കോഴിക്കോട്: 'ഓപ്പറേഷന്‍ സിന്ദൂര്‍' വിഷയത്തില്‍ താന്‍ സ്വീകരിച്ച നിലപാടില്‍ മാറ്റമില്ലെന്നും അതില്‍ ഖേദമില്ലെന്നും വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. പാര്‍ലമെന്റില്‍ ഒരിക്കല്‍ പോലും പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ല. എന്നാല്‍ തത്വധിഷ്ഠിതമായ ഏക വിയോജിപ്പ് ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തിലായിരുന്നുവെന്നും തരൂര്‍ വ്യക്തമാക്കി. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ (കെ.എല്‍.എഫ്) സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി നേതൃത്വവുമായി തരൂര്‍ അകല്‍ച്ചയിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പത്രത്തില്‍ എഴുതിയ കോളത്തില്‍, ആക്രമണം ശിക്ഷിക്കപ്പെടാതെ പോകരുതെന്നും കൃത്യമായ മറുപടി നല്‍കണമെന്നും താന്‍ ആവശ്യപ്പെട്ടിരുന്നു. വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യ പാകിസ്ഥാനുമായി ദീര്‍ഘകാല യുദ്ധത്തില്‍ ഏര്‍പ്പെടരുത്. മറിച്ച് ഭീകര ക്യാമ്പുകളെ ലക്ഷ്യം വച്ചുള്ള പരിമിതമായ സൈനിക നീക്കമാണ് വേണ്ടതെന്നും താന്‍ നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ പിന്നീട് ചെയ്തതും ഇതുതന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

'ഇന്ത്യ മരിച്ചാല്‍ ആര് ജീവിക്കും? 'എന്ന ചോദ്യം ഉന്നയിച്ചത് ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് തരൂര്‍ പറഞ്ഞു. 'ഇന്ത്യ അപകടത്തിലാകുമ്പോള്‍, ഇന്ത്യയുടെ സുരക്ഷയും ലോകത്ത് സ്ഥാനവും പരിഗണിക്കപ്പെടുമ്പോള്‍ രാജ്യ താത്പര്യമാണ് ആദ്യം പരിഗണിക്കപ്പെടുന്നത്. ഇന്ത്യ വികസനത്തിലാണ് ശ്രദ്ധയൂന്നേണ്ടത്. പാകിസ്ഥാനുമായുള്ള സംഘര്‍ഷങ്ങളിലല്ല. തീവ്രവാദക്യാംപുകള്‍ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങളില്‍ ഇത്തരം പ്രതിരോധങ്ങള്‍ അവസാനിക്കണം എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ നടന്ന നിര്‍ണായക കോണ്‍ഗ്രസ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതിനെക്കുറിച്ചുള്ള വിവാദങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പാര്‍ട്ടി കാര്യങ്ങള്‍ പൊതുവേദിയില്‍ ചര്‍ച്ച ചെയ്യാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 'ഇതൊരു സാഹിത്യോത്സവമാണ്, രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ക്കുള്ള വേദിയല്ല. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പാര്‍ട്ടി നേതൃത്വവുമായി നേരിട്ട് സംസാരിക്കും. തെറ്റായ കാര്യങ്ങള്‍ തിരുത്തപ്പെടേണ്ടതുണ്ട്, അത് ഉചിതമായ വേദിയില്‍ ഉന്നയിക്കും,' തരൂര്‍ പറഞ്ഞു.

തന്നെക്കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചിലത് ശരിയാകാം, ചിലത് തെറ്റാകാം. എന്നാല്‍ തന്റെ അസാന്നിധ്യത്തെക്കുറിച്ച് പൊതുമധ്യത്തില്‍ വിശദീകരണം നല്‍കാനില്ലെന്നും നേതൃത്വത്തെ മുന്‍കൂട്ടി വിവരം അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പങ്കെടുത്ത യോഗത്തിലാണ് തരൂര്‍ പങ്കെടുക്കാതിരുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച മറ്റൊരു പരിപാടി ഉള്ളതിനാലാണ് വിട്ടുനിന്നതെന്നാണ് തരൂര്‍ വ്യക്തമാക്കുന്നത്.

അതേസമയം, തരൂരിനെ കോണ്‍ഗ്രസ് ലക്ഷ്യം വെക്കുകയാണെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തി. പാര്‍ട്ടി താത്പര്യത്തേക്കാള്‍ ദേശീയ താത്പര്യത്തിന് മുന്‍ഗണന നല്‍കുന്നതിനാലാണ് തരൂര്‍ വേട്ടയാടപ്പെടുന്നതെന്ന് ബി.ജെ.പി നേതാവ് സി.ആര്‍ കേശവന്‍ കുറ്റപ്പെടുത്തി. സംസ്ഥാന നേതാക്കള്‍ തന്നെ അവഗണിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതികള്‍ നിലനില്‍ക്കെയാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന പരിപാടിയില്‍ രാഹുല്‍ ഗാന്ധി തന്നെ വേണ്ടവിധം പരിഗണിച്ചില്ലെന്ന വിധത്തിലാണ് വാര്‍ത്തകള്‍ വന്നത്.