ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്നും രക്തസാക്ഷി പരിവേഷത്തോടെ പുറത്തുപോകാനാണ് ശശി തരൂര്‍ കുറച്ചുകാലമായി ആഗ്രഹിക്കുന്നത്. അതിന് വേണ്ടി ലേഖനങ്ങളും വിമര്‍ശന പോസ്റ്റുകളുമെല്ലാം ഇട്ടെങ്കിലും അതിനെയില്ലാം പാടെ അവഗണിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്വീകരിച്ചത്. തരൂരിനെ പുറത്താക്കി എളുപ്പത്തില്‍ ബിജെപി വഴിയില്‍ പേകേണ്ട എന്നതാണ് നേതൃത്വത്തിന്റെ നിലപാട്. ഇതിനിടെ ദേശീയ തലത്തില്‍ മാധ്യമങ്ങള്‍ അടക്കം തരൂര്‍ പാര്‍ട്ടി വിടുന്നതിനെ കുറിച്ച് ചോദ്യങ്ങളുയര്‍ത്തി. എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് നോ പറയാതെയാണ് തരൂര്‍ പ്രതികരിക്കുന്നത്.

ഇത് എന്തിനാണ് തന്നോട് ചോദിക്കുന്നതെന്ന് അറിയില്ലെന്നായിരുന്നു തരൂരിന്റെ ആദ്യപ്രതികരണം. 'ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എം.പിയാണ്. എന്നോടിത് ചോദിക്കുന്നത് എന്തിനാണെന്നറിയില്ല. എം.പിയായി തെരഞ്ഞെടുക്കാന്‍ വളരെയേറെ കഷ്ടപ്പെട്ടിട്ടുണ്ട്. മറ്റെന്തെങ്കിലും തീരുമാനമെടുക്കണമെങ്കില്‍ വലിയ രീതിയിലുള്ള ആലോചനയും ഒപ്പം മറ്റ് പല കാര്യങ്ങളും പരിഗണിക്കേണ്ടതുമുണ്ട്,' എന്‍.ഡി.ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞു.

തിരുവനന്തപുരത്ത് നിന്നുള്ള എം.പി ആ വലിയ നീക്കം നടത്തുമോ എന്ന ചോദ്യത്തോടായിരുന്നു തരൂരിന്റെ പ്രതികരണം. താന്‍ എങ്ങോട്ടു വേണമെങ്കിലും നീങ്ങാമെന്ന് പറഞ്ഞു വെക്കുകയാണ് തരൂര്‍ എന്നാണ് സൂചനകള്‍. അടുത്തകാലത്തായി ബി.ജെ.പി സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അനുകൂലമായ നിലപാടെടുത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയെ ശശി തരൂര്‍ എം.പി പ്രതിരോധത്തിലാക്കിയിരുന്നു.

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് രാഷ്ട്രപതി ഭവനിലൊരുക്കിയ ഔദ്യോഗിക അത്താഴ വിരുന്നിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും തരൂരിന് മാത്രം ക്ഷണം ലഭിച്ചത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ലോക്സഭാ, രാജ്യസഭാ പ്രതിപക്ഷ നേതാക്കളുമായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവരെ പോലും ക്ഷണിക്കാത്ത ചടങ്ങിലേക്കായിരുന്നു തിരുവനന്തപുരം എം.പിക്ക് മാത്രം ക്ഷണം ലഭിച്ചത്.

പാര്‍ട്ടിയുടെ നിലപാടും എതിര്‍പ്പും മറികടന്ന് തരൂര്‍ അത്താഴവിരുന്നില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് വൃത്തങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തരൂര്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. എം.പിയെന്ന നിലയില്‍ തന്റെ ജനങ്ങള്‍ക്ക് വേണ്ടി ഏറ്റവും മികച്ചത് നല്‍കാനാണ് തന്റെ ശ്രമങ്ങള്‍. ഔദ്യോഗിക അത്താഴ വിരുന്നിനിടയില്‍ പോലും താന്‍ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുമായി തന്റെ മണ്ഡലത്തിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു. തന്റെ വോട്ടര്‍മാര്‍ക്ക് വേണ്ടിയുള്ള രാഷ്ട്രീയ ഉത്തരവാദിത്തമാണതെന്നും തരൂര്‍ വിശദീകരിച്ചു.

അതേസമയം, തരൂരിന് മാത്രം ക്ഷണം ലഭിക്കുകയും അദ്ദേഹം അത്താഴവിരുന്നില്‍ പങ്കെടുക്കുകയും ചെയ്തതിനെ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര വിമര്‍ശിച്ചിരുന്നു. ഇത്തരത്തില്‍ ക്ഷണിക്കുന്നവരെ മാത്രമല്ല, ക്ഷണം സ്വീകരിക്കുന്നവരെയുമാണ് ചോദ്യം ചെയ്യേണ്ടതെന്നായിരുന്നു പവന്‍ ഖേരയുടെ പ്രതികരണം.

'എല്ലാവര്‍ക്കും സ്വയം ബോധം വേണം. സ്വന്തം ആന്തരികമായ ശബ്ദം കേള്‍ക്കാന്‍ ശ്രമിക്കണം. മുതിര്‍ന്ന നേതാക്കള്‍ക്ക് പകരം ഞങ്ങളെയാണ് ക്ഷണിച്ചിരുന്നെങ്കില്‍ ആ ക്ഷണം ഞങ്ങളാരും ക്ഷണം സ്വീകരിക്കില്ലായിരുന്നു,' പവന്‍ ഖേര പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങില്‍ വേദിയിലിരിക്കാന്‍ സാധിച്ചതില്‍ അതീവ സന്തോഷമുണ്ടെന്ന് കഴിഞ്ഞ മാസം തരൂര്‍ പ്രതികരിച്ചിരുന്നു. ഇതും വലിയ വിവാദമാണ് വിളിച്ചുവരുത്തിയത്.

വികസനവാഗ്ദാനങ്ങള്‍ നല്‍കിയും ന്യൂനപക്ഷാനുകൂല നിലപാട് പറഞ്ഞും വിജയിച്ച ശശി തരൂര്‍ തുടര്‍ച്ചയായി മോദി സ്തുതി നടത്തിയിട്ടും തരൂരിനെതിരെ കോണ്‍ഗ്രസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം മോദിസ്തുതി വര്‍ധിപ്പിക്കുകയാണ് തരൂര്‍ ചെയ്തത്. പലഘട്ടങ്ങളിലും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്ന നിലപാടെടുത്തു. പഹല്‍ഗാം അക്രമവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ചാണ് മോദിയെ പ്രകീര്‍ത്തിച്ചത്. വിദേശരാജ്യങ്ങളില്‍ പഹല്‍ഗാം സംഭവം വിശദീകരിക്കാനായി പോയ സംഘത്തില്‍ മോദിയുടെ ക്ഷണപ്രകാരം ചേര്‍ന്നതും കോണ്‍ഗ്രസിന്റെ എതിര്‍പ്പ് വകവയ്ക്കാതെ

വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായശേഷം തനിക്ക് വിദേശകാര്യനയത്തില്‍ ബിജെപി-കോണ്‍ഗ്രസ് വേര്‍തിരിവില്ലെന്ന് പ്രഖ്യാപിച്ചതും കോണ്‍ഗ്രസ് നേതാക്കളുടെ മുഖത്ത് നോക്കിയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത തരൂര്‍ നിഷേധിച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ തനിക്ക് താല്‍പ്പര്യമുള്ള ചിലരുടെ പ്രചാരണത്തിനുമാത്രമേ എത്തുകയുള്ളൂവെന്നും തരൂര്‍ പ്രഖ്യാപിച്ചിരുന്നു. യുഡിഎഫ് എംപിയായ തരൂര്‍ കോണ്‍ഗ്രസ് നിലപാടില്‍ നില്‍ക്കണമെന്നു പറയാന്‍ തിരുവനന്തപുരം ഡിസിസിയും തയ്യാറല്ല. ഇപ്പോഴത്തെ നിലയില്‍ തരൂരിന്റെ അടുത്ത ചുവട് രാഷ്ട്രീയം എവിടെയാകുമെന്ന ചോദ്യമാണ് ഉയരുന്നത്. അത് കേരളത്തില്‍ ബിജെപി വഴിയിലോ അതോ ദേശീയ രാഷ്ട്രീയത്തിലോ എന്നതാണ് ഉയരുന്ന ചോദ്യം.