ബാനർജി,നിതീഷ് കുമാർ എന്നീ നേതാക്കൾ എത്തിയിരിക്കുന്നത്.
മറുനാടന് ഡെസ്ക്