- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഏപ്രില്‍ 22 മുതല്‍ ജൂണ്‍ 16 വരെ മോദിയും ട്രംപും സംസാരിച്ചിട്ടില്ല; ഇന്ത്യ-പാക്കിസ്ഥാന്‍ വിഷയത്തില്‍ എന്തു ചര്‍ച്ച നടന്നാലും അതു ഇരുരാജ്യങ്ങളും തമ്മിലേ ഉണ്ടാകൂ; പാക് വ്യോമ പ്രതിരോധ സംവിധാനങ്ങളെ നമ്മള്‍ ബലഹീനമാക്കി; വ്യോമതാവളങ്ങളെ പ്രവര്‍ത്തിക്കാന്‍ പറ്റാതാക്കി; നെഹ്‌റുവിന്റെ തെറ്റുകള്‍ മോദി ശരിയാക്കി'; എസ് ജയശങ്കര്‍ രാജ്യസഭയില്‍
'ഏപ്രില്‍ 22 മുതല്‍ ജൂണ്‍ 16 വരെ മോദിയും ട്രംപും സംസാരിച്ചിട്ടില്ല
ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന സമയത്ത് ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ രാജ്യസഭയെ അറിയിച്ചു. ഏപ്രില്‍ 22 മുതല്‍ ജൂണ്‍ 16 വരെ ഇരു നേതാക്കന്മാരും ഫോണില്‍ സംസാരിച്ചിട്ടില്ല. ഇന്ത്യ - പാക്കിസ്ഥാന്‍ വിഷയത്തില്‍ എന്തു ചര്‍ച്ച നടന്നാലും അതു ഇരുരാജ്യങ്ങളും തമ്മിലേ ഉണ്ടാകൂയെന്നും ഡിജിഎംഒ തലത്തില്‍ പാക്കിസ്ഥാന്‍ ഔദ്യോഗികമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെടണമന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന്‍ സിന്ദൂര്‍ വെടിനിര്‍ത്തലില്‍ ട്രംപ് അവകാശവാദം തുടരുമ്പോഴാണ് വിദേശകാര്യമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയത്.
''മേയ് 9ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് അടുത്ത കുറച്ചുമണിക്കൂറുകള്‍ക്കുള്ളില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കി. എന്തെങ്കിലും സംഭവിച്ചാല്‍ ശക്തമായ മറുപടി നല്‍കിയിരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമായിത്തന്നെ അറിയിച്ചു. അങ്ങനെതന്നെ സംഭവിച്ചു. പാക്ക് വ്യോമ പ്രതിരോധ സംവിധാനങ്ങളെ നമ്മള്‍ ബലഹീനമാക്കി. അവരുടെ വ്യോമതാവളങ്ങളെ പ്രവര്‍ത്തിക്കാന്‍ പറ്റാതാക്കി.
പോരാട്ടം അവസാനിപ്പിക്കാന്‍ പാക്കിസ്ഥാന്‍ തയാറാണെന്ന് അറിയിച്ച് ഫോണ്‍കോള്‍ വന്നു. ഇതേക്കുറിച്ച് സംസാരിച്ച എല്ലാവരോടും ഡിജിഎംഒ തലത്തില്‍ പാക്കിസ്ഥാന്‍ ആവശ്യപ്പെടട്ടേയെന്നാണ് അറിയിച്ചത്. ഇന്ത്യയോട് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ലോകത്തെ ഒരു നേതാവും ആവശ്യപ്പെട്ടിട്ടില്ല. വ്യാപാരവുമായി യാതൊരുതലത്തിലും ഇതിനു ബന്ധമില്ലെന്നും നമ്മുടെ പ്രധാനമന്ത്രി പ്രസിഡന്റ് ട്രംപുമായി ഒരു ഫോണ്‍ കോളും നടത്തിയിട്ടില്ല'' ജയശങ്കര്‍ പറഞ്ഞു.
ചരിത്രത്തെക്കുറിച്ച് കോണ്‍ഗ്രസിന് അസ്വസ്ഥതയുണ്ടെന്നും പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ സിന്ധു നദീജല കരാര്‍ റദ്ദാക്കിയ നടപടിയെക്കുറിച്ചു സംസാരിക്കവെ ജയശങ്കര്‍ പറഞ്ഞു. ഇത്രയും പ്രധാനപ്പെട്ട കരാറിനെ കോണ്‍ഗ്രസ് കൈകാര്യം ചെയ്തതില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ''രാജ്യത്തെ പ്രധാനപ്പെട്ട നദികള്‍ മറ്റൊരു രാജ്യത്തേക്ക് ഒഴുകുമ്പോള്‍ അതില്‍ ഒരു അവകാശവും വേണ്ടെന്നു വയ്ക്കുന്ന കരാറിനെക്കുറിച്ച് എനിക്ക് ആലോചിക്കാനാകില്ല. അതിന്റെ ചരിത്രത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ അവര്‍ അതില്‍ അസ്വസ്ഥരാകുന്നു. ചരിത്രം മറക്കാനാണ് അവര്‍ക്ക് താല്‍പര്യം.
1960 നവംബര്‍ 30ന് ജവഹര്‍ലാല്‍ നെഹ്‌റു പാര്‍ലമെന്റില്‍ പറഞ്ഞത് ഇങ്ങനെയാണ് പണമാണോ ജലമാണോ കൊടുക്കേണ്ടതെന്ന് ഈ സഭ പറയണം. ആളുകള്‍ അതിനെ എതിര്‍ത്തു. അപ്പോള്‍ നെഹ്‌റു പറഞ്ഞു പാക്കിസ്ഥാനിലെ പഞ്ചാബിന്റെ താല്‍പര്യപ്രകാരം ഈ കരാര്‍ നടപ്പിലാക്കാം. എന്നാല്‍ കശ്മീരിലെയോ പഞ്ചാബിലെയോ കര്‍ഷകരെക്കുറിച്ച് നെഹ്‌റു പറഞ്ഞില്ല. രാജസ്ഥാനിലെയോ ഗുജറാത്തിലെയോ കര്‍ഷകരെക്കുറിച്ചും മിണ്ടിയില്ല. സിന്ധുനദീജല കരാറിലും ആര്‍ട്ടിക്കിള്‍ 370ലും ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ തെറ്റുകള്‍ പ്രധാനമന്ത്രി മോദി ശരിയാക്കി'' അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണ് എസ് ജയശങ്കര്‍ രാജ്യസഭയില്‍ ചെയ്തത്. ഒരു രാജ്യത്തെയും ഒരു നേതാവും ഇന്ത്യയോട് ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ലോക്‌സഭയില്‍ അറിയിച്ചത്. ഇന്ത്യ-പാകിസ്താന്‍ യുദ്ധം അവസാനിപ്പിച്ചത് തന്റെ ഇടപെടലിനെ തുടര്‍ന്നാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളെ തള്ളിക്കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
അതേസമയം യുഎസ് വൈസ് പ്രസിഡന്റ് തന്നെ വിളിച്ച കാര്യവും പ്രധാനമന്ത്രി പറയുകയുണ്ടായി. ഒരു വലിയ ആക്രമണം പാകിസ്താന്‍ നടത്താന്‍ പോകുകയാണെന്ന് അദ്ദേഹം അറിയിച്ചെന്നും കനത്ത തിരിച്ചടി നല്‍കുമെന്ന് മറുപടി നല്‍കിയെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
മേയ് 9-ന് രാത്രിയില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് (ജെ.ഡി വാന്‍സ്) എന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചു. മൂന്ന് നാലു തവണ അദ്ദേഹം എന്നെ വിളിച്ചു. ഞാന്‍ സായുധ സേനയുമായുള്ള കൂടിക്കാഴ്ചകളുടെ തിരക്കിലായത് കാരണം കോളെടുക്കാന്‍ കഴിഞ്ഞില്ല. പിന്നീട് യുഎസ് വൈസ് പ്രസിഡന്റിനെ തിരികെ വിളിച്ചു. പാകിസ്താന്‍ വലിയ ഒരു ആക്രമണത്തിന് പോകുന്നുവെന്ന് അദ്ദേഹം എന്നെ അറിയിച്ചു. പാകിസ്താന്‍ ഇന്ത്യയെ ആക്രമിച്ചാല്‍ അതിനേക്കാള്‍ വലിയൊരു തിരിച്ചടി ഞങ്ങള്‍ നല്‍കുമെന്ന് ഞാന്‍ മറുപടി നല്‍കി. അതാണ് അവരുടെ പദ്ധതിയെങ്കില്‍ വലിയ വില അവര്‍ നല്‍കേണ്ടി വരും.' മോദി പറഞ്ഞു.
ഭീകരതയ്‌ക്കെതിരായ പ്രതിരോധ നടപടികളില്‍ ഇന്ത്യയെ ലോകത്തിലെ ഒരു രാജ്യവും തടഞ്ഞിട്ടില്ല. ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെ അനുകൂലിച്ച് സംസാരിച്ചത് 190-ല്‍ മൂന്ന് രാജ്യങ്ങള്‍ മാത്രമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.