മുംബൈ: മുംബൈ താരം സർഫറാസ് ഖാനെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ പരിഗണിക്കാത്തതിന് പിന്നാലെ കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് എക്സ് പോസ്റ്റിലൂടെ നടത്തിയ പരാമർശങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിൽ വാക് പോര്. സര്‍ഫറാസ് ഖാനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിന് കാരണം, അവന്‍റെ ഖാൻ എന്ന പേരാണോ എന്നും ഈ വിഷയത്തില്‍ പരിശീലകൻ ഗൗതം ഗംഭീറിന്റെ നിലപാട് എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ഷമ എക്‌സിൽ കുറിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് വക്താവ് നടത്തുന്നതെന്ന് ബിജെപി വക്താവ് സിആര്‍ കേശവന്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ വർഷത്തെ ഓസ്ട്രേലിയൻ പര്യടനത്തിനുശേഷം സർഫറാസ് ഖാനെ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഓസ്ട്രേലിയൻ പര്യടനത്തിൽ ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരം ലഭിച്ചില്ല. പിന്നീട് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലും അദ്ദേഹത്തെ പരിഗണിച്ചില്ല. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഇന്ത്യൻ എ ടീമിൽ പോലും ഇടം നൽകാതിരുന്ന സാഹചര്യത്തിലാണ് ഷമ മുഹമ്മദ് സർഫറാസിനെ തുടർച്ചയായി തഴയുന്നതിനെക്കുറിച്ച് എക്സിൽ പ്രതികരിച്ചത്.

ഷമ മുഹമ്മദ് മുമ്പ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ്റെ ശരീരത്തെക്കുറിച്ച് ബോഡി ഷെയ്മിംഗ് നടത്തിയ വ്യക്തിയാണെന്നും ബിജെപി വക്താവ് സി.ആർ. കേശവൻ ആരോപിച്ചു. സർഫറാസ് ഖാന് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നത് ശരിയാണെങ്കിലും, അതിന് കാരണം മതമാണെന്ന് കരുതുന്നില്ലെന്നും, ഇത്തരം കാര്യങ്ങൾ ഇന്ത്യൻ കായികരംഗത്ത് സംഭവിച്ചിട്ടില്ലെന്നും മുൻ ഇന്ത്യൻ താരം അതുൽ വാസൻ അഭിപ്രായപ്പെട്ടു.

അതേസമയം, സർഫറാസിനെ എ ടീമിൽ പോലും പരിഗണിക്കാത്തതിനെതിരെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) എംപി അസദുദ്ദീൻ ഉവൈസിയും രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. സർഫറാസ് ഖാൻ ഇതിലും കൂടുതൽ ഇനി എന്താണ് ഇന്ത്യൻ ടീമിൽ കളിക്കാൻ ചെയ്യേണ്ടതെന്ന് എഐഎംഐഎം വക്താവ് വാരിസ് പത്താനും ചോദ്യമുന്നയിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച സർഫറാസിനെ സെലക്ടർമാർ മനഃപൂർവം അവഗണിക്കുകയാണെന്ന് ആരോപണമുയരുന്നുണ്ട്.